Cinemapranthan
null

കച്ചവട സിനിമകളുടെ തലതൊട്ടപ്പൻ; അനശ്വര സംവിധായകൻ ഐ വി ശശി വിടപറഞ്ഞിട്ട് 6 വർഷം

null

മലയാള സിനിമ കണ്ട ഏറ്റവും മികച്ച കൊമേർഷ്യൽ സിനിമളുകളുടെ സൃഷ്ട്ടാവ് , മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകൻ. ഐ. വി ശശി എന്ന ടൈറ്റിൽ കാർഡ് മലയാള സിനിമയിൽ സൃഷ്ടിച്ച കോളിളക്കം ചെറുതായിരുന്നില്ല..
മൂന്ന് പതിറ്റാണ്ടുകളുടെ സിനിമ ജീവിതം, നൂറ്റിഅൻപതിൽ പരം സിനിമകൾ.. അതിൽ ഭൂരിഭാഗവും സൂപ്പർ ഹിറ്റുകൾ.. വർഷത്തിൽ പത്തും പതിനഞ്ചും സിനിമകൾ ചെയ്ത് മലയാളത്തിൽ സൂപ്പർ താരങ്ങളെക്കാൾ തിരക്കുള്ള സംവിധായകനായിരുന്നു ഐ വി ശശി

അന്നോളം കണ്ട സിനിമാ രീതികളെയും ചിന്തകളെയും തിരുത്തിയെഴുതുന്നതായിരുന്നു ഓരോ ഐ വി ശശി ചിത്രങ്ങളും. പ്രതിനായക കഥാപാത്രങ്ങളിൽ കുടുങ്ങിക്കിടന്ന കെ പി ഉമ്മറിനെ നായകനാക്കി ‘ഉത്സവം’ ത്തിലൂടെ തുടങ്ങി. പിന്നാലെ റിലീസിനെത്തിയ ‘അവളുടെ രാവുകൾ’ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചു. പുനർവായനകളിൽ ഒരു കൾട്ട് ക്ലാസിക് ആയാണ് അവളുടെ രാവുകളെ മലയാളി പ്രേക്ഷകർ വിലയിരുത്തിയത്. മലയാളി തുടർന്നുവന്ന കപട സദാചാര ബോധത്തിന്മേലുള്ള ആഞ്ഞടിയായിരുന്നു സീമയയെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രം. രതിയും പ്രണയവും പ്രതികാരവും നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ ഐ. വി ശശി സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മനുഷ്യന്റെ എല്ലാ വൈകാരിക തലങ്ങളും തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം വെള്ളിത്തിരയിൽ കൊണ്ടുവന്നു.. അങ്ങാടിയും, അഹിംസയും, ആലിംഗനവും, ആ നിമിഷവും, ഇണയും, ഈറ്റയും ഈ നാടും, ഉയരങ്ങളിലും, ഉത്സവവും അടക്കം അക്ഷരമാലയിൽ അദ്ദേഹം തന്റെ സിനിമ പേരിൽ ഉപയോഗിക്കാത്ത അക്ഷരങ്ങൾ പോലും ഉണ്ടാവില്ല..

മലയാളത്തിലെ ഏറ്റവും മികച്ച കോമ്പിനേഷൻ ആയിരുന്നു മമ്മൂട്ടി-IV ശശി കോമ്പിനേഷൻ. മലയാള സിനിമയിലെ ഏറ്റവും വിജയകരവും പണമിടപാടുമുള്ളതുമായ ഒന്നായിരുന്നു അത്.. ഏതാണ്ട് 35-ലധികം സിനിമകളിൽ മമ്മൂട്ടിയ്‌ക്കൊപ്പം പ്രവർത്തിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമ ജനിച്ചത് മോഹൻലാലിനൊപ്പമാണെന്നാണ് ഐ വി ശശി പറയാറ്. രഞ്ജിത്തിന്റെ തിരക്കഥയിൽ മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ദേവാസുരം’ മലയാളത്തിന്റെ തന്നെ ക്ലാസിക് ആണ്. ഗുരു , അള്ളാവുദ്ദീനും അർപ്പുത വിളക്കും , കരിഷ്മ , ഈറ്റ തുടങ്ങിയ ചിത്രങ്ങളിൽ കമൽഹാസനെ നായകനാക്കിയും അദ്ദേഹം സിനിമ ഒരുക്കി. അള്ളാവുദ്ദീനും അൽഭുത വിളക്കും (1979) എന്ന ചിത്രത്തിലൂടെ രജനികാന്തിനെ മലയാള ചലച്ചിത്രലോകത്തിന് പരിചയപ്പെടുത്തിയ അദ്ദേഹം , രജനികാന്തിനെ നായകനാക്കി തെലുങ്ക്-തമിഴ് ദ്വിഭാഷാ ചിത്രമായ കാളിയും നിർമ്മിച്ചു. പതിത ( മിഥുൻ ചക്രവർത്തി ), അനോഖ റിഷ്ട ( രാജേഷ് ഖന്ന , സ്മിതാ പാട്ടീൽ ), പ്രതിശോധ് (1980) , കരിഷ്മ തുടങ്ങിയ ഹിന്ദി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും നിരൂപക പ്രശംസ നേടിയ ഹിന്ദി ചിത്രമാണ് രാജേഷ് ഖന്ന നായകനായ ‘അനോഖ റിഷ്ട’. 1979-ൽ കെ.ആർ.വിജയ , സീമ, ജയശങ്കർ എന്നിവർ അഭിനയിച്ച ഒരേ വാനം ഒരേ ഭൂമി ആയിരുന്നു തമിഴിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ , അത് മലയാളത്തിൽ ഏഴാംകടലിനക്കരെ എന്ന പേരിൽ റീമേക്ക് ചെയ്തു .

തിരക്കഥാകൃത്ത് ടി. ദാമോദരൻ എഴുതിയ അദ്ദേഹത്തിന്റെ യുദ്ധ പ്രമേയമായ 1921 എന്ന സിനിമയാണ് ഇറ്റാലിയൻ ഫിലിം ഫെസ്റ്റിവലിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളം സിനിമ. ശൈശവ വിവാഹത്തെക്കുറിച്ചുള്ള ആദ്യ മലയാള സിനിമയായിരുന്നു അദ്ദേഹത്തിന്റെ ഇന . 1982-ൽ, ആരൂഢം എന്ന ചിത്രത്തിന് ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നാഷണൽ ഫിലിം അവാർഡിന്റെ നർഗീസ് ദത്ത് അവാർഡ് അതിന്റെ നിർമ്മാതാവ് റോസമ്മ ജോർജുമായി പങ്കിട്ടു . വടക്കേ അമേരിക്കയിൽ ചിത്രീകരിച്ച ആദ്യത്തെ മലയാളം ചിത്രമാണ് ഏഴാംകടലിനക്കരെ , മാൻഹട്ടൻ അതിന്റെ ലൊക്കേഷനുകളിലൊന്നാണ്. കാനഡയിലെ ഒന്റാറിയോയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമാണ് സുരലോകജലധാര എന്ന ഗാനം ചിത്രീകരിച്ചത്

1948 മാർച്ച് 28ന് കോഴിക്കോട് ജനിച്ച ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ വി ശശി 2017 ഒക്ടോബർ 25ന് ആയിരുന്നു വിടപറഞ്ഞത്. ഇന്നേക്ക് അദ്ദേഹം ഓർമ്മയായിട്ട് 6 വര്ഷം തികയുന്നു. സിനിമകളെ ഉൽസവങ്ങളാക്കി തിയേറ്ററുകളിൽ ആൾക്കൂട്ടത്തെ എത്തിച്ച സൂപ്പർ ഹിറ്റ് സംവിധായകനു മുമ്പിൽ ഓർമ്മ പൂക്കൾ

null
null