Cinemapranthan

Known Yet Unknown | രതീഷ്: നായകത്വത്തിൽ നിന്ന് വില്ലൻ വേഷങ്ങളിലേക്ക് മാറിയ ആ അഭിനയ വിസ്മയം

മലയാള സിനിമയുടെ ചരിത്രത്തിൽ നായകനായി തിളങ്ങി നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളിലേക്ക് കൂടുമാറി അവിടെയും തന്റേതായ സാമ്രാജ്യം തീർത്ത അസാധ്യ പ്രതിഭയായിരുന്നു രതീഷ്. ജയൻ എന്ന ഇതിഹാസത്തിന്റെ അകാല വിയോഗത്തിന് ശേഷം ഐ.വി ശശി-ടി.ദാമോദരൻ കൂട്ടുകെട്ട് ജയനെ മനസ്സിൽ കണ്ട് പ്ലാൻ ചെയ്ത ‘തുഷാരം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് രതീഷ് എന്ന സൂപ്പർതാരം ഉദിച്ചുയരുന്നത്.

1977-ൽ ‘വേഴാമ്പൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കമെങ്കിലും കെ.ജി ജോർജിന്റെ ‘ഉൾക്കടൽ’ ആണ് രതീഷിനെ ശ്രദ്ധേയനാക്കിയത്. തുടർന്ന് 1981 മുതൽ 1988 വരെയുള്ള കാലഘട്ടം അദ്ദേഹത്തിന്റെ കരിയറിലെ സുവർണ്ണ വർഷങ്ങളായിരുന്നു. ‘ഒരു മുഖം പല മുഖം’, ‘മുഹൂർത്തം 11.30’, ‘ജോൺ ജാഫർ ജനാർദ്ദനൻ’, ‘ഈ നാട്’, ‘രാജാവിന്റെ മകൻ’, ‘വഴിയോരക്കാഴ്ചകൾ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം നിറഞ്ഞാടി.

സാധാരണ സിനിമകളിൽ വില്ലന്മാർ നായകന്മാരാകാറാണ് പതിവ്. എന്നാൽ സൂപ്പർസ്റ്റാർ പദവിയിൽ നിന്നും വില്ലൻ റോളുകളിലേക്ക് വലിഞ്ഞു കയറി അവിടെയും ചരിത്രം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. 1990-കളോടെ വില്ലൻ വേഷങ്ങളിൽ സജീവമായ രതീഷിന്റെ, സുരേഷ് ഗോപിയുടെ ‘കമ്മീഷണർ’ എന്ന ചിത്രത്തിലെ “മോഹൻ തോമസ്” എന്ന ഒരൊറ്റ വില്ലൻ വേഷം മതി മലയാള സിനിമയുള്ളിടത്തോളം കാലം ആ പ്രതിഭയെ അടയാളപ്പെടുത്താൻ.

അഭിനയം മാത്രമല്ല, സിനിമ നിർമ്മാണത്തിലും അദ്ദേഹം ഒരു കൈ നോക്കി. ‘അയ്യർ ദി ഗ്രെയ്റ്റ്’, ‘ചക്കിക്കൊത്ത ചങ്കരൻ’, ‘ബ്ലാക്ക് മെയ്ൽ’, ‘റിവെഞ്ച്’, ‘എന്റെ ശബ്ദം’ എന്നീ സിനിമകൾ നിർമ്മിച്ചത് രതീഷ് ആയിരുന്നു. മലയാളത്തിലും തമിഴിലുമായി ഏകദേശം 158 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചത്. നായകനായും വില്ലനായും ഒരേപോലെ വിസ്മയിപ്പിച്ച മലയാളത്തിന്റെ സ്വന്തം രതീഷിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

cp-webdesk

null