Cinemapranthan

‘ജയിലർ 2’ൽ ബോളിവുഡ് താരമില്ല. കഥയിൽ നിന്നും ഒഴിവാക്കി നെൽസൺ

ജയിലർ 2’ൽ ഹൃത്വിക് റോഷന്റെ അതിഥി വേഷം വേണ്ടെന്നുവെച്ചു; കഥയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി അണിയറപ്രവർത്തകർ.

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച ‘ജയിലർ’ എന്ന മെഗാ ഹിറ്റിന് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും സംവിധായകൻ നെൽസൺ ദിലീപ്കുമാറും വീണ്ടും ഒന്നിക്കുന്ന ‘ജയിലർ 2’ (ഹുക്കും) എന്ന ചിത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന അപ്‌ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു ബോളിവുഡ് സൂപ്പർതാരത്തിന്റെ അതിഥി വേഷം അണിയറപ്രവർത്തകർ വേണ്ടെന്നുവെച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ബോളിവുഡ് താരം ഹൃത്വിക് റോഷൻ ചിത്രത്തിൽ ഒരു മാസ്സ് അതിഥി വേഷത്തിൽ എത്തുമെന്നും ഇതിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, സിനിമയുടെ നിലവിലെ സാഹചര്യം പരിഗണിച്ച് ഈ കഥാപാത്രം ചിത്രത്തിൽ വേണ്ടെന്ന് സംവിധായകനും സംഘവും തീരുമാനിക്കുകയായിരുന്നു. എഡിറ്റിംഗ് പുരോഗമിക്കുന്ന ഘട്ടത്തിൽ ഈ അതിഥി വേഷം കഥയിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

ആദ്യം ഷാരൂഖ് ഖാനെ മനസിൽ കണ്ടായിരുന്നു ചിത്രത്തിൽ ഈ ഒരു അതിഥി വേഷം ഒരുക്കിയിരുന്നത്. എന്നാൽ കിംഗ് ഖാൻ ഇതിൽ അഭിനയിക്കുന്നില്ലെന്ന് ഉറപ്പായതോടെ നന്ദമൂരി ബാലകൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ ദക്ഷിണേന്ത്യൻ സൂപ്പർതാരങ്ങളുമായി അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അത് നടക്കാതെ വന്നപ്പോഴാണ് ഹൃത്വിക് റോഷനിലേക്ക് ചർച്ചകൾ എത്തിയത്. ഒടുവിൽ ആ വേഷം തന്നെ ഒഴിവാക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.

നിലവിൽ സിനിമയുടെ എഡിറ്റിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഇനി വെറും ഒരു ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് ചിത്രത്തിന്റേതായി ബാക്കിയുള്ളത്. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യാ കൃഷ്ണൻ, മിർണ എന്നിവർക്ക് പുറമെ രണ്ടാം ഭാഗത്തിൽ എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, സന്താനം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

cp-webdesk

null