Cinemapranthan
null

വർത്തമാനകാല ഇന്ത്യയുടെ “കോഴിപ്പങ്ക്”: കുറിപ്പ് വായിക്കാം

null

വർത്തമാനകാല ഇന്ത്യയിൽ “കോഴിപ്പങ്ക്” പ്രസക്തമാണ്. എഴുപതുകളിലെ രാഷ്ട്രീയ പശ്ചാത്തലത്തെ അടിസ്ഥാനപ്പെടുത്തി കവി സച്ചിദാനന്ദൻ എഴുതിയ കവിതയാണ് ‌”കോഴിപ്പങ്ക്”. അധികാരത്തിന്റെ സൂചനയായ ‘കോഴി’യെ വാഗ്ദാനങ്ങളോട് ഉപമിക്കുകയാണ്. ശ്രീനാഥ് ഭാസി, അഭിലാഷ്‌,
പെരാരി, ശേഖർ എന്നിവർ ചേർന്നൊരുക്കുന്ന “കോഴിപ്പങ്ക്” എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞിരിക്കുന്നു.

കോഴിപ്പങ്കിനെപ്പറ്റി പ്രവീൺ വില്യം എഴുതിയ കുറിപ്പ് വായിക്കാം.

എഴുപതുകളിലെ സമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങൾ പശ്ചാത്തലമാക്കി ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടുകൂടി കെ. സച്ചിദാനന്ദൻ രചിച്ച കവിതയാണ്‌ കോഴിപ്പങ്ക്‌.! കോഴിപ്പങ്കിന്റെ അഭിലാഷ്‌ – പെരാരി – ഭാസി – ശേഖർ വെർഷൻ മെനഞ്ഞാന്ന് റിലീസ്‌ ആയിരുന്നു. മായാനദിക്ക്‌ ശേഷം ജയേഷ്‌ മോഹനെ ക്യാമറയ്ക്ക്‌ പിന്നിൽ കാണാനായി എന്നതൊരു സർപ്പ്രൈസ്‌ ഫാക്റ്റർ ആയിരുന്നു. 22 എഫ്‌.കെ യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ അഭിലാഷ്‌ എസ്‌ കുമാർ ആണ്‌ സംവിധാനം. മ്യൂസിക്ക്‌ ചെയ്തിരിക്കുന്നത്‌ ശേഖർ മേനോനും വോക്കൽ ഭാസിയുമാണ്‌. ജോയേൽ കവി ആണ്‌ എഡിറ്റ്‌ ചെയ്തിരിക്കുന്നത്‌. എഴുപതുകളിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക്‌ എതിരായിട്ടാണ്‌ സച്ചിദാനന്ദൻ തന്റെ കോഴിയെ തുറന്ന് വിട്ടതെങ്കിൽ, ഇന്ന് രണ്ടായിരത്തി ഇരുപതിൽ പെരാരിയും അഭിലാഷും കൂടി അതേ കോഴിയെ തുറന്ന് വിടുന്നത്‌ ആർക്കെതിരെയാണെന്ന് മനസിലാക്കാൻ ആവറേജ്‌ ഐ.ക്യു മതിയാവും.!
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ, പക്ഷേ അതിന്റെ കൊക്ക്‌, പൂവ്‌, കണ്ണ്‌, കാല്‌, വിരല്‌, നഖം, തുടയുടൽ, കുരൽ, കരൾ, കുടൽ, പപ്പ്‌, പൂട, വാല്‌, പുത്തരിയങ്കം എന്നിവ എനിക്ക്‌ തരൂ എന്നാണ്‌ കവി പറയുന്നത്‌. ഈ കണ്ണും കാലും പപ്പും പൂടയും തുടയും കരളും കുടലും എല്ലാം ചേരുന്നതാണ്‌ ഒരു കോഴി. അപ്പൊ പിന്നെ ഇതെല്ലാം എനിക്ക്‌ തന്നിട്ട്‌ കോഴിയെ നിങ്ങൾ എടുത്തോളൂ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്‌.!
ഒടുവിലായ്‌ പറയുന്നുണ്ട്‌, എന്റെ കോഴിയെ നിങ്ങൾ പകുത്തു കൊള്ളൂ എന്നിട്ട്‌ അതിന്റെ കൊമ്പും, പല്ലും, മുലയും, പൂവൻ കോഴി ഇടുന്ന മുട്ടയും നിങ്ങൾ എടുത്തു കൊള്ളൂ. എന്നിട്ട്‌ എന്റെ കോഴിയെ തിരിച്ച്‌ തരൂ എന്ന്. ഇവിടെ, ഇല്ലാത്ത കാര്യങ്ങളെയാണ്‌ കവി എടുത്തുകൊള്ളൂ എന്ന് പറയുന്നത്‌.
പൊള്ളയായ വാഗ്ദാനങ്ങങ്ങളെയും ഇന്ത്യ ഭരിച്ചിരുന്ന/ഭരിക്കുന്ന കപട രാഷ്ട്രീയത്തിനെയുമാണ്‌ അന്ന് സച്ചിദാനന്ദൻ വിമർശിച്ചതും ഇന്ന് പെരാരിയും അഭിലാഷും കൂടി വിമർശിക്കുന്നതും.
വീഡിയോയുടെ അവസാന ഭാഗത്ത്‌, ഇന്നത്തെ ഇന്ത്യയുടെ ഡാർക്ക്‌ സൈഡ്‌ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്‌ കോഴിപ്പങ്കിന്റെ ക്രിയേറ്റേഴ്സ്‌. രോഹിത്‌ വെമുലയുടെ ആത്മഹത്യാക്കുറിപ്പ്‌, അക്ഷരങ്ങളെ പോലും ഭയന്നവർ കൊന്ന ഗൗരി ലങ്കേഷിന്റെ മരണവാർത്ത, വിശന്നിട്ട്‌ ഭക്ഷണം എടുത്തു എന്ന കുറ്റത്തിനു ആളുകൾ മർദ്ദിച്ച്‌ കൊന്ന ആദിവാസി യുവാസ്‌ മധു, ക്യാബിനറ്റ്‌ അമന്റ്‌മന്റ്‌ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിൽ അറസ്റ്റിലായ ആക്റ്റിവിസ്റ്റ്‌ അഖിൽ ഗൊഗോയ്‌, ജാമിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക്‌ നേരേയുള്ള വെടിവെപ്പ്‌, സിറ്റിസൻഷിപ്പ്‌ ആക്റ്റിനെതിരെ പ്രക്ഷോഭം ശക്തമായ്‌ നടന്ന ഷഹീൻ ബാഗ്‌, ഉത്തർ പ്രദേശിലെ ദാദ്രിയിൽ ബീഫ്‌ കൈവശം വെച്ചുവെന്നും കഴിച്ചുവെന്നും ആരോപിച്ച്‌ വീട്ടിൽ നിന്നും വലിച്ചിറക്കി ആൾക്കൂട്ടം മർദ്ദിച്ച്‌ കൊന്ന മൊഹമ്മദ്‌ അക്‌ലാഖ്‌ എന്നിവയെ/എന്നിവരെക്കുറിച്ചെല്ലാം കേവലം പതിനഞ്ച്‌ സെക്കന്റിൽ( 2.50 – 3.05 ) കോഴിപ്പങ്ക്‌ അഡ്രസ്‌ ചെയ്യുന്നുണ്ട്‌.
ഇന്ത്യൻ ജുഡ്യീഷ്യൽ സിസ്റ്റം പോലും ഇവർക്ക്‌ അനുകൂലം ആകുന്ന വേളയിൽ നാളത്തെ ഇന്ത്യ എങ്ങനെ ആയിരിക്കുമെന്നോർത്ത്‌ ഭയമുണ്ട്‌. ഇതുവരെ കണ്ടതെല്ലാം ആരംഭം മാത്രമായിരിക്കും. കഴിയുന്നത്‌ പോലെ എതിർക്കുക, കല കൊണ്ടാണെങ്കിൽ അങ്ങനെ.! അത്തരത്തിൽ, ഇന്നിന്റെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക്‌ നേരേ വന്ന ശക്തമായൊരു എതിർപ്പാണ്‌ കോഴിപ്പങ്ക്‌. ടെക്നിക്കൽ സൈഡ്‌ ആയാലും ക്രിയേറ്റീവ്‌ സൈഡ്‌ ആയാലും ബ്രില്ല്യന്റ്‌ വർക്ക്‌ തന്നെയാണിത്‌. കൂടുതൽ ആളുകളിലേക്ക്‌ എത്തട്ടെ.
“എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ..!!”

cp-webdesk

null
null