Cinemapranthan

‘എന്റെ സിനിമ മോശമാണെന്ന് പറയാൻ യോഗ്യത ഇന്ത്യയിൽ കമൽഹാസൻ സാറിന് മാത്രം’; അൽഫോൻസ് പുത്രൻ

ഇൻസ്റ്റാഗ്രാമിലും ഫേസ്‍ബുക്കിലും ഇനി തന്റെ മുഖം കാണില്ല എന്ന് കുറിപ്പ് പങ്ക് വെച്ച് കൊണ്ട് പ്രൊഫൈൽ ഫോട്ടോ അൽഫോൻസ് മാറ്റിയിരുന്നു

തന്റെ സിനിമകൾ മോശമാണെന്ന് പറയാൻ യോഗ്യത ഇന്ത്യയിൽ കമൽഹാസന് മാത്രമെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഗോൾഡ് സിനിമ മോശമാണെന്ന് കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി കൊണ്ടാണ് അൽഫോൻസ് ഇക്കാര്യം പറഞ്ഞത്. ഗോൾഡ് സിനിമയുടെ പേരിൽ നിരവധി ട്രോളുകളും മറ്റും നേരിട്ടിരുന്ന അൽഫോൻസ് പ്രതിക്ഷേധ സൂചകമായി ഇൻസ്റ്റാഗ്രാമിലും ഫേസ്‍ബുക്കിലും ഇനി തന്റെ മുഖം കാണില്ല എന്ന് കുറിപ്പ് പങ്ക് വെച്ച് കൊണ്ട് പ്രൊഫൈൽ ഫോട്ടോ അൽഫോൻസ് മാറ്റിയിരുന്നു.

‘​ഗോൾഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ചു. അടുത്ത പടം ഇറക്ക്, സീൻ മാറും,’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി ‘ഇത് തെറ്റാണ് ബ്രോ, നിങ്ങൾക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോ​ഗ്യത ഇന്ത്യയിൽ ഞാൻ ആകെ കണ്ടത് കമൽ ഹാസൻ സാറിൽ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയിൽ എന്നേക്കാൾ കൂടുതൽ പണി അറിയാവുന്ന വ്യക്തി. അപ്പോൾ ഇനി പറയുമ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അൽഫോൺസിന്റെ പ്രതികരണം. ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് അത് വീണ്ടും പോസ്റ്റ് ചെയ്തു കൊണ്ടാണ് അൽഫോൺസിന്റെ മറുപടി. എന്നാൽ പിന്നീട് അൽഫോൻസ് ഈ പോസ്റ്റ് നീക്കം ചെയ്തു. നിലവിൽ ഇൻസ്റ്റാഗ്രാമിൽ തന്റെ പോസ്റ്റുകൾ എല്ലാം സംവിധായകൻ നീക്കം ചെയ്തിരിക്കുകയാണ്.

”നിങ്ങൾ എന്നെ ട്രോളുകയും എന്നെയും ഗോൾഡ് സിനിമയെ കുറിച്ച് മോശമായി പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങൾക്ക് ഇഷ്ടമായിരിക്കാം. എന്നാൽ എനിക്ക് അങ്ങനെയല്ല. അതുകൊണ്ട് പ്രതിഷേധ സൂചകമായി സമൂഹ മാധ്യമങ്ങളിൽ ഞാൻ എന്റെ മുഖം കാണിക്കില്ല. ഞാൻ നിങ്ങളുടെ അടിമയല്ല, എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആ‍‍ർക്കും അവകാശം നൽകിയിട്ടില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം.
എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. ഇനി അങ്ങനെ ചെയ്താൽ, ഞാൻ സോഷ്യൻ മീഡിയയിൽ നിന്ന് അപ്രത്യക്ഷമാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും കുട്ടികളോടും എന്നെ ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തുന്നയാളാണ്. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് പ്രകൃതിദത്തമായി, സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു.” എന്നായിരുന്നു അൽഫോൻസ് പങ്ക് വെച്ച കുറിപ്പ്.

cp-webdesk