Cinemapranthan

പുതിയ അണക്കെട്ട് അനുവദിക്കില്ല, മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.

തമിഴ്‌നാട് നിയമസഭയിലെ കന്നി നയപ്രഖ്യാപനത്തിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിജയ് സർക്കാർ, മുൻ ഡിഎംകെ സർക്കാരിനെയും കേന്ദ്ര നയങ്ങളെയും രൂക്ഷമായി വിമർശിച്ചു.

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രത്തിന് തുടക്കമിട്ട്, വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ കന്നി നയപ്രഖ്യാപനത്തിൽ കേരളത്തിനെതിരെയും കേന്ദ്രത്തിനെതിരെയും കടുത്ത നിലപാട്. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാരിന്റെ നീക്കങ്ങളെ പൂർണ്ണമായും തടയുമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുവദിക്കില്ലെന്നുമാണ് ടിവികെ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തിലൂടെ സർക്കാർ നിലപാട് കടുപ്പിച്ചു. തമിഴ് തായ് വാഴ്ത്തോടും ദേശീയഗാനത്തോടും കൂടി ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ, പരമ്പരാഗത ദ്രാവിഡ രാഷ്ട്രീയത്തിന്റെ വഴിയിൽ തന്നെയാണ് തങ്ങളെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനങ്ങളാണ് വിജയ് സർക്കാർ നടത്തിയത്.

കേരളത്തെ മാത്രമല്ല, തമിഴ്‌നാട്ടിലെ മുഖ്യ എതിരാളികളായ ഡിഎംകെയെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ ലക്ഷ്യമിട്ടായിരുന്നു നയപ്രഖ്യാപനം. മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ലഹരി മാഫിയയെ അടിച്ചമർത്താൻ കഴിയാത്തതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായതെന്ന് സർക്കാർ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും, ഹിന്ദി അടിച്ചേൽപ്പിക്കുന്ന രീതിയിലുള്ള ത്രിഭാഷാ നയം അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയ ഗവർണർ, തമിഴ്‌നാടിന്റെ തനത് ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) തുടരുമെന്നും പ്രഖ്യാപിച്ചു.

ജാതിക്കും മതത്തിനും പണത്തിനും അതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണെങ്കിലും തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ ദ്രാവിഡ-സാമൂഹിക ദർശനങ്ങൾ തന്നെയായിരിക്കും തങ്ങളുടെ മുൻഗണനയെന്ന് ടിവികെ സർക്കാർ അടിവരയിട്ടു പറയുന്നു. തമിഴകത്തിന്റെ ‘ദളപതി’യിൽ നിന്നും മുഖ്യമന്ത്രി പദവിയിലേക്കെത്തിയ വിജയ്‌യുടെ ഈ രാഷ്ട്രീയ നിലപാടുകൾ വരും ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

cp-webdesk

null