Cinemapranthan

ഇത് നരഹത്യയാണ്; ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്ക് ഇരയാകാന്‍ ആഗ്രഹിക്കുന്നില്ല: ഡോക്ടറുടെ തുറന്ന കത്ത്

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ തീരുമാനം

null

തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ ‘മാസ്റ്റർ’ റിലീസിനൊരുങ്ങുന്നതിൽ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ തീരുമാനം. തീരുമാനം ആത്മഹത്യാപരം മാത്രമല്ല നരഹത്യയുമാണെന്ന് അരവിന്ദ് ശ്രീനിവാസ് എന്ന ഡോക്ടര്‍ വിമര്‍ശിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെല്ലാം തളര്‍ന്നിരിക്കുകയാണ്. ശ്വസിക്കാന്‍ ഒരല്‍പം സമയം വേണമെന്നും ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലന്നും ഡോക്ടര്‍ തുറന്ന കത്തില്‍ പറയുന്നു.

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.

ഡോ. അരവിന്ദ് ശ്രീനിവാസിന്‍റെ കുറിപ്പ് ഇങ്ങനെ;

ഞാന്‍ ക്ഷീണിച്ചിരിക്കുന്നു. എന്നെപ്പോലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ തളര്‍ന്നിരിക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ശുചീകരണ തൊഴിലാളികളുമെല്ലാം തളര്‍ന്നിരിക്കുകയാണ്. മഹാമാരിയുണ്ടാക്കുന്ന നാശനഷ്ടം പരമാവധി കുറയ്ക്കാന്‍ അടിത്തട്ടില്‍ പരമാവധി പ്രയത്‌നിക്കുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ജോലിയെ ഞാന്‍ മഹത്വവത്കരിക്കുകയല്ല. അത്രത്തോളം പ്രാധാന്യം കാണുന്നവര്‍ക്ക് അനുഭവപ്പെടണമെന്നില്ല. ഞങ്ങള്‍ക്ക് മുന്നില്‍ ക്യാമറകളില്ല. ഞങ്ങള്‍ സ്റ്റണ്ട് ചെയ്യുന്നില്ല. ഞങ്ങള്‍ ഹീറോകളല്ല. എന്നാല്‍ ശ്വസിക്കാന്‍ കുറച്ച് സമയം ഞങ്ങള്‍ അര്‍ഹിക്കുന്നു. ആരുടെയെങ്കിലും സ്വാര്‍ത്ഥതയ്ക്കും അത്യാഗ്രഹത്തിനും ഇരയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

മഹാമാരി ഇനിയും അവസാനിച്ചിട്ടില്ല. കോവിഡ് ബാധിച്ച് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. തിയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണ്. ഇത് നരഹത്യയാണ്. കാരണം തീരുമാനം എടുക്കുന്നവരോ നായകന്മാരോ ആരും തന്നെ ജനക്കൂട്ടത്തിനിടയിലിരുന്ന് സിനിമ കണ്ട് സ്വന്തം ജീവന്‍ അപകടത്തിലാക്കുമെന്ന് തോന്നുന്നില്ല‍. ഇത് നിര്‍ലജ്ജമായ ബാര്‍ട്ടര്‍ സംവിധാനമാണ്. പണത്തിനായി ജീവിതം വ്യാപാരം ചെയ്യുകയാണ്.

നമ്മള്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് പറയുന്നത് എന്തുകൊണ്ടെന്ന് ശാസ്ത്രീയമായി വിശദീകരിക്കണമെന്നുണ്ട്. അതേസമയം ഞാന്‍ സ്വയം ചോദിക്കുന്നു- എന്തുകാര്യം?

എന്ന് പാവപ്പെട്ട, ക്ഷീണിച്ച ഒരു റസിഡന്‍റ് ഡോക്ടര്‍.

cp-webdesk

null

Latest Updates