തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം ദളപതി വിജയ് സ്ക്രീനിൽ നിറഞ്ഞാടുന്നതു കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ഒടുവിൽ സന്തോഷവാർത്ത. വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് തീയതി നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി പുറത്തുവിട്ടു. ജൂലൈ 23-ന് ചിത്രം തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസായി എത്തും. സെൻസർ ബോർഡ് ചിത്രത്തിന് ‘എ’ (A) സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്.

വെങ്കട്ട് കെ. നാരായണ നിർമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഇതിനുപുറമേ ദളപതിയുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ജനനായകനുണ്ട്.

സത്യൻ സൂര്യൻ ഛായാഗ്രഹണവും, അനിൽ അരശ് ആക്ഷനും നിർവഹിക്കുന്ന ചിത്രത്തിന്റെ പിആർഒ പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത് പ്രതീഷ് ശേഖറാണ്. ദളപതിയുടെ അവസാന ചിത്രം തിയേറ്ററുകളിൽ വൻ ജനസമുദ്രം സൃഷ്ടിക്കുമെന്ന ഉറപ്പിലാണ് അണിയറപ്രവർത്തകരും ആരാധകരും.






