Cinemapranthan
null

കിടിലൻ കൊമേർഷ്യൽ എന്റെർറ്റൈനെർനുള്ള എല്ലാ ചേരുവകളും ഉണ്ടായിട്ടും വേണ്ട വിധം ചർച്ച ചെയ്യപ്പെടാതെ പോയൊരു ചിത്രം; കെ.ജി. ജോർജ്ജ് നിർമ്മിച്ച മാസ്സ് സിനിമ ‘മാഹാനഗരം’

null

ചരിത്രത്തിന്റെ തങ്കത്താളുകൾ പോയിട്ട് കൂറക്കടലാസിലടിച്ച ടിപ്പണിയിൽ പോലും പേര് വരാത്ത ഒരു കൂട്ടം നിസ്വാർത്ഥ സേവകരുടെ പിൻതലമുറയാണ് ചന്തക്കാട് നിവാസികൾ. പകരമൊന്നുടുക്കാനില്ലാത്ത ഉടു തുണികളവർ വിദേശ വസ്ത്ര ബഹിഷ്കരണത്തിന്റെ പേരിൽ സ്വാതന്ത്ര്യ സമര തീച്ചൂളയിലേക്കെറിഞ്ഞവർ. യർവാദാ അടക്കമുള്ള ജയിലുകളിൽ ഗാന്ധിജിയോടൊപ്പം തടവുശിക്ഷ അനുഭവിച്ചവർ. ഉപ്പുസത്യാഗ്രഹത്തിന് ഗാന്ധിജിയെ അനുഗമിച്ചവർ. പക്ഷേ അതേക്കുറിച്ച് ലണ്ടൻ ടൈംസിൽ വന്ന വാർത്താ ചിത്രങ്ങളിലൊന്നും അവരുടെ മുഖങ്ങളുണ്ടായിരുന്നില്ല. ഗാന്ധിസം അവർക്കൊരു ജീവിതചര്യയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം കൃത്യമായി പറഞ്ഞാൽ ഗാന്ധിജിയുടെ മരണത്തിന് ശേഷം പവർ പൊളിറ്റിക്സിന്റെ ലൈം ലൈറ്റിലേക്ക് വരാതിരുന്ന അവര് ഈ നഗരത്തിന് പുറത്ത് ഒരു മാതൃകാ ഗ്രാമമുണ്ടാക്കി. രാഷ്ട്രപതി വിഭാവനം ചെയ്ത ഒരു സെൽഫ് സഫിഷ്യന്റ് ഗ്രാമ പഞ്ചായത്ത്. മദ്യത്തിനും ഹിംസക്കും ചൂഷണത്തിനുമൊന്നും സ്ഥാനമില്ലാത്തിരുന്ന ആ ഗ്രാമമായിരുന്നു വിശ്വനാഥന്റെ സാമ്രാജ്യം

വിശ്വൻ.. ചന്തക്കാട് വിശ്വൻ.. നീട്ടി വളർത്തിയ താടിക്കും മുടിക്കും കുറുകെ തലയിൽ ഒരു തൂവാലകൊണ്ടുള്ള കെട്ടും നീളൻ ജുബ്ബയും ഇട്ട് അധോലക നായകനായി മലയാളികൾ അന്ന് വരെ കാണാത്ത മാസ്സ് ലുക്കിൽ മമ്മൂട്ടി എന്ന നടൻ ചന്തക്കാട് വിശ്വൻ ആയി പകർന്നാട്ടം നടത്തിയ ചിത്രം, പറഞ്ഞു വരുന്നത് മലയാളത്തിലെ ഒരു അണ്ടർ റേറ്റഡ് മാസ്സ് സിനിമ ‘മഹാനഗരം’ത്തെ കുറിച്ചാണ്..

വിഖ്യാത ചലച്ചിത്രകാരൻ കെ ജി ജോർജ്ജ് ആദ്യമായും അവസാനമായും നിർമ്മിച്ച ചിത്രം.. ചാണക്യനും ക്ഷണക്കത്തിനും ഒറ്റയാൾ പട്ടാളത്തിനും ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം..കോട്ടയം കുഞ്ഞച്ചനും കിഴക്കൻ പത്രോസിനും ശേഷം ഡെന്നിസ് ജോസഫ് തിരക്കഥ ഒരുക്കിയ ചിത്രം.. മമ്മൂട്ടി , മുരളി , തിലകൻ, എന്നിവർക്കൊപ്പം ഹിന്ദി നടി നീതാ പുരി നായികയായ ചിത്രം.. ഒരുപാട് പ്രേത്യേകതകളോടെയും വലിയ പ്രതീക്ഷക്കൊടെയും വലിയ ചിലവോടെയും 1992-ൽ പുറത്തിറങ്ങിയ ചിത്രം എന്നാൽ തീയറ്ററിൽ അമ്പേ പരാജയപ്പെടുകയായിരുന്നു

മമ്മൂട്ടിയുടെ അധികം ചർച്ച ചെയ്യപ്പെടാത്ത മാസ്സ് റോൾ, ടി കെ രാജീവ് കുമാറിന്റെ അധികം ചർച്ച ചെയ്യാത്ത മേക്കിങ്, ഡെന്നിസ് ജോസെഫിന്റെ അണ്ടർറേറ്റഡ് തിരക്കഥ.. മാസ്സ് ഡയലോഗ്സ്.. തിലകന്റെ ഗംഭീര വില്ലൻ വേഷം.. മുരളിയുടെ മികച്ച കഥാപത്ര സൃഷ്ട്ടി.. മഹാ നഗരം എന്ന പരാജയ ചിത്രം പ്രിയപെട്ടതാവുന്നത് ഇതുപോലുള്ള ഒരുപിടി ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്

ചിത്രത്തിന്റെ കഥയിലേക്ക് വന്നാൽ.. മംഗലാപുരത്തുകാരൻ ഡിസൂസയുമായി പങ്കു കച്ചവടമുണ്ട് വിശ്വന്.. കസ്റ്റംസിനെ കബളിപ്പിച്ച് സാധനങ്ങൾ പിടിച്ചെടുത്ത് തന്റെ ഇടപാടുകാരനായ ഡിസൂസക്ക് കൊണ്ട് കൊടുക്കുന്ന കള്ളക്കടത്ത് സീക്വൻസിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. ചരക്ക് കള്ളക്കടത്തിനൊപ്പം അവരുടെ മയക്കുമരുന്ന് കച്ചവടത്തിലും ഒരു പങ്കാളിയാവാനുള്ള ഡിസൂസയുടെ ക്ഷണം വിശ്വൻ നിരസിക്കുന്നു. പ്രകോപിതനായ ഡിസൂസ, തൻ്റെ രഹസ്യങ്ങളെല്ലാം അറിയാവുന്ന വിശ്വനെ കൊല്ലാൻ ഗുണ്ടകളെ അയയ്ക്കുന്നു. മംഗലാപുരത്തു നിന്നു നാട്ടിലേക്ക് മടങ്ങുന്ന വിശ്വനെ വഴിയിൽ വച്ച് ഗുണ്ടകൾ ആക്രമിക്കുന്നു. കോഴിക്കോട് അസിസ്റ്റൻ്റ് കമ്മീഷണറായി ജോലിയിൽ പ്രവേശിക്കാൻ ബാംഗ്ലൂരിൽ നിന്ന് കുടുംബസമേതം കാറിൽ വരികയാണ് മുരളി അവതരിപ്പിക്കുന്ന ചന്ദ്രദാസ് എന്ന കഥാപാത്രം. വഴിയിൽ വച്ച്, ഗുണ്ടകൾ വിശ്വനെ ആക്രമിക്കുന്നതു കാണുന്ന ചന്ദ്രദാസ്, അവരെ തോക്കു കാട്ടി വിരട്ടി ഓടിക്കുന്നു. പരിക്കേറ്റ വിശ്വനെ അയാൾ ആശുപത്രിയിലാക്കി പോലീസ് കാവലേർപ്പെടുത്തുന്നു. എന്നാൽ, ചന്ദ്രദാസ് പോയ ശേഷം, പോലീസ് വിവരം നല്കിയതനുസരിച്ച്, ഡിസൂസയുടെ ഗുണ്ടകൾ ആശുപത്രിയിലെത്തി വിശ്വനെ ആക്രമിക്കുന്നു. ഗുണ്ടകളെ അടിച്ചുവീഴ്ത്തി അവരുടെ കാറിൽ വിശ്വൻ രക്ഷപെടുന്നു. വഴിയിൽ വച്ച്, വാഹനം കേടായതിനാൽ വർക്ക് ഷോപ്പിൽ നില്ക്കുന്ന ചന്ദ്രദാസിനെയും കുടുംബത്തെയും വിശ്വൻ കൂടെക്കൂട്ടുന്നു. അവരുടെ കൂടെ നാട്ടിലേക്കുള്ള യാത്രയിൽ തന്റെ ആജന്മ ശത്രു കേളു റൈറ്ററുടെ മരുമകനാണ് ചന്ദ്രദാസ് എന്ന് വിശ്വൻ മനസിലാക്കുന്നു എന്നാൽ അതിന്ടെ വൈരാഗ്യമോ ദേഷ്യമോ കാണിക്കാത്ത വിശ്വൻ തന്റെ തട്ടകമായ ചന്തക്കാടെക്കായിരുന്നു അവരെയും കൊണ്ട് പോയത്.. ചന്ദ്രദാസിനൊപ്പമാണ് പ്രേക്ഷനും മനസിലാക്കുന്നത് ആരാണ് ചന്തക്കാട് വിശ്വൻ എന്നും എന്താണ് വിശ്വനും കേളു വറൈറ്ററും തമ്മിലുള്ള പ്രശ്നമെന്നും അവർ തമ്മിലുള്ള പകയുടെ /പ്രതികാരത്തിന്റെ പോരാട്ടത്തിന്റെ കഥയാണ് മഹാനഗരം

ഒരു കിടിലൻ കൊമേർഷ്യൽ എന്റെർറ്റൈനെർനുള്ള എല്ലാ ചേരുവകളും ഉണ്ടായിട്ടും വേണ്ട വിധം ചർച്ച ചെയ്യപ്പെടാതെ പോയ ഒരു ചിത്രമാണ് മഹാനഗരം, ഒരിക്കലും ‘മഹാനഗരം’ ഒരു മോശം സിനിമയല്ല ഇന്നും നല്ല ഫ്രഷ്‌ഷ്ണേസ്സോടെ കണ്ടിരിക്കാൻ പറ്റുന്ന ഒരു മികച്ച സിനിമ ആണ് നിങ്ങളീ ചിത്രം കാണാത്തവർ ആണെങ്കിൽ ഒന്ന് കണ്ടു നോക്കു ഒരിക്കലും നിങ്ങളെ ചിത്രം നിരാശപ്പെടുത്തില്ല

cp-webdesk

null
null