Cinemapranthan
null

‘അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്’ ; മറുപടിയുമായി കനി കുസൃതി

ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് ആയിരുന്നെന്നാണ് കനി വ്യക്തമാക്കുന്നത്

null

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ വിതരണം കഴിഞ്ഞ ദിവസം നടന്നിരുന്നു. മികച്ച നടിക്കുള്ള അവാർഡ് ഏറ്റു വാങ്ങാൻ എത്തിയ കനിക്കെതിരെ ചുവപ്പ് ലിപ്സ്റ്റിക് ഇട്ടതിന് വിമർശനം നേരിട്ടിരുന്നു. മുൻപ് ഒരു മാഗസിന്റെ കവർ ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളിൽ തന്നെ വെളുപ്പിച്ചതിന്റെ പേരിൽ കനി രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കനിക്കെതിരായ ലിപ്സ്റ്റിക് വിമർശനം ഉയർന്നത്. എന്നാലിപ്പോൾ വിമർശകർക്ക് തക്കതായ മറുപടിയുമായി എത്തിയിരിക്കുകയാണ് കനി കുസൃതി.

ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചതെന്നും, ആ റെഡ് ലിപ്സ്റ്റിക് ഒരു നിലപാട് ആയിരുന്നെന്നുമാണ് കനി വ്യക്തമാക്കുന്നത്.

“അയ്യേ ലിപ്സ്റ്റിക്‌ ഇട്ടൊ? എന്ന മലയാളി ചോദ്യത്തിന്.. അറിഞ്ഞുകൊണ്ട്‌ തന്നെയാണ് ലോക പ്രശസ്തയായ ‘റിയാന’ എന്ന സിംഗർ, സോങ്ങ് റൈറ്ററുടെ ‘ഫെന്‍റിബ്യൂട്ടി’ ബ്രാൻറിലെ ‘യൂണിവേഴ്സൽ റെഡ്‌ ലിപ്സ്റ്റിക്’‌ ഇട്ട്‌ പോയത്‌.” ആ ‘റെഡ്‌ ലിപ്സ്റ്റിക്‌’ എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാർഥമായി അറിയാൻ അഗ്രഹിക്കുന്നവർ വായിച്ചു മനസ്സിലാക്കുക.” കനി കുറിക്കുന്നു.

”നിറമുള്ള തൊലിയുള്ളവര്‍ക്ക് ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ഇണങ്ങില്ലെന്ന പറച്ചിലുകള്‍ക്കെതിരെയാണ് റിഹാനയുടെ ചുവന്ന ലിപ്സ്റ്റിക്ക് ഉണ്ടാക്കിയിട്ടുള്ളതെന്നും അതുകൊണ്ടാണ് ആ ലിപ്സ്റ്റിക്ക് തന്നെ താന്‍ തിരഞ്ഞെടുത്തതെന്നും കനി പറയുന്നു. ലൈഫ്‌സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പറായ റോക്കി വെളുത്ത തൊലിയുള്ളവര്‍ക്കാണ് ചുവന്ന ലിപ്സ്റ്റിക്ക് ചേരുന്നത് എന്ന് പറഞ്ഞതിനെക്കുറിച്ചും ആ പരാമര്‍ശം വിമർശനം ഏറ്റുവാങ്ങിയതിനെക്കുറിച്ചും കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ ചുണ്ടുകള്‍ ഒരേ സമയം കളിയാക്കപ്പെടുകയും സെക്ഷ്വലൈസ് ചെയ്യപ്പെടുകയും ചെയ്യുന്നതാണെന്നും അത് ഒരിക്കലും ചുവപ്പ് നിറം ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യപ്പെടരുതെന്നും മറച്ചുവെക്കപ്പെടേണ്ടതാണെന്നുമുള്ള പൊതുധാരണയാണ് റാപ്പര്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതെന്ന ലേഖനത്തിലെ ഭാഗവും പോസ്റ്റിൽ പങ്ക് വെച്ച് കൊണ്ടാണ് കനി തന്റെ നിലപാട് വ്യക്തമാക്കിയത്.

യൂണിവേഴ്‌സല്‍ ലിപ്സ്റ്റിക്കിനെ കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ക്കായി വിവരങ്ങള്‍ അടങ്ങിയ ലിങ്കും കനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

cp-webdesk

null
null