ഖത്തറിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മലയാളികളുടെ കൂട്ടായ്മയിൽ പിറന്ന ‘സീ ലാ വി’ എന്ന ഹ്രസ്വ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടുന്നു. നവാഗതനായ സബീഹ് അബ്ദുൽ കരീം സംവിധാനം ചെയ്ത ‘സീ ലാ വി’യിൽ ജാസി ഗിഫ്റ്റ് സംഗീതം നിർവഹിച്ച റാപ് സോങ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.
ജീവിതം പച്ച പിടിപ്പിക്കാൻ അന്യദേശത്തു കഷ്ടപ്പെടുന്ന, ചുറ്റിലും നിറഞ്ഞ കപടതകൾക്കിടയിൽ പെട്ട് ഉഴറുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ‘സീ ലാ വി’. സത്യസന്ധതയും കർമ്മഫലവും സമാന്തരമായി കാണിക്കുന്ന ചിത്രം സസ്‌പെൻസും ത്രില്ലറുമെല്ലാം നിറഞ്ഞതാണ്. ഉദ്യോഗഭരിതമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രം മികച്ച അവതരണരീതി കൊണ്ടും ശ്രദ്ധേയമാണ്.
പൂര്‍ണമായും ഖത്തറില്‍ തന്നെ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ മോഡല്‍ രംഗത്തും ടിക് ടോകിലും നാടക രംഗത്തിലൂടെയുമെല്ലാം പ്രശ്‌സതരായ നടന്മാരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ആൻസി കെ തമ്പി ചിത്രത്തിൽ വേഷമിടുന്നു. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ചിത്രത്തിലെ ഗാനവും ചിത്രവും മറ്റു ഭാഷകളിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. PETRA ഗ്രൂപ്പിന്റെ ബാനറിൽ ഷാഫി പെട്രയും അനസ് മുണ്ടോയും ചേർന്നു നിർമിച്ച ചിത്രം മനോരമ മ്യൂസിക് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷിയാസ് അലിയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.