Cinemapranthan

തിയേറ്റർ തൂക്കാൻ കരിക്കിലെ പിള്ളേർ വരുന്നു

മലയാളത്തിന്റെ ഡിജിറ്റൽ വിപ്ലവം ‘കരിക്ക്’ വെള്ളിത്തിരയിലേക്ക്; നിഖിൽ പ്രസാദ് സംവിധാനം ചെയ്യുന്ന കന്നി ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയായി ചിത്രീകരണം ആരംഭിച്ചു.

മലയാള ഡിജിറ്റൽ കണ്ടന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘കരിക്ക്’ ടീം ഒടുവിൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുന്നു. പഠനം കഴിഞ്ഞ് ജോലി തേടി അലയുന്ന യുവാക്കളുടെ ജീവിതം അത്രമേൽ റിലേറ്റബിളായി അവതരിപ്പിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നിഖിൽ പ്രസാദും സംഘവും തങ്ങളുടെ കന്നി ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പൂർത്തിയാക്കി ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കരിക്കിന്റെ സ്ഥാപകനായ നിഖിൽ പ്രസാദ് തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോ. അനന്തു എസിനൊപ്പം ചേർന്നാണ് നിർമ്മിക്കുന്നത്.

കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടിരുന്ന പ്രധാന ചോദ്യമായിരുന്നു “കരിക്ക് എവിടെ?” എന്നത്. പല കണ്ടന്റ് ക്രിയേറ്റേഴ്‌സും സിനിമയിൽ വരികയും വലിയ വിജയങ്ങൾ സ്വന്തമാക്കുകയും ചെയ്തപ്പോഴും കരിക്കിന്റെ നിശബ്ദത ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ ബിഗ് പ്രോജക്റ്റ് ഇപ്പോൾ ഓൺ ഗ്രൗണ്ട് ആയി മാറിയതോടെ കരിക്ക് ഫാൻസ് വലിയ ആവേശത്തിലാണ്. കരിക്കിലെ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ തന്നെയാകും ഈ സിനിമയിലും പ്രധാന വേഷങ്ങളിൽ എത്തുക എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

ഹാഷിറേ ടീം തകർപ്പൻ പ്രകടനം കാഴ്ചവെച്ച ‘വാഴ 2’ തിയേറ്ററുകളിൽ കോടികൾ കൊയ്യുന്ന ഈ സാഹചര്യത്തിൽ കരിക്കിന്റെ വരവ് ഏറെ പ്രാധാന്യമർഹിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ സിനിമാറ്റിക് ക്വാളിറ്റിയുള്ള കണ്ടന്റുകൾ നൽകി ശീലിച്ച ടീം ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ മാറിക്കുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

cp-webdesk

null