വഴിയോര കച്ചവടക്കാരിയായി എത്തിയ രാജസ്ഥാൻകാരി ‘ആസ്മാൻ’ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയാണ്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയ “സിഗ്നൽ’ എന്ന സംഗീത ആൽബത്തിലൂടെയാണ് ആസ്മാൻ വീണ്ടും ക്യാമറക്ക് മുൻപിലെത്തിയിരിക്കുന്നത്. അൻഷാദ് അസീസ് സംവിധാനം ചെയ്യുന്ന ‘സിഗ്നൽ’ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് ആസ്മാൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. വ്യത്യസ്ത വിഷയം കൈകാര്യം ചെയ്ത ‘സിഗ്നൽ’ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്.
ആലുവയിലെ പത്തടിപ്പാലം മെട്രോ സ്റ്റേഷനു സമീപത്തുനിന്ന് ആസ്മാനെയും കുടുംബത്തേയും സംവിധായകൻ അൻഷാദ് കണ്ടെത്തുന്നത്. ആദ്യം അഭിനയിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ ആസ്മാനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയപ്പോഴാണ് അഭിനയിക്കാൻ സമ്മതം പറയുന്നത്. ഭാഷ പ്രശ്നമായെങ്കിലും പറഞ്ഞു കൊടുത്തത് കൃത്യമായി മനസിലാക്കി അഭിനയിക്കാൻ ആസ്മാന് കഴിഞ്ഞു.
ആസ്മാനൊപ്പമെത്തുന്നത് ലിജുവാണ്. സുബിൻ പത്മനാഭൻ സംഗീതമൊരുക്കി ആലപിച്ച ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. സുബിൻ തന്നെയാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും. സഞ്ജു, അഭിഷേക്, ശില്പ, ആരോമൽ, സാബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഖിൽ കൃഷ്ണയാണ് ക്യാമറ. നൂറു ഇബ്രാഹിം, അലൻ ജോയ്, കീർത്തി രമേശ്, അഭിഷേക് അശോക് എന്നിവരാണ് മറ്റ് പിന്നണിപ്രവർത്തകർ.