മലയാള സിനിമയിലെ എക്കാലത്തെയും മാസ് കോമ്പോയാണ് മോഹൻലാൽ-ഷാജി കൈലാസ് കൂട്ടുകെട്ട്. ‘ആറാം തമ്പുരാൻ’, ‘നരസിംഹം’ തുടങ്ങിയ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും 2009-ൽ വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ‘റെഡ് ചില്ലീസ്’. എന്നാൽ റിലീസിന് ശേഷം പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഈ സിനിമയുടെ പരാജയത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ് ഇപ്പോൾ.

സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഒഎംആർ (OMR) എന്ന കേന്ദ്ര കഥാപാത്രം യഥാർത്ഥത്തിൽ ലാലിന്റെ ശബ്ദം മാത്രം ഉപയോഗിച്ച് ചെയ്യാനിരുന്ന ഒന്നായിരുന്നുവെന്ന് ഷാജി കൈലാസ് പറയുന്നു. രണ്ട് ദിവസത്തെ വോയ്സ് ഓവർ മാത്രമായിരുന്നു പ്ലാൻ. ഫോണിലൂടെ മാത്രം സംസാരിക്കുന്ന ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാൻ മോഹൻലാലിനെ സമീപിച്ചപ്പോൾ, നേരിട്ട് അഭിനയിക്കാമെന്ന് അദ്ദേഹം സ്വയം സമ്മതിക്കുകയായിരുന്നു.
പിന്നീട് ചൈനയിലെ ഒരു ഷൂട്ടിംഗ് മാറ്റിവെച്ചതോടെ മോഹൻലാലിന് കൂടുതൽ ദിവസങ്ങൾ ഒഴിവ് കിട്ടി. താൻ ഫ്രീയാണെന്ന് ലാൽ അറിയിച്ചതോടെ തിരക്കഥാകൃത്ത് എ.കെ. സാജനുമായി ആലോചിച്ച് ആ വേഷം വലുതാക്കാൻ തീരുമാനിക്കുകയായിരുന്നു. ശബ്ദം മാത്രം ചോദിച്ചുചെന്ന തങ്ങൾക്ക് മോഹൻലാൽ ഒൻപത് ദിവസത്തെ ഡേറ്റ് നൽകി.

സൂപ്പർതാരത്തിന്റെ ഡേറ്റ് കിട്ടിയതോടെ സിനിമയുടെ അടിസ്ഥാന കഥ തന്നെ മാറ്റിയെഴുതേണ്ടി വന്നു. ഒഎംആർ എന്ന കഥാപാത്രത്തിന് കൂടുതൽ സ്ക്രീൻ സ്പേസ് നൽകിയപ്പോൾ മറ്റു പല പ്രധാന ഭാഗങ്ങളും മുറിച്ചുമാറ്റേണ്ടി വന്നു. പെട്ടെന്ന് തട്ടിക്കൂട്ടി എഴുതിച്ചേർത്ത രംഗങ്ങളാണ് ഒടുവിൽ സിനിമയുടെ പരാജയത്തിന് കാരണമായതെന്നും ഷാജി കൈലാസ് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞു.






