Cinemapranthan
null

ശരത് : സമകാലിക മലയാള സിനിമ സംഗീത ലോകത്തിലെ ഡിസിപ്ലിൻഡ് ക്ലാസ്സിക്കൽ ശൈലിയുടെ തിരുശേഷിപ്പ്

മലയാള സിനിമ സംഗീത ലോകമെന്നത് വലിയ തോതിലുള്ള സംഗീത പരീക്ഷണങ്ങളുടെ ഒരു വിളനിലമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമികളും,രാഘവൻ മാഷും, ശ്യാം സാറും, ദേവരാജൻ മാഷും,എം എസ്. ബാബുരാജും , രവീന്ദ്രൻ മാഷും, ജോൺസൻ മാഷും,വിദ്യാസാഗറും, എം. ജയചന്ദ്രനും, തുടങ്ങി ഇന്നിപ്പോൾ സുഷിന് ശ്യാമും, ജേക്ക്സ് ബിജോയിയും വരെ എത്തി നിൽക്കുന്ന വിവിധ തലമുറകളിലുള്ള നൂറിലധികം വരുന്ന പ്രതിഭാധനരായ

null

മലയാള സിനിമ സംഗീത ലോകമെന്നത് വലിയ തോതിലുള്ള സംഗീത പരീക്ഷണങ്ങളുടെ ഒരു വിളനിലമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദക്ഷിണാമൂർത്തി സ്വാമികളും,രാഘവൻ മാഷും, ശ്യാം സാറും, ദേവരാജൻ മാഷും,എം എസ്. ബാബുരാജും , രവീന്ദ്രൻ മാഷും, ജോൺസൻ മാഷും,വിദ്യാസാഗറും, എം. ജയചന്ദ്രനും, തുടങ്ങി ഇന്നിപ്പോൾ സുഷിൻ ശ്യാമും, ജേക്ക്സ് ബിജോയിയും വരെ എത്തി നിൽക്കുന്ന വിവിധ തലമുറകളിലുള്ള നൂറിലധികം വരുന്ന പ്രതിഭാധനരായ സംഗീത സംവിധായകരുടെ വേറിട്ട സംഗീത ശൈലി കൊണ്ടും, മികവുറ്റ സംഗീത പരീക്ഷണങ്ങൾ കൊണ്ടും സമ്പന്നമാണ് മലയാള സിനിമ ലോകം. ഈ നിരയിലെ മുൻപന്തിയിൽ നിർത്താവുന്ന ഒരു വ്യക്തിയാണ് ശരത്. മലയാള സംഗീത ലോകത്തിലെ അണ്ടർ റേറ്റഡ് ആയ സംഗീത സംവിധായകരിൽ ഉൾപ്പെടുത്തേണ്ട വ്യക്തികളിൽ ഒരാളല്ല അദ്ദേഹം. വലിയൊരു ആരാധകവൃന്ദമുള്ള , മലയാള സംഗീത ലോകത്തിൽ എല്ലാ കാലത്തും ചർച്ച ചെയ്യപ്പെടുന്ന, മലയാള സിനിമ സംഗീതത്തിൽ പുതിയ മാനങ്ങൾക്കും, സംഗീത ശൈലികൾക്കും പ്രാധാന്യം കൊടുത്ത സംഗീതജ്ഞൻ.(ഒരു ഗായകനും, സംഗീത സംവിധായകമുപരി അദ്ദേഹം ഒരു സംഗീതജ്ഞൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം.)

എന്നാൽ ഒരു പക്ഷെ സംഗീതത്തിനോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിരുചിയും, സാധനയുമൊക്കെ കൂടുതൽ അംഗീകാരങ്ങൾക്ക് അദ്ദേഹത്തെ അർഹനാക്കുന്നുണ്ട് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചിട്ടയായ ക്ലാസ്സിക്ക് ശൈലിയുടെ ഒരു സ്വാധീനം അദ്ദേഹത്തിന്റെ സിനിമാഗാനങ്ങളിൽ കാണാം. ബാലമുരളികൃഷ്ണ എന്ന കർണാടിക്ക് സംഗീതത്തിന്റെ കുലപതിയുടെ ശിഷ്യത്വം അതിനു വലിയൊരു മുതൽക്കൂട്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായ ‘ക്ഷണകത്തി’ൽ ഒരു റൊമാന്റിക്കൽ- മെലഡി സാധ്യതകൾ കൊണ്ട് വന്നപ്പോൾ അതിനു ശേഷം ചെയ്ത ‘ഒറ്റയാൾ പട്ടാളത്തിലെ’ കുറച്ചു നർമ്മം നിറഞ്ഞ ‘തിന്തകതോമും’ അൽപ്പം സെമിക്ലാസ്സിക്കൽ ശൈലിയിലുള്ള ‘മായമഞ്ചലും ‘രുദ്രാക്ഷ’ത്തിലെ ശ്രീപാർവ്വതി’ യുമൊക്കെ ശരത് എന്ന യുവ സംഗീത സംവിധായകന്റെ ‘മ്യൂസിക് സ്റ്റൈൽ’ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ കാരണമായവയാണ്.പവിത്രത്തിലേക്കെത്തുമ്പോൾ അദ്ദേഹത്തിന്റെ ദി ബെസ്റ്റ് എന്ന് പറയാൻ സാധിക്കുന്ന ഒരു മ്യൂസിക്കൽ ആൽബം പിറന്നുവെന്നു പറയാം. പിന്നീട് ‘സാഗരം സാക്ഷിയിലും’ സിന്ദൂരരേഖയിലും, ‘തച്ചോളി വർഗീസ് ചേകവരി’ലുമൊക്കെ ശരത് എന്ന സംഗീതജ്ഞന്റെ ഒരു ‘ക്ലാസ്സിക്കൽ ടച്ച്’ പ്രകടമാണ്.

ക്ലാസ്സിക്കൽ ശൈലിക്കപ്പുറം അദ്ദേഹം മറ്റു സംഗീത ധാരകളും തന്റെ സംഗീതത്തിൽ ഉൾപ്പെടുത്തി. ‘അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടുവിലെ കുട്ടിത്തം നിറഞ്ഞ ‘പട്ടി കടിക്കലെ വീട്ടുകാരെ’യും ക്രിസ്ത്യൻ ഡിവോഷണൽ- താരാട്ടുപാട്ട് ശൈലികൾ സംയോജിപ്പിച്ച ‘പൂത്തിങ്കളും’ അൽപ്പം അടിച്ചുപൊളി സ്റ്റെലിലുള്ള ‘തച്ചോളി വർഗീസ് ചേകവരി’ലെ വീരാളി പട്ടും കെട്ടി’ യും ഒരു ഫോക്ക് ജോണറിൽ ഒരുക്കിയ ‘ആണ്ടലോണ്ട നേരെ കണ്ണിലെ’ യും ഹിന്ദുസ്ഥാനി ജോണറിൽ ഒരുക്കിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥയിലെ’ തും ജോയും, പ്രേക്ഷകർക്ക് ഒരു മരണത്തിന്റെ സംഗീതം പ്രേക്ഷകർക്ക് സമ്മാനിച്ച തിരക്കഥയിലെ ‘ഒടുവിലെ ശോണരേഖയായി’യുമൊക്കെ ശരത്തെന്ന സംഗീത പ്രതിഭയുടെ അടയാളങ്ങളാണ്. ഒരു ഗായകനെന്ന നിലയിൽ പരിഗണിക്കുമ്പോൾ വിശദീകരിക്കാൻ വാക്കുകൾ മതിയാകില്ല എന്ന് തന്നെ പറയാം. അല്പം ഗാഭീര്യമുള്ള തന്റെ ശബ്ദം പല മൂഡുകളിലേക്കും ജോണറിലേക്കും കൃത്യമായി ഉപയോഗിക്കാൻ വല്ലാത്തൊരു സിദ്ധി അദ്ദേഹത്തിന്നുണ്ട്.. ഒരു പക്ഷെ അദ്ദേഹത്തിനുള്ളിലെ ഗായകനെയും സംഗീത സംവിധായകനെയും ഒരു പോലെ തൃപ്തിപ്പെടുത്തിയ ഒരു ചിത്രം ‘മേഘയതീർത്ഥ’മായിരിക്കും . ക്ലാസ്സിക്കൽ ശൈലി വളരെയേറെ ഉപയോഗപെടുത്തിയ ഈ ചിത്രത്തിലെ പാടാൻ അൽപ്പം പ്രയാസമുള്ള ഒരു ഗാനമായിരുന്നു ‘ഭാവയാമി’. വളരെയേറെ സംഗതികൾ ഉൾപ്പെട്ട കൂടുതൽ ദൈർഘ്യമുള്ള ഒരു ഗാനം. 13 മിനിറ്റോളം ദൈർഘ്യമുള്ള ഈ ഗാനം മലയാള സിനിമയിലെ ഏറ്റവും ദൈർഘ്യമേറിയ. കൂടിയ സിനിമ ഗാനങ്ങളിലൊന്നാണ്. പക്ഷെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആലപിച്ചുവെന്ന് ആസ്വാദകർക്ക് തോന്നുന്ന വിധം ‘ശരത് എന്ന ഗായകൻ’ ആ ഗാനം മികച്ചതാക്കി. അദ്ദേഹത്തിന്റെ ഒരു അണ്ടർറേറ്റഡ് പ്ലേയ്ലിസ്റ്റായി പരിഗണിക്കാവുന്ന ഒന്നാണ് മേഘ തീർത്ഥം.

എന്നാൽ ഈ പറഞ്ഞതിനുമൊക്കെയപ്പുറം ശരത് എന്ന സംഗീതജ്ഞനെ കുറിച്ച് പറയുമ്പോൾ പരിഗണിക്കേണ്ടത് അദ്ദേഹത്തിന്റെ അച്ചടക്കമാർന്ന ക്ലാസ്സിക്കൽ സംഗീത ശൈലിയാണ് .ഓരോ പാട്ടിന്റെയും ഓരോ ചെറിയ പോയിന്റിലും ക്ലാസ്സിക്കൽ മ്യൂസിക്ക് സ്റ്റൈലിനെ കലർപ്പില്ലാതെ ബ്ലെൻഡ് ചെയ്യുന്ന ഒരു ടെക്‌നിക്കൽ ബ്രില്യൻസ്. തന്റെ പാട്ടിലും ഒരു ‘യൂണിക് ശരത്തിസം’ ‘പേറ്റന്റ് ‘ ചെയ്തു വെക്കുന്ന മികവ് അദ്ദേഹത്തിന്റെ ചിട്ടയാർന്ന ഒരു നീണ്ട സംഗീത സപര്യയുടെ തിരുശേഷിപ്പ് തന്നെയാണ്, ഒപ്പം മലയാള സിനിമ സംഗീത ലോകത്തേയും.

cp-webdesk

null
null