‘ഛോട്ടാ മുംബൈ’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചതിന് പിന്നാലെ മോഹൻലാൽ ആരാധകർക്ക് വീണ്ടുമൊരു ആവേശവാർത്ത. മോഹൻലാലിനെ നായകനാക്കി പുതിയൊരു സിനിമയുടെ ആലോചനയിലാണെന്ന് നടനും നിർമാതാവുമായ മണിയൻപിള്ള രാജു വ്യക്തമാക്കിക്കഴിഞ്ഞു. ‘പുരുഷ പ്രേതം’, ‘ആട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയ കൃഷാന്ദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നിയോഗ് കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

‘ഛോട്ടാ മുംബൈ’ പോലെ പ്രേക്ഷകർക്ക് തിയേറ്ററിൽ പൂർണ്ണമായി ആഘോഷിക്കാൻ കഴിയുന്ന ഒരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മണിയൻപിള്ള രാജു മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചു. മോഹൻലാൽ എന്ന വിസ്മയ നടനിലെ കുട്ടിത്തവും, ഹ്യൂമറും, ആക്ഷനും, ഡാൻസുമെല്ലാം കൃത്യമായി ഉപയോഗിക്കുന്ന ശക്തമായൊരു തിരക്കഥയാണ് ചിത്രത്തിനായി പുരോഗമിക്കുന്നത്.
‘ഛോട്ടാ മുംബൈ’, ‘വെള്ളാനകളുടെ നാട്’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് രണ്ടാം ഭാഗവുമായി പലരും സമീപിക്കാറുണ്ടെങ്കിലും, പുതിയ കഥകളും ചിന്തകളുമാണ് പ്രേക്ഷകർക്ക് വേണ്ടതെന്നാണ് മണിയൻപിള്ള രാജുവിന്റെ നിലപാട്. ‘ഹലോ മൈ ഡിയർ റോങ് നമ്പർ’ മുതൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’, ‘കണ്ണെഴുതി പൊട്ടുംതൊട്ട്’, ‘അനന്തഭദ്രം’, ‘പാവാട’ തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഈ ബിഗ് പ്രൊജക്റ്റും ഒരുങ്ങുന്നത്. സൈജു കുറുപ്പ് നായകനായ ‘ഗു’ ആണ് ഈ ബാനറിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
ലാലേട്ടന്റെ തനത് മാസ്-കോമഡി ഘടകങ്ങൾ തിരികെ കൊണ്ടുവരുന്ന കൃഷാന്ദ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.






