Cinemapranthan
null

ഹൊററും, നർമ്മവും, പ്രണയവും തിയറ്ററുകൾ നിറക്കാനെത്തുമ്പോൾ; ഈ വാരം റിലീസിനെത്തുന്ന ചിത്രങ്ങൾ

ആറ് ചിത്രങ്ങളാണ് ഈ വാരം തിയറ്ററുകളിലെത്തുന്നത്

null

ആരാധകർ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ വാരം തിയറ്ററുകളിൽ എത്തുന്നത്. പേടിപ്പിച്ചും, ചിരിപ്പിച്ചും, പ്രണയിച്ചും തിയറ്ററുകൾ നിറക്കാൻ എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം..

ആഷിക് അബു സംവിധാനം ചെയ്യുന്ന ഹൊറർ – ത്രില്ലർ ചിത്രം ‘നീലവെളിച്ചം’ ഏപ്രിൽ 20 ന് തിയറ്ററുകളിൽ എത്തുന്നു. ടോവിനോ തോമസ്, റിമ കല്ലിങ്ങൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ്. എം എസ് ബാബുരാജിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിൽ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ – റെക്സ് വിജയൻ എന്നിവർ ചേർന്നാണ്. OPM സിനിമാസിന്റെ ബാനറിൽ ആഷിക് അബു – റിമ കല്ലിങ്ങൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 1964 ൽ ‘നീലവെളിച്ചം’ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ ഒരുക്കി ‘ഭാർഗവി നിലയം’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.

നവാഗതനായ ഇർഷാദ് പരാരി രചന – സംവിധാനം നിർവ്വഹിക്കുന്ന ഫാമിലി – കോമഡി ചിത്രമാണ് ‘അയൽവാശി’. സൗബിൻ ഷാഹിർ, നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ 21 നു ആണ് റിലീസിനെത്തുന്നത്. ലിജോ മോൾ ജോസ്, ബിനു പപ്പു, വിജയരാഘവൻ, നസ്ലിൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹ്‌സിൻ പരാരി – ആഷിക് ഉസ്മാൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ലുക്ക്മാൻ, ചെമ്പൻ വിനോദ്, അമൽദ ലിസ്, അനാർക്കലി മരക്കാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയ ചിത്രമാണ് ‘സുലൈഖ മൻസിൽ’. ഏപ്രിൽ 21 ന് പ്രദർശനത്തിന് എത്തുന്ന ചിത്രം രചന – സംവിധാനം ഒരുക്കിയിരിക്കുന്നത് അഷ്‌റഫ് ഹംസയാണ്. ഭീമന്റെ വഴി, തമാശ എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ ഒരുക്കുന്ന സിനിമയാണ് ‘സുലൈഖ മൻസിൽ’. ഗണപതി, ദീപ തോമസ്, ജോളി ചിറയത് എന്നിവരും ചിത്രത്തിൽ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

‘2018’ ൽ കേരളത്തെ പിടിച്ചു കുലുക്കിയ വെള്ളപ്പൊക്കം ദുരന്തത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘2018’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഏപ്രിൽ 21 നു റിലീസിനെത്തും. ജൂഡ് ആന്റണിയും അഖിൽ പി ധർമ്മജനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് നോബിൻ പോൾ ആണ്. ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, ശിവദാ, തൻവി റാം, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങാറ് അവതരിപ്പിക്കുന്നു.

ബേസിൽ ജോസഫ്, സ്വാതി ദാസ് പ്രഭു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന കോമഡി ചിത്രമാണ് ‘കഠിന കടോരമീ അണ്ഡകടാഹം’. ഏപ്രിൽ 21 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ മുഹസിൻ ആണ്. ജോണി ആന്റണി, ഇന്ദ്രൻസ്, ബിനു പപ്പു, ജഫാർ ഇടുക്കി എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ രചയിതാവ് കൂടിയായ ഹർഷാദ് ആണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

സായി ധർമ തേജ്, സംയുക്ത മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം ആണ് ‘വിരുപക്ഷ’. കാർത്തിക് വർമ്മ ദണ്ടു സംവിധാനം ചെയ്യുന്ന ആക്ഷൻ മിസ്റ്ററി ത്രില്ലർ ചിത്രം ഏപ്രിൽ 21 നു തിയറ്ററുകളിൽ എത്തും. ‘പുഷ്പ’ ചിത്രത്തിന്റെ സംവിധായകനായ സുകുമാർ ആണ് ‘വിരുപക്ഷ’യുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാന്താര, വിക്രാന്ത് റോണാ, എന്നീ ചിത്രങ്ങൾക്ക് സംഗീതം ചെയ്ത അജനീഷ് ലോക്നാഥ് ആണ് ‘വിരുപക്ഷ’ക്ക് സംഗീതം ഒരുക്കുന്നത്.

cp-webdesk

null
null