Cinemapranthan

ക്യാമറയുമായി ഗ്രാമങ്ങളിലേക്ക് ഇറങ്ങിനടന്ന ഇതിഹാസം; സംവിധായകൻ ഭാരതിരാജ ഓർമ്മയായി

തമിഴ് ഇതിഹാസ സംവിധായകൻ ഭാരതിരാജ ഓർമ്മയായി

ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിന് കൂടിയാണ് ഇവിടെ തിരശ്ശീല വീഴുന്നത്. തന്റേതായ സിനിമാഭാഷയിലൂടെയും “എൻ ഇനിയ തമിഴ് മക്കളെ” എന്ന ആത്മബന്ധം നിറഞ്ഞ ശബ്ദത്തിലൂടെയും ദശലക്ഷക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ (84) ചെന്നൈയിൽ അന്തരിച്ചു. 1977-ൽ ഭാരതിരാജ കടന്നുവരുന്നതിന് മുൻപ്, തമിഴ് സിനിമകൾ ഭൂരിഭാഗവും മദ്രാസിലെ ആഡംബര സ്റ്റുഡിയോ സെറ്റുകൾക്കുള്ളിലെ കൃത്രിമ പശ്ചാത്തലങ്ങളിലാണ് ചിത്രീകരിച്ചിരുന്നത്. എന്നാൽ, ക്യാമറയും തൂക്കിക്കൊണ്ട് തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹം സിനിമയെ സ്റ്റുഡിയോകളുടെ നാലുചുവരുകളിൽ നിന്ന് സാധാരണക്കാരുടെ മണ്ണിലേക്കും മനുഷ്യരിലേക്കും ഇറക്കിനടത്തി. ഗ്രാമീണതയെ വെറുമൊരു പശ്ചാത്തലമാക്കുകയല്ല, മറിച്ച് സിനിമയിലെ ഒരു പ്രധാന കഥാപാത്രമാക്കുകയാണ് അദ്ദേഹം ചെയ്തത്.

തന്റെ ആദ്യ ചിത്രമായ ’16 വയതിനിലേ’ എന്ന ക്ലാസിക്കിലൂടെ തമിഴ് സിനിമയുടെ ഗതി തന്നെ അദ്ദേഹം തിരുത്തിയെഴുതി. കമൽ ഹാസന്റെ ‘ചപ്പാനി’, രജനീകാന്തിന്റെ ‘പരട്ടൈ’, ശ്രീദേവിയുടെ ‘മയിൽ’ എന്നീ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച ഈ ചിത്രം, യഥാർത്ഥ ഗ്രാമീണ റിയലിസ്റ്റിക് സിനിമകൾക്കും വലിയ വാണിജ്യവിജയം നേടാനാകുമെന്ന് തെളിയിച്ചു. തൊട്ടുപിന്നാലെ സിഗപ്പു റോജക്കൽ എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെ തനിക്ക് ഏത് ജനറിലുള്ള സിനിമയും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ‘അലൈകൾ ഓയ്വതില്ലൈ’, ‘കരുത്തമ്മ’, ‘വേതം പുതിത്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രണയത്തിന്റെ തീവ്രതയും, പെൺഭ്രൂണഹത്യ, ജാതി രാഷ്ട്രീയം പോലെയുള്ള സാമൂഹിക തിന്മകളും അദ്ദേഹം ഭയമില്ലാതെ വെള്ളിത്തിരയിലെത്തിച്ചു. ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും രാജ്യം പദ്മശ്രീയും നൽകി അദ്ദേഹത്തിന്റെ ഈ സമാനതകളില്ലാത്ത സംഭാവനകളെ ആദരിച്ചിട്ടുണ്ട്.

പുതുമുഖങ്ങളെ കണ്ടെത്തുന്നതിലും അവരെ സൂപ്പർതാരങ്ങളാക്കി മാറ്റുന്നതിലും ഭാരതിരാജയ്ക്കുള്ള കഴിവ് അസാധാരണമായിരുന്നു. താൻ പരിചയപ്പെടുത്തുന്ന നായികമാർക്ക് ‘R’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടുന്ന ശൈലിയിലൂടെ രാധിക, രേവതി, രാധ, രഞ്ജിത, രേഖ എന്നിങ്ങനെ ഇന്ത്യൻ സിനിമ ഭരിച്ച എത്രയോ നായികമാരെയാണ് അദ്ദേഹം സമ്മാനിച്ചത്. കാർത്തിക്, പാണ്ഡ്യൻ, നെപ്പോളിയൻ തുടങ്ങിയ നടന്മാരുടെ കരിയറിനും അദ്ദേഹം അടിത്തറയിട്ടു. സംഗീതജ്ഞൻ ഇളയരാജയുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് തെന്നിന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഈണങ്ങളാണ് പ്രേക്ഷകർക്ക് നൽകിയത്. സംവിധാനത്തിന് പുറമെ, മണിരത്നത്തിന്റെ ‘ആയുത എഴുത്ത്’, ‘കുരങ്ങ് ബൊമ്മൈ’, ‘തിരുച്ചിറ്റമ്പലം’ തുടങ്ങിയ ചിത്രങ്ങളിലെ ലളിതവും ശക്തവുമായ പ്രകടനങ്ങളിലൂടെ മികച്ചൊരു നടൻ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഈ ചലച്ചിത്ര വിസ്മയത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് ഇന്ത്യൻ സിനിമയിൽ കാണുന്ന റിയലിസ്റ്റിക് സിനിമകൾക്ക് വഴിവെട്ടിയത് ഭാരതിരാജ എന്ന ഭഗീരഥനാണ്. ഓരോ പുതിയ തലമുറ സംവിധായകരും ലൈവ് ലൊക്കേഷനുകളിൽ ക്യാമറ വെക്കുമ്പോൾ അവർ നടന്നുപോകുന്നത് ഭാരതിരാജ എന്ന ഇതിഹാസം വെട്ടിത്തെളിച്ച പാതയിലൂടെയാണ്. Cinemapranthan ടീമും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളും ഈ ഇതിഹാസത്തിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇയക്കുനർ ഇമയത്തിന് വിട, താങ്കൾ പകർന്നുതന്ന ആ സിനിമാവെളിച്ചം വരുംതലമുറകൾക്കും വഴികാട്ടിയായി എന്നെന്നും നിലകൊള്ളും.

cp-webdesk

null