Cinemapranthan

‘1996 മുതലുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് ഒട്ടിക്കുകയായിരുന്നു’: ഒരു കട്ട മഞ്ജു വാര്യര്‍ ആരാധികയുടെ കുറിപ്പ്

“കുട്ടികാലത്ത് ഏത് വീട്ടിൽ ചെന്നാലും അവിടത്തെ നാന, സിനിമ മംഗളം, ചിത്രഭൂമി തുടങ്ങിയവയിൽ മഞ്ജു വാര്യരുടെ ഫോട്ടോ ഉണ്ടെങ്കിൽ അത്‌ അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ താൻ കൈക്കലാക്കിയിരുന്നു”

മഞ്ജു വാര്യരുടെ കടുത്ത ആരാധികയായ മഞ്ജു സാന്‍സ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഒരു പഴയ പുസ്തകത്തില്‍ 1996 മുതലുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് ഒട്ടിക്കുകയായിരുന്നു ആരാധികയായ മഞ്ജുവിന്‍റെ ഹോബി. കുട്ടികാലത്ത് ഏത് വീട്ടിൽ ചെന്നാലും അവിടത്തെ നാന, സിനിമ മംഗളം, ചിത്രഭൂമി തുടങ്ങിയവയിൽ മഞ്ജു വാര്യരുടെ ഫോട്ടോ ഉണ്ടെങ്കിൽ അത്‌ അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ താൻ കൈക്കലാക്കിയിരുന്നു എന്നും പറയുകയാണ് മഞ്ജു വാര്യരുടെ ഈ കട്ട ആരാധിക.

മഞ്ജു സാന്‍സ് പങ്കുവെച്ച കുറിപ്പ് വായിക്കാം:

1996, ഞാൻ ഹൈസ്കൂളിൽ പഠിക്കുന്ന സമയം സല്ലാപവും ഈ പുഴയും കടന്നും തൂവൽ കൊട്ടാരവും ഒക്കെ കണ്ട് മഞ്ജു വാര്യരോട് താരാരാധന തുടങ്ങിയ കാലം… മഞ്ജു വാര്യരുടെ ഫോട്ടോ എവിടെ ഏത് മാസികയിൽ കണ്ടാലും അതെല്ലാം വെട്ടിയെടുത്ത് പഴയ പാഠപുസ്തകത്തിൽ ചോറുംവറ്റ് കൂട്ടി ഒട്ടിച്ചു വെക്കുക എന്നതായിരുന്നു പ്രധാന hobby. ഏത് വീട്ടിൽ ചെന്നാലും അവിടത്തെ നാന, സിനിമ മംഗളം, ചിത്രഭൂമി തുടങ്ങിയവയിൽ മഞ്ജു വാര്യരുടെ ഫോട്ടോ ഉണ്ടോ.. അത്‌ അനുവാദം വാങ്ങിയോ അടിച്ചു മാറ്റിയോ ഞാൻ കൈക്കലാക്കിയിരുന്നു… മീൻ പൊതിഞ്ഞു കിട്ടിയിരുന്ന പേപ്പറിലെ ഫോട്ടോ വരെ വൃത്തിയാക്കി ഒട്ടിച്ചു വച്ചിരുന്ന ‘വട്ട് ‘. മുടി ചെരിച്ചു വകച്ചിൽ ഇട്ടും കുങ്കുമ ക്കുറി വരച്ചും മഞ്ജു വാര്യർ സ്റ്റൈലിനോട്‌ താദാത്മ്യം പാലിക്കാനുള്ള ശ്രമങ്ങളും ഒപ്പം നടന്നിരുന്നു. സ്വന്തമായി കോന്ത്രൻ പല്ല് ഉള്ളത് പോലും അഭിമാനമായി കണ്ടിരുന്ന കാലമായിരുന്നു അത്‌. ഓരോ സിനിമയും എത്ര പ്രാവശ്യം കണ്ടാലും കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ആ മുഖത്തെ അഭിനയം ആസ്വദിച്ചിരുന്നത്. ഒടുവിൽ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ പൂർത്തിയാക്കാതെ കല്യാണം കഴിച്ചു മഞ്ജു വാര്യർ സിനിമരംഗത്തുനിന്നും വിട്ടുനിൽക്കുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു.

ദിലീപും എന്‍റെ പാപ്പ (ചെറിയച്ഛൻ) രമേശ് കുറുമശ്ശേരിയും ഒക്കെ ഒരുമിച്ചായിരുന്നു ‘ഹരിശ്രീ മിമിക്സ്’ ട്രൂപിൽ ഉണ്ടായിരുന്നത്. കല്യാണത്തിന്‍റെ റിസപ്ഷനുള്ള ക്ഷണം പാപ്പയ്ക്കും ഉണ്ടായിരുന്നു. പാപ്പയും ചെറിയമ്മയും ഫംഗ്ഷന് പോകാൻ ഒരുങ്ങുന്ന സമയത്ത് ഞാൻ മഞ്ജു വാര്യർ ക്കുള്ള എന്‍റെ ‘സമ്മാനം’ ആയി ഈ ഫോട്ടോ കളക്ഷന്‍ ടെക്സ്റ്റ് ബുക്കിനെ ഗിഫ്റ്റ് പേപ്പറിൽ പൊതിഞ്ഞു ഭംഗിയാക്കി എടുത്തു.

” ഈ പാഠപുസ്തകത്തിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന ഈ കളക്ഷന്‍ ഒക്കെ കണ്ടാൽ മഞ്ജു വാര്യർ എടുത്ത് വല്ല ചവറ്റുകൊട്ടയിലും കളയും. നീ വല്യ കാര്യമായി കൊണ്ടു നടക്കുന്ന ഇതൊക്കെ ഇവിടെ തന്നെ സൂക്ഷിച്ചു വക്കുന്നതാണ് നല്ലത് ” എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ പിന്തിരിച്ചപ്പോൾ ശരിയാണെന്നു എനിക്കും തോന്നി. അവർക്കൊപ്പം ഫംഗ്ഷന് പോകണമെന്നോ ആൾക്കൂട്ടത്തിൽ മഞ്ജു വാര്യരെ കാണണമെന്നോ…എന്തോ എനിക്ക് അങ്ങനത്തെ ആഗ്രഹമൊന്നും തോന്നിയിരുന്നുമില്ല. പിന്നീട് ഒരു ദിവസം ദിലീപിന്‍റെ വീട്ടിലെ നമ്പർ പാപ്പയിൽ നിന്നും വാങ്ങി, മഞ്ജു വാര്യരോട് സംസാരിക്കാനായി ഒന്ന് വിളിച്ചു നോക്കി. ദിലീപ് ആണ് എടുത്തത് “മഞ്ജു പെങ്ങളുടെ ഒപ്പം പര്‍ച്ചേസിംഗിന് പോയിരിക്കാണ് ” എന്ന് പറഞ്ഞു.

പിന്നെ പിന്നെ അതൊക്ക വിട്ടു. എന്നാലും വെട്ടി ഒട്ടിക്കൽ പരിപാടിക്ക് ഒരു കുറവും വരുത്തിയില്ല. കുറെ മാസങ്ങൾ കഴിഞ്ഞപ്പോൾ മഞ്ജു വാര്യരുടെ ഫോട്ടോസും മാധ്യമങ്ങളിൽ സജീവമല്ലാതായി. “ചേച്ചീടെ മഞ്ജു വാര്യരെ ഒക്കെ ഞാൻ കീറിക്കളയും” എന്നൊക്കയായിരുന്നു അനിയന്മാർ വഴക്കുണ്ടാക്കുമ്പോൾ എന്നോട് പറഞ്ഞിരുന്ന പ്രധാന ഭീഷണി. കാലം കഴിയും തോറും ഹോബികളും ഇന്‍ററസ്റ്റിംഗ് ഫീല്‍ഡും ഒക്കെ വളരെയധികം മാറി. ഈയൊരു കളക്ഷനെ കുറിച്ച് ഓർക്കാതെയുമായി. ഈ മാസം വീട്ടിൽ പോയപ്പോൾ ഇരുപത്തഞ്ച് വർഷങ്ങൾക്കു ശേഷം ഈ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഭയങ്കര സന്തോഷം, കൂടെ ചമ്മലും .

പണ്ടത്തേക്കാൾ സജീവമായി മഞ്ജു വാര്യർ അഭിനയിക്കുന്ന ഈ 2021 ലും എന്‍റെ 1996-99 കളക്ഷന്‍ ഒരു ചിതലരിക്കലിനോ എലി കരണ്ടലിനോ ആക്രി ചാക്കിനോ ഇരയാകാതെ ഇരിക്കുന്നു എന്നത് തന്നെ അതിശയമാണ്…. ഈ പാഠപുസ്തകത്തിലെ ചിത്രങ്ങൾ നൽകുന്ന കൗതുകം നിങ്ങളെയും ആ കാലത്തിലേക്ക് തിരിച്ചു നടത്തിക്കും എന്ന് തോന്നിയത് കൊണ്ട് ഇവിടെ പങ്കു വെക്കുന്നു.

cp-webdesk