തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചു കൊണ്ട് ബോക്സ് ഓഫീസിൽ 340 കോടിയിലധികം രൂപ വാരിക്കൂട്ടി വൻ കുതിപ്പ് തുടരുകയാണ് സൂര്യ നായകനായ ‘കറുപ്പ്’. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡുകളിലേക്ക് ചിത്രം കുതിക്കുമ്പോൾ, ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം വമ്പൻ വിജയാഘോഷത്തിലാണ് താരം. വൻ വിജയത്തിന് പിന്നാലെ സംവിധായകനും നടനുമായ ആർ.ജെ ബാലാജിക്ക് പുത്തൻ ആഡംബര എസ്യുവി (SUV) സമ്മാനമായി നൽകിയിരിക്കുകയാണ് സൂര്യ. സമ്മാനം നൽകുക മാത്രമല്ല, ബാലാജിയെ പുതിയ കാറിന്റെ മുൻസീറ്റിലിരുത്തി സൂര്യ ചെന്നൈ നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു.

സൂര്യക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ആർ.ജെ ബാലാജി കുറിച്ച വാക്കുകൾ ആരാധകരുടെ നെഞ്ചുനിറയ്ക്കുന്നതാണ്. ആദ്യ ദിവസം മുതൽ തന്നെ വിശ്വസിച്ചതിനും തന്റെ സ്വപ്നത്തെ യാഥാർത്ഥ്യമാക്കാൻ പിന്തുണച്ചതിനും സൂര്യയോട് താരം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. ചിത്രത്തിന്റെ റിലീസിന് മുൻപ്, ഈ കഥ ആദ്യം വിജയ്ക്ക് വേണ്ടിയാണ് കരുതിയിരുന്നതെന്ന ബാലാജിയുടെ തുറന്നുപറച്ചിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് കാരണമായിരുന്നുവെങ്കിലും, ഈ വൻ വിജയത്തോടെ വിമർശകർക്കെല്ലാം ബോക്സ് ഓഫീസിലൂടെ കൃത്യമായ മറുപടി നൽകാൻ ചിത്രത്തിന് കഴിഞ്ഞു.

ആർ.ജെ ബാലാജിക്ക് മാത്രമല്ല, ‘കറുപ്പ്’ എന്ന സിനിമയെ ഇത്ര വലിയ വിഷ്വൽ എന്റർടൈനർ ആക്കി മാറ്റിയ മറ്റു സാങ്കേതിക പ്രവർത്തകർക്കും സൂര്യ നേരത്തെ തന്നെ വമ്പൻ സമ്മാനങ്ങൾ നൽകിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജി.കെ വിഷ്ണു, എഡിറ്റർ ആർ. കലൈവാണൻ, യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കർ എന്നിവർക്ക് മഹീന്ദ്രയുടെ പുത്തൻ BE6 ബാറ്റ്മാൻ എഡിഷൻ ഇലക്ട്രിക് വണ്ടികളാണ് സൂര്യ സമ്മാനിച്ചത്. മുൻ ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ബോക്സ് ഓഫീസിൽ സൂര്യയ്ക്ക് ശക്തമായൊരു തിരിച്ചുവരവാണ് ‘കറുപ്പ്’ നൽകിയിരിക്കുന്നത്.






