Cinemapranthan

മമ്മൂട്ടി-മോഹൻലാൽ മാജിക്; ലൂസിഫറിനെ വെല്ലുന്ന ദൈർഘ്യവുമായി ‘പേട്രിയറ്റ്’ ട്രെയിലർ

മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റിന്റെ’ റെക്കോർഡ് ദൈർഘ്യമുള്ള ട്രെയിലർ വിശേഷങ്ങളും റിലീസ് അപ്‌ഡേറ്റും അറിയാം.

മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ റിലീസിന് തയ്യാറെടുക്കുമ്പോൾ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ആവേശം വർധിപ്പിക്കുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 19 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം.

സിനിമയുടെ ട്രെയിലറിനെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. 3 മിനിറ്റ് 29 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ മലയാളത്തിൽ ഇറങ്ങിയിട്ടുള്ളവയിൽ ഏറ്റവും നീളമേറിയവയിൽ ഒന്നാണ്. മുൻപ് ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളായ ‘ലൂസിഫർ’ (3 മിനിറ്റ് 22 സെക്കൻഡ്), ‘എമ്പുരാൻ’ (3 മിനിറ്റ് 51 സെക്കൻഡ്) എന്നിവയുടെ ട്രെയിലറുകൾ പോലെ ഒരു വലിയ ദൃശ്യവിരുന്നാണ് ‘പേട്രിയറ്റും’ വാഗ്ദാനം ചെയ്യുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഒട്ടേറെ സർപ്രൈസുകൾ ട്രെയിലറിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതിൽ ഫഹദ് ഫാസിൽ വില്ലനായിട്ടാണ് അഭിനയിക്കുന്നത് എന്ന വെളിപ്പെടുത്തൽ സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നാണ്. ഫാൻ മോമെന്റുകൾക്ക് പ്രാധാന്യമുള്ള ഒരു കൊമേഴ്സ്യൽ സിനിമയായിരിക്കുമിതെന്ന് സംവിധായകൻ മഹേഷ് നാരായണൻ ഉറപ്പു നൽകുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും കിച്ചപ്പു ഫിലിംസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ 23-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

cp-webdesk

null