Cinemapranthan
null

‘രണ്ടാമൂഴം’: എംടിയും വിഎ ശ്രീകുമാറും തമ്മിലുള്ള ഒത്തുതീർപ്പിന് സുപ്രീം കോടതി അനുമതി

ഒത്തുതീർപ്പ് കരാർ പ്രകാരം ‘രണ്ടാമൂഴം’ തിരക്കഥ എംടിക്ക് തിരികെ നൽകണം. തിരക്കഥയ്ക്കുമേല്‍ എംടിക്കായിരിക്കും പൂര്‍ണ അവകാശം

null

എം ടി വാസുദേവൻ നായരും സംവിധായകൻ വിഎ ശ്രീകുമാറും തമ്മിലുള്ള ഒത്തുതീർപ്പ് കരാർ സുപ്രീം കോടതി അംഗീകരിച്ചു. എം ടിയുടെ ‘രണ്ടാമൂഴം’ തിരക്കഥയുമായി ബന്ധപ്പെട്ട് സിനിമ നിർമ്മിക്കുന്നതിന് പറ്റിയുള്ള കേസിലാണ് ഒത്തുതീർപ്പായത്. ഒത്തുതീർപ്പ് കരാർ പ്രകാരം ‘രണ്ടാമൂഴം’ തിരക്കഥ എം ടിക്ക് തിരികെ നൽകണം. തിരക്കഥയ്ക്കുമേല്‍ എംടിക്കായിരിക്കും പൂര്‍ണ അവകാശം. മഹാഭാരതത്തെക്കുറിച്ച് വി എ ശ്രീകുമാ‍റിന് സിനിമ ചെയ്യാം എന്നാൽ കഥയിൽ രണ്ടാമൂഴത്തിലേത് പോലെ ഭീമൻ കേന്ദ്ര കഥാപാത്രം ആകാൻ പാടില്ല. ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി സിനിമയെടുക്കാൻ ശ്രീകുമാറിനു കഴിയില്ലെന്നും ഒത്തുതീർപ്പ് വ്യവസ്ഥയിൽ വ്യക്തമാക്കുന്നു. രണ്ടാമൂഴം സിനിമയാക്കുന്നതിനായി എംടിക്ക് നൽകിയ അഡ്വാൻസ് തുകയായ ഒന്നേകാൽ കോടി രൂപ തിരിച്ചു നൽകും.

രണ്ടാമൂഴം സിനിമയാക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് സിനിമ നിർമ്മിക്കുന്നതിൽ നിന്ന് ശ്രീകുമാറിനെ തടയണമെന്നാവിശ്യപ്പെട്ട് എം ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2014ല്‍ ആയിരുന്നു ‘രണ്ടാമൂഴം’ സിനിമയാക്കാന്‍ എം ടി വാസുദേവന്‍ നായരും ശ്രീകുമാറും കരാറില്‍ ഒപ്പുവച്ചത്. എന്നാൽ കരാർ പ്രകാരമുള്ള സമയം കഴിഞ്ഞിട്ടും ചിത്രീകരണം ആരംഭിക്കാത്തത് കൊണ്ടാണ് തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുന്നത്.

എന്നാൽ എം ടി കാരണം കോടികളുടെ നഷ്ടം സംഭവിച്ചുവെന്നും സിനിമയ്ക്കുവേണ്ടി മുടക്കിയ പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് വി എ ശ്രീകുമാർ ഹർജി നൽകിയത്. സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി ആണെന്നും ശ്രീകുമാർ ആരോപിച്ചിരുന്നു. തുടർന്ന് എം.ടി.വാസുദേവൻ നായരുടെ ഹർജിയിലെ നടപടികൾ ഈ വർഷം ഫെബ്രുവരിയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

cp-webdesk

null
null