Cinemapranthan
null

നാല് ജീവനുകൾ കരയിലേക്ക് പിടിച്ചു കയറ്റിയ കൈകൾ; ആ ഡ്രോണിന്റെ ഉടമ ഇതാണ്

ബാംഗ്ളൂരിൽ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദേവാങ്ക്

null

തളിക്കുളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളികളെ രക്ഷപെടുത്തിയ വാർത്ത നാമെല്ലാം കേട്ടതാണ്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത് എന്ന വാർത്ത വായിക്കുമ്പോൾ അതിന് പിന്നിൽ ആരെന്നു കൂടി അറിയേണ്ടതുണ്ട്. ഒന്നും രണ്ടുമല്ല നാല് ജീവനുകളെയാണ് പത്തൊമ്പത് വയസ്സുകാരൻ ദേവാങ്ക് രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. തളിക്കുളം പുത്തൻതോട് പരിസരത്ത് താമസിക്കുന്ന, തളിക്കുളം സെന്ററിലെ അമൂല്യ ജുവല്ലറി ഉടമ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ എന്നവരുടെ മകനാണ് ദേവാങ്ക്.

രാവിലെ മുതൽ പ്രധാന ന്യൂസ് ചാനലുകളിലൊക്കെ തളിക്കുളത്ത് കടലിൽ വള്ളം തകർന്ന് നാലുപേരെ കാണാതായി എന്ന വാർത്തയുണ്ടായിരുന്നു. നാടും നാട്ടുകാരുമൊക്കെ ഒരു ദുരന്തത്തിന്റെ ഭീതി പരസ്പരം പങ്കുവെച്ച മണിക്കൂറുകൾ. രാവിലെ പത്ത് മണിയോടെയാണ് ദേവാങ്കിനെ വിളിച്ച്‌ അച്ഛൻ ആ വിവരമറിയിക്കുന്നത്. കേട്ടതും കയ്യിലുള്ള ഡ്രോണുമെടുത്ത് നേരെ സ്നേഹതീരത്തേക്ക്. വള്ളം തകർന്നിട്ട് അപ്പോഴേക്കും നാല് മണിക്കൂർ പിന്നിട്ടിരുന്നു. മൽസ്യ തൊഴിലാളികൾ ഒരുക്കിയ ബോട്ടിൽ ജീവിതത്തിൽ ആദ്യമായി ഉൾക്കടലിലേക്ക് പുറപ്പെടുമ്പോൾ പലരും പറഞ്ഞത് ഒന്ന് പോയിനോക്ക്, വലിയ പ്രതീക്ഷയൊന്നും വേണ്ട എന്നായിരുന്നു. നാല് മണിക്കൂർ കഴിഞ്ഞത് കൊണ്ട് തന്നെ തിരച്ചിൽ നടത്തിയിരുന്ന സർവരും പ്രതീക്ഷയസ്തമിച്ച ആ മാനസിക നിലയിൽ തന്നെയായിരുന്നു.

കരയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ ഉൾക്കടലിലെത്തിയപ്പോൾ ശക്തമായ കാറ്റുള്ളത് കൊണ്ട് ഡ്രോൺ പറത്താനും ഏറെ ബുദ്ധിമുട്ടിയെന്ന്‌ ദേവാങ്ക് പറയുന്നു. പറത്തുന്നതിനേക്കാൾ പ്രയാസമായിരുന്നത്രെ ബോട്ടിലേക്ക് സെയിഫായി ഡ്രോൺ തിരികെ ലാൻഡ് ചെയ്യിക്കുക എന്നത്. തിരച്ചിലിനിടയിൽ കുടങ്ങൾക്ക് മീതെ ജീവന് വേണ്ടി യാചിക്കുന്ന മൂന്ന് പേരെയും ഒരാളെ കുടങ്ങളൊന്നുമില്ലാതെ ഒഴുകി നടക്കുന്ന രൂപത്തിലും ഡ്രോൺ പകർത്തി. പത്ത് മിനുട്ട് വൈകിയിരുന്നെങ്കിൽ ആ ഒഴുകി നടന്നിരുന്ന മനുഷ്യനെ ജീവനോടെ കിട്ടുമായിരുന്നില്ലെന്ന്‌ ദേവാങ്ക് പറയുന്നു. ബോട്ടിലേക്ക് പിടിച്ചു കയറ്റിയതും ആ മനുഷ്യൻ ബോധം കെട്ട് വീണു പോയിരുന്നു.

ബാംഗ്ളൂരിൽ ബി ടെക്ക് എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് ദേവാങ്ക്. ഒരു ദുരന്ത മുഖത്ത് ഒരല്പം പോലും പതറാതെ, മറ്റൊരു ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തിനായി കാത്തുനിൽക്കാതെ, തന്റെ കയ്യിലുള്ള ഒരു ഡ്രോണുകൊണ്ട് നാല് വിലപ്പെട്ട ജീവനുകൾ രക്ഷപ്പെടുത്തിയ ദേവാങ്ക് തന്നെയാണ് ഇന്ന് തളിക്കുളത്തെ ചർച്ചകളിലെ താരം.

cp-webdesk

null
null