Cinemapranthan
null

സുശാന്തിന്റെ മരണം; കൊലപാതകമല്ലെന്ന സൂചന നൽകി എയിംസ്

കൊലപാതകമാണെന്ന ആരോപണം തള്ളുന്ന റിപ്പോര്‍ട്ട് എയിംസ് സിബിഐയ്ക്കു കൈമാറി

null

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണം ആത്മഹത്യയാണെന്ന സൂചന നൽകി എയിംസ് വിദഗ്ധര്‍. സുശാന്തിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താനായില്ലെന്നും ആത്മഹത്യയാണെന്നും ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു . സുശാന്ത് സിങ്ങിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളുന്ന റിപ്പോർട്ടിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എയിംസിലെ ഫൊറൻസിക് വിഭാഗം സിബിഐയ്ക്കു കൈമാറി.
കൊലപാതകം ആണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്ന സിബിഐ, ഫൊറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചതിനു ശേഷമാകും മറ്റു നടപടികളിലേക്ക് കടക്കുക.

ഫൊറൻസിക് വിദഗ്ദ്ധരുടെ റിപ്പോർട്ടിന് പിന്നാലെ കാമുകി റിയ ചക്രവർത്തിയുൾപ്പെട്ട ലഹരിമരുന്ന് കേസുമായി സുശാന്തിന്റെ മരണവുമായി കാര്യമായ ബന്ധമില്ലെന്നു നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)യും വ്യക്തമാക്കി. സുശാന്തിന്റെ മരണത്തിനു കാരണം ലഹരി മരുന്നല്ലെന്നാണ് എൻസിബിയും, സിബിഐയും വ്യക്തമാക്കുന്നത്.

സുശാന്തിനെ കാമുകി റിയ ചക്രവർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് ആരോപിച്ചത്. തനിക്ക് കിട്ടിയ ഫോട്ടോകളിൽ നിന്ന് സുശാന്തിന്റെത് കഴുത്തിനു ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് 200% ഉറപ്പാണെന്നും സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ മുൻപേ പറഞ്ഞിരുന്നുവെന്ന് അഭിഭാഷകൻ വികാസ് സിങ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ അന്വേഷണങ്ങൾ പക്ഷപാതപരമായും ഇടപെടലുകളില്ലാതെയും നടക്കണമെങ്കിൽ പുതിയ മെ‍‍ഡിക്കൽ ബോർഡിനെ സിബിഐ നിയമിക്കണമെന്ന് റിയയുടെ അഭിഭാഷകനും പ്രതികരിച്ചു.

സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ കാമുകി റിയയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ ഉൾപ്പടെ നിരവധി പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇവർക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണവും എൻസിബി തള്ളിയിരുന്നു. ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരിൽ നിന്ന് ലഹരിമരുന്നു കണ്ടെടുത്തിട്ടില്ലാത്തതിനാൽ ഫോൺവിളി, ചാറ്റ് എന്നിങ്ങനെ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ഇവർക്കെതിരെയുള്ള തുടർ നടപടികൾ തീരുമാനിക്കാൻ.

cp-webdesk

null
null