Cinemapranthan

രാമായണത്തിലെ മോശം vfx മനപ്പൂർവം publicity ക്കു വേണ്ടി ചെയ്തത്. വെളിപ്പെടുത്തലുമായി content creator

നിതീഷ് തിവാരിയുടെ ‘രാമായണം’ സിനിമയുടെ മോശം ടീസർ വിഷ്വലുകൾക്ക് പിന്നിൽ അണിയറപ്രവർത്തകരുടെ ഫ്രീ മാർക്കറ്റിംഗ് തന്ത്രമെന്ന് സെറ്റ് സന്ദർശിച്ച കോണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ.

നിതീഷ് തിവാരിയുടെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ഇതിഹാസ കാവ്യമായ ‘രാമായണ’ത്തിന്റെ ടീസർ വിഷ്വലുകളെക്കുറിച്ച് വൻ വെളിപ്പെടുത്തലുമായി പ്രമുഖ സിനിമാ കോണ്ടന്റ് ക്രിയേറ്റർ ധ്രുവ് പരീക്ഷിത് രംഗത്ത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ മനഃപൂർവം നിലവാരം കുറഞ്ഞ (Nerfed) ഒരു ടീസർ വേർഷനാണ് പുറത്തുവിട്ടതെന്നും, ഇൻറർനെറ്റിൽ ഇതുവഴി ഉണ്ടാകുന്ന ചർച്ചകളും വിമർശനങ്ങളും സിനിമയ്ക്ക് വലിയ രീതിയിൽ ‘സൗജന്യ മാർക്കറ്റിംഗ്’ നേടിത്തരുമെന്ന തന്ത്രത്തിന്റെ ഭാഗമാണിതെന്നുമാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. സിനിമയുടെ സെറ്റിൽ വെച്ച് നടന്ന ക്രിയേറ്റേഴ്സ് മീറ്റിൽ പങ്കെടുത്തതിന് ശേഷമാണ് അണിയറയിലെ വിഎഫ്എക്സ് (VFX) ആർട്ടിസ്റ്റുകളിൽ നിന്നും ലഭിച്ച വിവരമെന്ന രീതിയിൽ ധ്രുവ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ അപൂർണ്ണമാണോ എന്ന് ഇൻസ്റ്റാഗ്രാമിൽ ആരാധകർ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ധ്രുവ് ആദ്യം ഈ കമന്റ് പങ്കുവെച്ചത്. ചിത്രത്തിന്റെ യഥാർത്ഥ വിഷ്വലുകൾ ഹോളിവുഡ് ചിത്രം ‘അവതാർ’ ലെവലിലാണെന്നും, അണിയറപ്രവർത്തകർ അതിഗംഭീരമായ ഒരു ദൃശ്യവിരുന്നാണ് ഒരുക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഈ കമന്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ധ്രുവ് ഇത് ഡിലീറ്റ് ചെയ്യുകയും, വിഎഫ്എക്സ് വർക്കുകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് കാണിച്ച് പുതിയ വിശദീകരണ കമന്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എങ്കിലും ആദ്യത്തെ കമന്റിന്റെ സ്ക്രീൻഷോട്ടുകൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു.

നേരത്തെ റിലീസ് ചെയ്ത ‘രാമ ഗ്ലിംപ്സ്’ (Rama Glimpse) വീഡിയോയിലെ മോശം സിജിഐയും രാക്ഷസന്മാരുടെ രൂപകൽപ്പനയും വലിയ രീതിയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇരയായിരുന്നു. രൺബീർ കപൂർ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വൻ ഹൈപ്പിലുള്ള ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.

cp-webdesk

null