Cinemapranthan

രാഹുൽ സദാശിവന്റെ അടുത്ത ഹൊറർ മാജിക് ‘ഒടിയൻ’

ഭ്രമയുഗത്തിനും ഡീയസ് ഈറെയ്ക്കും ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന പുതിയ ഹൊറർ ചിത്രം ‘ഒടിയൻ’ പ്രഖ്യാപിച്ചു. പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്.

മലയാള സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തുന്ന തരത്തിലുള്ള ഒരു വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. ‘ഭൂതകാലം’, ‘ഭ്രമയുഗം’, ‘ഡീയസ് ഈറെ’ (Dies Irae) എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഹൊറർ-സൈക്കോളജിക്കൽ ഴോണറുകൾക്ക് പുത്തൻ ദൃശ്യഭാഷയും അന്താരാഷ്ട്ര നിലവാരവും സമ്മാനിച്ച സംവിധായകന്റെ അടുത്ത ചിത്രത്തിന് ‘ഒടിയൻ’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളത്തിന്റെ മുൻനിര താരങ്ങളായ പൃഥ്വിരാജ് സുകുമാരനും മഞ്ജു വാര്യരും ആദ്യമായി പൂർണ്ണമായ കോമ്പിനേഷൻ സീനുകളോടെ നേർക്കുനേർ എത്തുന്നു എന്ന വലിയ പ്രത്യേകത ഈ ചിത്രത്തിനുണ്ട്. അതിലുപരിയായി, ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ നിർമാണ കമ്പനിയായ കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്നു എന്ന ചരിത്രപരമായ സവിശേഷതയും ഈ പ്രോജക്റ്റിനെ സമാനതകളില്ലാത്ത പുത്തൻ ഹൈപ്പിലേക്ക് എത്തിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ധർമ പ്രൊഡക്ഷൻസും സംയുക്തമായാണ് ഈ വമ്പൻ ചിത്രം നിർമിക്കുന്നത്.

മലയാള സിനിമാ ഇൻഡസ്ട്രിയുടെ ഉള്ളടക്ക മികവിനെയും രാഹുൽ സദാശിവൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരുടെ അതുല്യമായ പ്രതിഭയെയും വാനോളം പ്രശംസിച്ചുകൊണ്ടാണ് കരൺ ജോഹർ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ‘ലൂസിഫർ’, ‘എമ്പുരാൻ’, ‘പാവാട’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിച്ച് പേര് ചേർക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ‘പാവാട’യിൽ മഞ്ജു വാര്യർ ഒരു ചെറിയ അതിഥി വേഷത്തിലാണ് എത്തിയതെങ്കിൽ, പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിയിൽ ഇരുവരും ഒരുമിച്ച് സ്ക്രീൻ പങ്കിടുന്ന സീനുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ, പെർഫോമൻസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത രണ്ട് മികച്ച അഭിനേതാക്കളെ രാഹുൽ സദാശിവൻ എങ്ങനെ സ്ക്രീനിൽ പരസ്പരം കോർത്തിണക്കും എന്നറിയാൻ സിനിമാപ്രേമികൾ അത്യന്തം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മുൻപ് 2018-ൽ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാർ മേനോൻ ഇതേ പേരിൽ (‘ഒടിയൻ’) ഒരു ഫിലിം ഒരുക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ആ ചിത്രത്തിന്റെ ടൈറ്റിൽ, നിർമാതാക്കളുടെ പ്രത്യേക അനുമതിയോടെയാണ് രാഹുൽ സദാശിവൻ തന്റെ പുതിയ പ്രോജക്റ്റിനായി സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പഴയ ഒടിയൻ സിനിമയിലും മഞ്ജു വാര്യർ തന്നെയായിരുന്നു നായിക എന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. ഒരു മോഹൻലാൽ ചിത്രത്തിന്റെ മാസ്സ് ടൈറ്റിൽ, രാഹുൽ സദാശിവനെപ്പോലെയുള്ള ഒരു ക്രാഫ്റ്റ്മാന്റെ കൈകളിൽ എത്തുമ്പോൾ അത് തികച്ചും വ്യത്യസ്തവും ഭയപ്പെടുത്തുന്നതുമായ മറ്റൊരു സൈക്കോളജിക്കൽ ഹൊറർ അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല. റെഡ് റെയ്ൻ മുതൽ തുടങ്ങിയ തന്റെ സിനിമായാത്രയിൽ ഓരോ തവണയും പ്രേക്ഷകനെ ഞെട്ടിച്ച സംവിധായകന്റെ ഈ പുതിയ ‘ഒടിയൻ’ അവതാരത്തിന്റെ കൂടുതൽ അണിയറ പ്രവർത്തകരുടെയും കാസ്റ്റിങ്ങിന്റെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

cp-webdesk

null