Cinemapranthan

അഭിനയ രംഗത്തേക്ക് തിരികെ വരാൻ ഒരുങ്ങി ജഗതി: ഒരു അത്ഭുതം സംഭവിച്ചേക്കാമെന്നു മകൻ

മലയാള സിനിമയിൽ ജഗതി ശ്രീകുമാറിന്റെ ആ ഹാസ്യ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെയാണ് കിടക്കുന്നത്. എത്ര പേർ വന്നു പോയാലും ആ സ്ഥാനം അങ്ങനെ തന്നെയുണ്ടാവും. മലയാളികൾ ഏറെ ആഗ്രഹിക്കുന്ന ഒരു തിരിച്ചു വരവാണ് ജഗതിയുടേത്.. ആ കാത്തിരിപ്പിന് ഇനി അധിക നാളുണ്ടാവില്ല എന്നാണ് പുതിയ വാർത്ത. ജഗതി ശ്രീകുമാര്‍ പഴയത് പോലെ തിരിച്ചെത്തിയേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകൻ രാജ്കുമാർ ഈ സന്തോഷ വാർത്ത പങ്കു വെച്ചത്.

“ആഴ്‌ചയിൽ ഒരിക്കൽ ഡോക്‌ടർമാർ വിളിക്കും. നല്ല ലക്ഷണമാണെന്നാണ് അവർ പറയുന്നത്. ഒരു അത്ഭുതം സംഭവിച്ച് പെട്ടെന്ന് ഒരുദിവസം പപ്പ പഴയതുപോലെ തിരികെ വരാനുള്ള സാദ്ധ്യതയുണ്ടെന്ന് ഡോക്‌ടർമാർ ഞങ്ങളോട് പറയാറുണ്ട്. വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാൾ പ്രസരിപ്പും ഉണ്ട്. സന്തോഷമാ ണെങ്കിലും ദുഖമാണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും ക്യാമറയുടെ മുന്നിൽ തിരിച്ചുവരാൻ കഴിഞ്ഞതിന്റെ സന്തോഷവുമുണ്ട്”. രാജ്‌കുമാർ പറഞ്ഞു.

2012 ൽ ആണ് ജഗതി ശ്രീകുമാർ വാഹനാപകടത്തിൽപ്പെടുന്നത്. തുടർന്ന് അദ്ദേഹം വീൽ ചെയറിലാവുകയായിരുന്നു. ചികില്‍സയില്‍ മികച്ച പുരോഗതി ഉണ്ടാവുകയും അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയും ചെയ്യുന്നത് ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ആണ് കുടുംബവും ആരാധകരും നോക്കി കാണുന്നത്.

cp-webdesk