Cinemapranthan

ജന നായകന്റെ കാര്യത്തിൽ സെൻസർ ബോർഡ് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല, യഥാർത്ഥ പ്രശ്നം മറ്റൊന്നാണ് – എച്ച് വിനോദ്

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ സെൻസറിംഗ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ എച്ച്. വിനോദ്. സെൻസർ ബോർഡ് ചിത്രത്തിന് ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ദളപതി വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുകയാണ്. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിന് ശേഷമെത്തുന്ന ചിത്രം തീയേറ്ററുകളിൽ വലിയ ആഘോഷമാക്കാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് സിനിമയുടെ സെൻസർ ബോർഡ് വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ എച്ച്. വിനോദ് രംഗത്തെത്തുന്നത്.

“സെൻസർ ബോർഡ് നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയാണെങ്കിൽ ഇവിടെ പാതി സിനിമകളും റിലീസ് ചെയ്യാൻ കഴിയില്ല. എന്നാൽ എന്റെ അനുഭവത്തിൽ സെൻസർ ബോർഡ് വളരെ പിന്തുണ നൽകുന്നവരും ക്രിയാത്മകമായ നിലപാട് സ്വീകരിക്കുന്നവരുമാണ്. ‘ജനനായകൻ’ എന്ന സിനിമയുടെ കാര്യത്തിൽ അവർ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല,” ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിൽ എച്ച്. വിനോദ് വ്യക്തമാക്കി.

എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമാകാം എന്നും, എന്നാൽ അതിന് തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ സർട്ടിഫിക്കറ്റോടെ തീയേറ്ററുകളിലെത്തുന്ന ചിത്രം ആദ്യദിനം തന്നെ വൻ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, മമിത ബൈജു തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null