Cinemapranthan
null

പ്രണയം മാത്രമല്ല ‘ഓ മൈ ഡാർലിംഗ്’; Review

രസകരമായ പ്രണയകഥയിലേക്ക് കടന്നു വരുന്ന ട്വിസ്റ്റ് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നു

null

‘ഓ മൈ ഡാർലിംഗ്’ പ്രേക്ഷകർക്കിടയിലേക്ക് ഒരു പക്കാ ന്യൂജെൻ പ്രണയകഥയുടെ ഇമേജ് നൽകിയാണ് എത്തിയത്. എന്നാൽ മനോഹരമായൊരു കൗമാര പ്രണയകഥക്കപ്പുറം ചിത്രം പറഞ്ഞു വെക്കുന്ന ചിലത് നമ്മളാരും അധികം ചർച്ച ചെയ്യാത്ത കാര്യങ്ങളാണ്. ഒരു പക്കാ ന്യൂജെനെറേഷൻ പ്രണയ കഥക്ക് വേണ്ടുന്ന എല്ലാ ചേരുവകളും പാകത്തിന് ചേർന്ന ചിത്രത്തിൽ വർത്തമാന കാലത്തിലെ ട്രെൻഡിങ്ങായി മാറിയ കൊറിയൻ സ്വാധീനവും, പശ്ചാത്തലവും മേമ്പൊടിയായി വരുന്നുണ്ട്. കൊറിയൻ സീരീസുകളെ ഓർമ്മിപ്പിക്കുന്ന കളർ പാറ്റേൺ സിനിമയിൽ പലയിടത്തും ഉപയോഗിച്ചിട്ടുള്ളത് കാഴ്ച്ചയിൽ പുതുമ നൽകുന്നു. നമുക്ക് ചുറ്റുമുള്ള പുതുതലമുറയുടെ ഒരു ലൈഫ് സ്റ്റൈൽ തന്നെയാണ് ചിത്രം തുറന്ന് കാണിക്കുന്നത്. ജെനിയും ജോയും പുത്തൻ തലമുറയുടെ പ്രതിനിധികളാണ്.

ആദ്യ പകുതി വളരെ മനോഹരമായി തന്നെ അനിഖയുടെയും മെൽവിന്റെയും കഥാപാത്രങ്ങളായ ജെനിയുടെയും ജോയുടെയും പ്രണയവും, ഇരുവരുടെയും കുടുബബന്ധങ്ങളുടെ ആഴവും പരപ്പും ഒക്കെയാണ് പറഞ്ഞു പോകുന്നതെങ്കിൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ സിനിമ കുറച്ചു കൂടി ഗൗരവമാവുകയാണ്. അതുവരെ കണ്ടിരുന്ന രസകരമായ പ്രണയകഥയിലേക്ക് കടന്നു വരുന്ന ട്വിസ്റ്റ് പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്നു.

MRKH (mayer – rokitansky – kuster -hauser) സിൻഡ്രോം അഥവാ ഗർഭപാത്രം ജന്മനാ ഇല്ലാത്ത ശാരീരികാവസ്ഥയും തുടർന്നുണ്ടാകുന്ന വ്യക്തിത്വ വൈകല്യവും നമ്മുടെ സിനിമകളിൽ അധികം കണ്ടു വരാത്ത വിഷയം ആണ്. ആർത്തവ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴും ആർത്തവസംബന്ധമായി ഉണ്ടാകുന്ന ഇത്തരം അവസ്ഥയും അതിനെ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളും അനുഭവിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും സിനിമ ഓർപ്പിക്കുന്നുണ്ട്. അയ്യായിരത്തിൽ ഒന്നെന്ന നിലയിൽ കണ്ടു വരുന്ന ഇത്തരം പ്രശ്നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സിനിമ പറഞ്ഞു വെക്കുന്നുണ്ട്.

സിനിമയിലെ ഇമോഷൻ രംഗങ്ങൾ പലയിടത്തും ഹൃദയം തൊടുന്നുണ്ട്. ജോണി ആന്റണിയും, മഞ്ജു പിള്ളയും, ലെനയും, മുകേഷും, വിജയരാഘവനും, ഡെയിൻ ഡേവിസും, ഫുക്രുവും, ഒറ്റ സീനിൽ വന്നു പോകുന്ന ഗണപതിയും ഒക്കെ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെക്കുന്നുണ്ട്. ജിനീഷ് കെ ജോയ് രചന നിർവ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ആല്‍ഫ്രഡ് ഡി സാമുവലാണ്. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null
null