Cinemapranthan
null

പ്രസവിക്കുന്ന സ്ത്രീകൾ മാത്രമല്ല… പുരുഷന്മാരും അറിഞ്ഞിരിക്കണം.. വായിക്കുക ഈ കുറിപ്പുകൾ.

null

സ്ത്രീയെ പ്രസവം എത്രമാത്രം ശാരീരികമായും മാനസികമായും കൊല്ലുന്നു എന്ന് പൂർണ്ണമായും മനസിലാക്കിയിട്ടില്ലാത്തവർക്കു വേണ്ടിയാണ്
നടനും തിരക്കഥാകൃത്തുമായ ആര്യൻ കൃഷ്ണ മേനോന്റെ ഭാര്യയും എഴുത്തുകാരിയുമായ സൗമ്യ രാധ വിദ്യാധറിന്റെ ഈ കുറിപ്പ്. അഖിൽ എം വേലായുധൻ എന്ന ഡോക്ടർ എഴുതിയ അനുഭവ കുറിപ്പാണ് സിസേറിയനും തുടർന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും സൗമ്യ തുറന്നെഴുതാൻ കാരണം.

“സ്ത്രീ പൂർണ്ണയാകുന്നത് അവൾ ഒരു അമ്മയാകുമ്പോൾ ആണ്”!!!
കാലാ കാലങ്ങളോളം നിലനിന്നു പോരുന്ന ഒരു ആചാരം പോലെ ഇതിങ്ങനെ പൊതു സമൂഹത്തിൽ മുഴങ്ങി കേൾക്കുന്നു.. പ്രത്യേകിച്ചും പെൺകുട്ടികളുടെ ജീവിതത്തിൽ. കല്യാണം കഴിഞ്ഞു അമ്മയാകാൻ വൈകുന്ന അല്ലെങ്കിൽ കല്യാണം കഴിക്കാനും അമ്മയാകാനും താല്പര്യമില്ലാത്ത സ്ത്രീകൾ നേരിടുന്ന പ്രധാന അസ്ത്രമാണ് ഈ വരികൾ.
വിവാഹിതയായി കുഞ്ഞുങ്ങളെ പ്രസവിച്ചു വീട്ടുകാര്യങ്ങൾ മാത്രം നോക്കി ജീവിക്കുക, ഇതാണ് പെൺകുട്ടികളുടെ ജീവിത ലക്ഷ്യം എന്നാണ് പൊതുധാരണ. അതിന് വേണ്ടി മനസിനെ പാകപ്പെടുത്തി എടുക്കുകയാണ് ഓരോ പെൺകുഞ്ഞും ജനിച്ചു വീഴുന്ന അന്ന് മുതൽ.. അതിനി എത്ര വിദ്യാസമ്പന്നയായ,ഉദ്യോഗസ്ഥയായ പെണ്കുട്ടികളായാലും അവസാനം ഇതിൽ വന്നു അവസാനിക്കും. “പ്രസവം” ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാണുന്ന സ്വപ്നം പോലെ വന്നു പോകുന്ന ഒന്ന് എന്നാണ് എല്ലാവരുടെയും ധാരണ. സ്ത്രീകൾ പോലും അങ്ങനെ തന്നെ അതിനെ അംഗീകരിച്ചു കഴിഞ്ഞു എന്നതാണ് മറ്റൊരു സത്യം. ഇനി താൽപര്യമില്ലാത്തവരാണെങ്കിൽ പോലും മനസില്ലാമനസോടെ അതിന് തയ്യാറാവും. കാരണം ‘പ്രസവിക്കാന്നുള്ള ഒരു ഉപകരണം’ മാത്രമാണ് സ്ത്രീ എന്നാണല്ലോ!!

പ്രസവം എന്നുള്ളത് എത്രമാത്രം സങ്കീർണ്ണമാണ് എന്ന് ഇന്നത്തെ കാലത്ത് കുറച്ചു പുരുഷന്മാരെങ്കിലും മനസ്സിലാക്കുന്നുണ്ട് എന്നുള്ളത് ആശ്വാസകരം തന്നെ. എന്നാൽ ഒരു സ്ത്രീയെ പ്രസവം എത്രമാത്രം ശാരീരികമായും മാനസികമായും കൊല്ലുന്നു എന്ന് പൂർണ്ണമായും മനസിലാക്കിയിട്ടില്ലാത്തവർക്കു വേണ്ടിയാണ്
നടനും തിരക്കഥാകൃത്തുമായ ആര്യൻ കൃഷ്ണ മേനോന്റെ ഭാര്യയും എഴുത്തുകാരിയുമായ സൗമ്യ രാധ വിദ്യാധറിന്റെ ഈ കുറിപ്പ്. അഖിൽ എം വേലായുധൻ എന്ന ഡോക്ടർ എഴുതിയ അനുഭവ കുറിപ്പാണ് സിസേറിയനും തുടർന്നുണ്ടായ അനുഭവങ്ങളെ കുറിച്ചും സൗമ്യ തുറന്നെഴുതാൻ കാരണം.

ഡോ.അഖിലിന്റെ കുറിപ്പ് :

ഒരു cliche സ്റ്റോറി !
കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിൽ വന്ന ഒരു ഗർഭിണി, ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ G5P4L4, Previous 4 Cs. എന്നു വച്ചാൽ അഞ്ചാമത്തെ ഗർഭം, ആദ്യത്തെ നാലെണ്ണം സിസേറിയൻ.
പ്രസവം എന്താ നിർത്താത്തത് എന്ന് ചോദിക്കേണ്ട താമസം, സ്ഥിരം മറുപടി,
‘ആദ്യത്തെ നാലും പെണ്കുട്ടികളാ’ !
ഇത്തവണയും പെണ്ണായാലോ ?
‘ഭർത്താവ് സമ്മതിക്ക്യോ എന്നറിയില്ല’
ഒരു മനസ്സമാധാനത്തിന് എന്റെ സഹപ്രവർത്തക പറ്റുന്ന രീതിയിലൊക്കെ അപകട സാധ്യതകൾ പറഞ്ഞു കൊടുത്തു.
അഞ്ചാമത്തെ പ്രസവം എന്നതല്ല, നാലു പ്രാവശ്യം വയറു കീറി തുന്നിക്കെട്ടിയ ആളാണ് അഞ്ചാമതും വയറു കീറാൻ വന്നു മുന്നിൽ നിൽക്കുന്നത് എന്നതായിരുന്നു ഞങ്ങളെ ആകുലപ്പെടുത്തിയത്.
സിസേറിയൻ ‘വയറ് തുറന്നുള്ള ഒരു ഓപ്പറേഷൻ’ ആണെന്ന് അതിന്റെ വ്യാപ്തിയിൽ മലയാളികൾ എന്നാണാവോ ഉൾക്കൊള്ളുക !
പ്രസവിക്കാനുള്ളൊരു യന്ത്രമായി മാത്രം ഭാര്യമാരെ കാണുന്ന ഒട്ടനവധി ഭർത്താക്കന്മാരെ/വീട്ടുകാരെ ഞാൻ ലേബർ റൂമിനു വെളിയിൽ കണ്ടിട്ടുണ്ട്.
ചില സംഭാഷണ ശകലങ്ങൾ പറയാം…
‘ഇങ്ങള് കുട്ട്യോളെ കുറിച്ച് ആലോചിച്ച് ബേജാറാവണ്ട, ഓൾ പോയാ ഓനെ കൊണ്ട് ഞമ്മള് വേറെ കെട്ടിച്ചോളാം’
‘പ്രസവം നിർത്താൻ ഇങ്ങളൊന്ന് ഭർത്താവിനെക്കൊണ്ട് പറഞ്ഞ് സമ്മതിപ്പിക്കാമോ, ഞാൻ പറഞ്ഞു എന്ന് പറയരുത്, എന്നെക്കൊണ്ട് ഇനി വയ്യ !!’
DIL (death is likely) റിസ്‌ക് എടുത്തു കഴിഞ്ഞതിനു ശേഷം കേൾക്കുന്ന ഒരു സ്ഥിരം ചോദ്യം ഉണ്ട്,
‘ഓൾക്ക് വേറെ കുഴപ്പം ഒന്നുമില്ലല്ലോ ??’
ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാനാ എന്ന് ഞാൻ മനസ്സിൽ ആലോചിക്കും
സ്വന്തം വയറു കീറി ഒരു surgery ചെയുന്നതിനെക്കുറിച് പറഞ്ഞാൽ ടെൻഷൻ അടിച്ചു മരിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഭാര്യയുടെ/മരുമകളുടെ വയറു വീണ്ടും വീണ്ടും കീറിമുറിക്കുന്നതിനെക്കുറിച്ച് ആ ആശങ്ക കാണാറില്ല !!
‘അത് സിസേറിയനല്ലേ’ !!

ഈ കുറിപ്പാണ് സൗമ്യയെക്കൊണ്ട് സ്വന്തം അനുഭവം എഴുതാൻ പ്രേരിപ്പിച്ചത്. ഗർഭിണിയായ യുവതികൾ കുറിപ്പ് വായിക്കരുത് എന്ന ആമുഖത്തോടെയാണ് സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സൗമ്യയുടെ കുറിപ്പ്.

സി-സെക്ഷൻ എന്നാൽ ഒരു വലിയ സർജറിയാണ്. അതിന് റിസ്‌കുകൾ ഉണ്ട്. എന്റെ എല്ലാ പ്രസവവും സി-സെക്ഷൻ ആയതുകൊണ്ട് എനിക്ക് മൂന്ന് വ്യത്യസ്ത അനുഭവങ്ങളുണ്ട്. 45 മിനിറ്റെടുക്കും സി-സെക്ഷൻ പൂർത്തിയാക്കാൻ. ബിക്കിനി ലൈനിന് താഴെയയി ആറ് ഇഞ്ച് നീളത്തിലാണ് ഓരോ മുറിവും.
ആദ്യ കുട്ടി സനയുണ്ടാകുമ്പോൾ എനിക്ക് 25 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിവസ്ത്രയാക്കപ്പെട്ടു എന്നതൊഴിച്ചാൽ എനിക്ക് മറ്റ് ആശങ്കകളൊന്നും ആദ്യ പ്രസവ സമയത്ത് ഉണ്ടായിരുന്നില്ല. ആദ്യ സി-സെക്ഷന് ശേഷം എനിക്ക് ഒരാഴ്ചക്കാലം വേദനയുണ്ടായിരുന്നു. എന്നാൽ പിന്നീട് അത് മാഞ്ഞു പോയി.

ഇതിന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ കുട്ടിയായ പീലിയെ ഗർഭം ധരിക്കുന്നത്. ഞാൻ എന്റെ മുപ്പതുകളിലേക്ക് കടക്കുന്ന സമയമായിരുന്നു അത്. മൂന്നാം ട്രൈമെസ്റ്ററിന്റെ സമയത്ത് കടുത്ത ആസ്മയും എനിക്ക് അനുഭവപ്പെട്ടിരുന്നു. പലപ്പോഴും രാത്രി ഉറക്കം നഷ്ടപ്പെട്ട് ശ്വസിക്കാൻ സാധിക്കാതെ ഞാൻ എഴുനേറ്റിരിക്കുമായിരുന്നു. പ്രസവത്തിനായി ലേബർ റൂമിലേക്ക് പോയപ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ രക്ത സമർദം അപകടകരമായ നിലയിലേക്ക് താഴ്ന്നു…സി-സെക്ഷന് പിന്നാലെ അതികഠിന വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്. യൂട്ട്‌റസ് ചുരുങ്ങുന്നതിന്റെ വേദനയായിരുന്നു അത്. സാധാരണ അടിവയറിൽ ഉണ്ടാകുന്ന വേദനയുടെ അൻപതിരട്ടി വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നീണ്ട 24 മണിക്കൂർ ഈ വേദന പേറി ജീവിച്ചു…പലപ്പോഴും മരിച്ചുപോകുമോ എന്നുവരെ ഞാൻ സംശയിച്ചു. ഇപ്പോഴും അതെങ്ങനെ അതിജീവിച്ചു എന്നെനിക്ക് അറിയില്ല. മാത്രമല്ല എൻഐസിയുവിലായിരുന്നു പീലിക്ക് മുലപ്പാൽ പിഴിഞ്ഞു നൽകുകയും വേണമായിരുന്നു. ബ്രെസ്റ്റ് പമ്പുകൾ യൂട്രസ് ചുരുങ്ങുന്നതിന്റെ ആക്കം വർധിപ്പിക്കുകയും ചയ്തിരുന്നു.

അടുത്ത വർഷം ഞാൻ വീണ്ടും ഗർഭിണിയായി. ഇത്തവണയും കടുത്ത ആസ്മയുണ്ടായി. മൂന്ന് തവണ നെബിലൈസ് ചെയ്തു. മൂന്നാം തവണയും സി-സെക്ഷനായിരുന്നു. ഇത്തവണ അമിതമായി ഭാരം ഉണ്ടായിരുന്നതിനാൽ നട്ടെല്ലിൽ അനസ്തീഷ്യ നൽകാൻ കഴിഞ്ഞില്ല. അങ്ങനെ പൂർണമായും മയക്കി കിടത്തി. മൂന്ന് മണിക്കൂരിന് ശേഷം ഭർത്താവ് ആര്യൻ ഒരു പെൺകുട്ടി പിറന്നിരിക്കുന്നു എന്ന് ചെവിയിൽ മന്ത്രിച്ചപ്പോഴാണ് ഞാൻ കണ്ണു തുറക്കുന്നത്. എട്ട് ദിവസമാണ് മൂന്നാമത്തെ കുട്ടിയായ കനി എൻഐസിയുവിൽ കിടന്നത്. ഇത്തവണ യൂട്രസ് കോൺട്രാക്ഷൻ ഉണ്ടായിരുന്നില്ല. പിന്തുണ നൽകി ഭർത്താവ് ആര്യൻ കൂടെ തന്നെ ഉണ്ടായിരുന്നത് ആശ്വാസമേകി.

എന്നാൽ മറ്റൊരു പ്രസവത്തിന് എന്നെ കൊണ്ട് സാധിക്കില്ലെന്ന് മനസിലായി. ഓരോ പ്രസവും എന്നിലുണ്ടാക്കിയ പ്രശ്‌നങ്ങൾ കണ്ട ആര്യനും ഇനിയൊരു പ്രസവം വേണ്ടെന്ന് തീരുമാനിച്ചു.

ഞാൻ അനുഭവിച്ച ഈ സങ്കീർണതകൾക്ക് പുറമെ മറ്റ് സ്ത്രീകൾ ഇതിലും വലിയ അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ചിലർക്ക് അമിത രക്തസ്രാവം, അണുബാധ, ശസ്ത്രക്രിയയെ തുടർന്നുള്ള മുറിവുകൾ, എന്തിനേറെ ഹൃദയാഘാതം പോലും സംഭവിക്കാം.

ഗർഭം, പ്രസവം, കുഞ്ഞ് പിറന്നതിന് ശേഷമുള്ള മാനസികാസ്വാസ്ഥ്യങ്ങൾ എന്നിവ ഭർത്താവോ വീട്ടുകാരോ അനുഭവിക്കുന്നില്ല എന്നു കരുതി അവർക്ക് പെൺകുട്ടിയോട് അനുകമ്പയോ സിംപതിയോ തോന്നാതിരിക്കുന്നതിന് കാരണമാകുന്നില്ല. ചില പുരുഷന്മാർ കുട്ടികളെ പരിപാലിക്കുന്നതിൽ നിന്ന് പോലും വിട്ടു നിൽക്കാറുണ്ട്. കുഞ്ഞ് പിറക്കുക എന്നത് സ്ത്രീകൾ തീരുമാനിക്കേണ്ട കാര്യമാണ്. ഒരിക്കലും, ഒരാൾക്കും, ഭർത്താവിന് പോലും സ്ത്രീയെ ഇതിനായി നിർബന്ധിക്കാൻ അവകാശമില്ല. ആ വേദനകളിലൂടെ കടന്നുപോകാൻ താത്പര്യമില്ലാത്ത ഒരാളെ എങ്ങനെയാണ് അതിനായി നിർബന്ധിക്കാൻ കഴിയുക ?

ഒരു കുഞ്ഞ് എന്നത് എല്ലാവർക്കും അത്ഭുതമാണ് എന്നാൽ അത് ഒരു അമ്മയുടെ ജീവൻ എടുത്തുകൊണ്ടാകരുത്.

“പ്രസവം” എന്നത് സ്ത്രീകളുടെ വ്യക്തി താല്പര്യത്തിന് വിടുന്നതിനൊപ്പം അവരുടെ ശാരീരികവും മാനസികവുമായ സുരക്ഷയ്ക്കും കൂടി ഉറപ്പ് വരുത്തേണ്ടതാണ്.

cp-webdesk

null
null