പ്രശസ്ത മ്യൂസിക് ലേബലായ സരിഗമ ഇന്ത്യ ലിമിറ്റഡുമായുള്ള പകർപ്പവകാശ തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. 134 ചിത്രങ്ങളിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട കേസിൽ തനിക്ക് ഏർപ്പെടുത്തിയ താത്കാലിക വിലക്ക് നീക്കണമെന്ന ഇളയരാജയുടെ ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. സരിഗമയ്ക്ക് അനുകൂലമായി നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന ഹർജി ജസ്റ്റിസ് തുഷാർ റാവു ഗെഡേലയുടെ ബെഞ്ച് നിരസിക്കുകയായിരുന്നു. കോടതിയുടെ ഈ പുതിയ ഉത്തരവോടെ സരിഗമയ്ക്ക് പകർപ്പവകാശമുള്ള സൃഷ്ടികൾ ഉപയോഗിക്കുന്നതിനോ, മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകുന്നതിനോ ഇളയരാജയ്ക്കുള്ള വിലക്ക് തുടരും.
ഇളയരാജയുടെ സംഗീതജീവിതത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളായ ‘അന്നക്കിളി’, ’16 വയതിനിലേ’, ‘കവിക്കുയിൽ’, ‘മുള്ളും മലരും’, ‘രാജ പാർവൈ’ ഉൾപ്പെടെയുള്ള 134 ചിത്രങ്ങളിലെ പാട്ടുകളുമായി ബന്ധപ്പെട്ടതാണ് ഈ നിയമപോരാട്ടം. പഴയ ‘ദ ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ’ ആയിരുന്ന സരിഗമ, 1976-നും 2001-നും ഇടയിൽ വിവിധ ചിത്രങ്ങളുടെ നിർമാതാക്കളുമായി ഒപ്പുവെച്ച കരാർ പ്രകാരം ഈ ഗാനങ്ങളുടെ പൂർണ്ണ പകർപ്പവകാശം തങ്ങളിൽ നിക്ഷിപ്തമാണെന്ന് കോടതിയെ ബോധിപ്പിച്ചു. തങ്ങൾക്ക് നിയമപരമായി പകർപ്പവകാശമുള്ള സൃഷ്ടികൾ ഇളയരാജ ദുരുപയോഗം ചെയ്യുകയും മറ്റുള്ളവർക്ക് ലൈസൻസ് നൽകുകയും ചെയ്തുവെന്ന് ആരോപിച്ചാണ് സരിഗമ കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആമസോൺ മ്യൂസിക്, ഐ ട്യൂൺസ്, ജിയോസാവൻ തുടങ്ങിയ പ്രമുഖ ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ സരിഗമയുടെ കൈവശമുള്ള ഗാനങ്ങൾ ഇളയരാജയുടെ ഉടമസ്ഥാവകാശത്തിൽ നിയമവിരുദ്ധമായി അപ്ലോഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾക്കുണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ച് സരിഗമ കോടതിയെ സമീപിച്ചതും അനുകൂലമായ ഇടക്കാല ഉത്തരവ് നേടിയതും. ഈ താൽക്കാലിക വിലക്ക് അടിയന്തരമായി റദ്ദാക്കണമെന്ന ഇളയരാജയുടെ ആവശ്യമാണ് ഇപ്പോൾ കോടതി തള്ളിക്കളഞ്ഞിരിക്കുന്നത്. സിനിമാ-സംഗീത ലോകം ഏറെ ഉറ്റുനോക്കുന്ന ഈ പകർപ്പവകാശ തർക്കത്തിൽ വരും ദിവസങ്ങളിലും ശക്തമായ നിയമപോരാട്ടങ്ങൾ തുടരുമെന്നാണ് സൂചന.






