Cinemapranthan
null

ഗസലില്‍ വസന്തം തീര്‍ത്ത ഉമ്പായിയുടെ ഓർമ്മ ദിനം

സിനിമാക്കഥയെ വെല്ലുന്ന ഉമ്പായിയുടെ ജീവിതയാത്രയോട് രഞ്ജിത്തിന് തോന്നിയ കൗതുകമാണ് ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ ‘ജഗന്നാഥൻ’

null

കൊച്ചിയില്‍ പാട്ടിനെ ജനകീയമാക്കിയത് സംഗീത പ്രേമികള്‍ സ്നേഹത്തോടെ ഭായ് എന്ന് വിളിക്കുന്ന മെഹബൂബ് ആണ്. അദ്ദേഹത്തിനൊരു പിന്തുടർച്ചയുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ അരുമ ശിഷ്യൻ ഉമ്പായിലൂടെ ആണ്.
കൊച്ചി തെരുവിലെ തബലയടി മുതൽ ബോംബയിലെ ദർബാറുകളിലെ സംഗീത സദസ്സുകള്‍ വരെ നീണ്ട ഉമ്പായിയുടെ ജീവിതം ഒരു സിനിമ കഥ പോലെ അസാധാരണത്വം നിറയുന്നതെങ്ങനെന്ന് നോക്കാം.

കുട്ടിക്കാലം മുതൽ തബലയോട് കമ്പം തോന്നി പരീക്ഷകളിലെല്ലാം തോറ്റു സ്കൂളിനോടു വിടപറഞ്ഞ ആ കൊച്ചിക്കാരൻ പയ്യനെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയത് മെഹബൂബ് ഭായ് ആയിരുന്നു. ആകസ്മികതകൾ നിറഞ്ഞ അവന്റെ ജീവിതത്തിൽ ദാരിദ്ര്യം തന്നെ ആയിരുന്നു വലിയ പ്രശ്നം. അതുകൊണ്ടാവാം ഉമ്പായിയുടെ സംഗീതാഭിരുചിയെ പിതാവ് അനുകൂലിച്ചിരുന്നില്ല. മകനെ ഇലക്ട്രീഷ്യനായി മാറ്റാൻ അദ്ദേഹം മുംബൈയിൽ അമ്മാവന്റെ അടുത്തേക്കയച്ചു. ചെറുപ്പം തൊട്ടേ ഒരു തബലിസ്റ്റ് ആവാൻ ആഗ്രഹിച്ചിരുന്ന ഉമ്പായിയോട് മുംബൈയില്‍ പോയാൽ നീ തബല പഠിക്കണമെന്ന് പറഞ്ഞതും മെഹബൂബാണ്. അങ്ങനെ ഒരു ഇലക്ട്രീഷ്യനാവാണെന്ന വ്യാജേന മുംബൈയിലേക്ക് വണ്ടി കയറിയ ഉമ്പായി തന്റെ സ്വപ്നത്തിന്റെ പിറകെ കൂടി. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പണമുണ്ടാക്കാൻ പല ജോലികളിലും അയാൾ ഏർപ്പെട്ടു. അങ്ങനെ അവിചാരിതമായി ബാന്ദ്രയിലെ ഒരു സംഗീത പരിപാടിയിൽ വച്ച് കണ്ടുമുട്ടിയ ഉസ്താദ് മുനവറലി ഖാൻ എന്ന സംഗീത പണ്ഡിതനോട് അയാൾ സൗഹൃതത്തിലായി. തെല്ലും അമാന്തിക്കാതെ ഉസ്താദിന്റെ ശിഷ്യനായി ചേർന്നു. നീണ്ട ഏഴു വർഷം അദ്ദേഹത്തിനു കീഴിൽ സംഗീതം പഠിച്ചു. ഫോർട്ട് കൊച്ചി നെല്ലുകടവ് പടിഞ്ഞാറെ വീട്ടിൽ അബു–പാത്തുമ്മ ദമ്പതികളുടെ മകനായി1950 ജൂൺ 10നു ജനിച്ച പി.എ. ഇബ്രാഹിം ന്റെ ജീവിതം മാറി തുടങ്ങിയത് അവിടെ നിന്നായിരുന്നു. സംഗീത പ്രേമികളെ ഗസൽ മഴയിൽ നനച്ച മലയാളികൾ എന്നറിയുന്ന ഉമ്പായി ജനിച്ചതും അവിടെ നിന്നാണ്.

ബോംബയിലെ ദർബാറുകളിലെ സംഗീത സദസ്സുകള്‍ ബീഗം അക്തര്‍, മെഹദി ഹസ്സന്‍, തുടങ്ങിയവരുടെ ഗസലുകള്‍ ഉമ്പായിയുടെ ശബ്ദത്തിൽ അലയടിക്കാൻ തുടങ്ങിയ രാത്രികൾ ആയിരുന്നു പിന്നീട് അങ്ങോട്ട്. ഒരു സിനിമാക്കഥയെ വെല്ലുന്ന ഉമ്പായിയുടെ ഈ ജീവിതയാത്രയോട് തോന്നിയ കൗതുകമാണ് തിരക്കഥാകൃത്ത് രഞ്ജിത്തിന് ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ ‘ജഗന്നാഥൻ’ എന്ന കഥാപാത്രത്തെ സൃഷ്ഠിച്ചെടുക്കാനുള്ള പ്രേരണയായെതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സിരകളിൽ സംഗീതം പേറിയുള്ള അയാളുടെ പ്രയാണത്തെ രഞ്ജിത്ത് ഒരു മാസ്സ് പരിവേഷം നൽകുകയായിരുന്നു.

ഒരിക്കല്‍ ഡൽഹിയിൽ എം പി മാര്‍ക്ക് വേണ്ടിയുള്ള പരിപാടിയില്‍ പാടാന്‍ ഉമ്പായിക്ക് അവസരം ലഭിച്ചു. കേരളത്തില്‍ നിന്നുള്ള എം. പി. മാര്‍ അദ്ദേഹത്തോട് മലയാളം പാട്ടുകള്‍ പാടാന്‍ ആവശ്യപ്പെട്ടു. പരിപാടിക്ക്  ശേഷം എം. പി. മാരായ എം. എ. ബേബിയും  കെ. വി. തോമസും മലയാളം കവിതകള്‍  ഗസലുകളാക്കി അവതരിപ്പിച്ചുകൂടെ എന്ന് ചോദിച്ചു. ഇത് നല്ല ആശയമാണെന്ന് ഉമ്പായിക്ക് തോന്നി. മുമ്പ് ഇതേക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും അന്നു മുതല്‍  മലയാളം ഗസല്‍ എന്ന ആശയത്തെ അദ്ദേഹം ഗൌരവപരമായി സമീപിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. ബോംബയിലെ അലച്ചിലിന്‍റെ നാളുകള്‍ക്ക് വിരാമമിട്ട് അദ്ദേഹം കൊച്ചിയില്‍ തിരിച്ചെത്തി. തന്റെ ആശയം സുഹൃത്തക്കളോട് പങ്കുവച്ചു
പിന്നെ കവിതകള്‍ കിട്ടാന്‍ യുള്ള ശ്രമമായി. പക്ഷെ അറിയപ്പെടുന്ന കവികളാരും അധികം അറിയപ്പെടാത്ത ഗായകന്  കവിതകള്‍ കൊടുക്കാന്‍ തയ്യാറായിരുന്നില്ല ഉര്‍ദുവിനെ പോലെ സംഗീതത്തിന് എളുപ്പം വഴങ്ങുന്ന ഭാഷയല്ല മലയാളം.
എന്നാൽ തന്റെ പരിചയക്കാരനും കവിയും ആയ വേണു വി. ദേശം ഉമ്പായിക്ക് വേണ്ടി എഴുതാന്‍ തയ്യാറായി. അങ്ങനെ ‘പ്രണാമം’ എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം ഇറങ്ങി. ആൽബം പ്രതീക്ഷിച്ചതിലും നന്നായി ജന ശ്രദ്ധ പിടിച്ചുപറ്റി അതോടെ മലയാളം കവിതയിൽ നിന്നും നല്ല ഗസലുകൾ ഉണ്ടാക്കാം എന്ന് ഉമ്പായി തെളിയിച്ചു.. പിന്നീട് അങ്ങോട്ട് യൂസഫലി കേച്ചേരി,  ഒ .എന്‍. വി, സച്ചിദാനന്ദന്‍ തുടങ്ങി പ്രമുഖ കവികൾക്കൊപ്പം ആയിരുന്നു തന്റെ ഗസൽ സ്വപ്‌നങ്ങൾ. ഇരുപതോളം ആൽബങ്ങൾ പുറത്തിറക്കിയ ഉമ്പായി ‘നോവൽ’ എന്ന സിനിമയ്ക്കു സംഗീതവും പകർന്നു. തന്റെ ജീവിതത്തിന് എന്തെങ്കിലുമൊരു സന്ദേശമുണ്ടെങ്കിൽ അത് ‘ചെളിക്കുണ്ടിൽ കിടക്കുന്ന ജീവിതത്തെ പിടിച്ചുയർത്താൻ കലയ്ക്കും സംഗീതത്തിനുമാകും’ എന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നത്

സംവിധായകൻ ജോൺ ഏബ്രഹാം ആണ് ഉമ്പായിയെ കേരളത്തിന്റെ ഗസൽ ചക്രവർത്തിയായി വിശേഷിപ്പത്. ജോണിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്.. ഒന്നുമില്ലായിമയ്മയിൽ നിന്നും ജീവിച്ചു തുടങ്ങി ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ തളരാതെ വളർന്നു വന്ന് മലയാള ഗസൽ ചക്രവർത്തിയായി മാറിയ ഉമ്പായിയെ കുറിച്ച് പുതിയ തലമുറ വായിക്കേണ്ടതു തന്നെയെന്നതിൽ തര്ക്കമില്ല

2018 ലെ ഇതുപോലൊരു ആഗസ്​റ്റ്​ ഒന്നിന് കരളിലെ അർബുദത്തെ തുടർന്ന്​ ആലുവയിലെ പെയിൻ & പാലിയേറ്റീവ് കെയർ ഹോമിൽ വച്ച്​ ഉമ്പായി അന്തരിക്കുകയായിരുന്നു

cp-webdesk

null
null