Cinemapranthan
null

‘മത്സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു’: പൃഥ്വിരാജിനെ അപഹസിച്ച കമന്‍റുകളോട് പ്രതികരിച്ച് സുരേഷ് ഗോപി

ടൈറ്റില്‍ പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാവുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു

null

പകര്‍പ്പവകാശം സംബന്ധിച്ച കേസിനെ തുടര്‍ന്ന് ഒട്ടേറെ തവണ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.

ടൈറ്റില്‍ പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാവുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നൂറിലേറെ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വൈകിട്ട് ആറു മണിക്ക് എത്തുകയെന്നും ടോമിച്ചന്‍ അറിയിച്ചിരുന്നു.

മുന്‍നിശ്ചയപ്രകാരമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും വച്ചുതന്നെയാണ് തങ്ങള്‍ മുന്നോട്ടുപോകുകയെന്ന് ഇന്ന് രാവിലെ പങ്കുവെച്ച പോസ്റ്റില്‍ സുരേഷ് ഗോപി കുറിച്ചിരുന്നു. ഇതിനുതാഴെ സുരേഷ് ഗോപി ആരാധകര്‍ കൂട്ടമായെത്തി ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ ചിലർ പൃഥ്വിരാജിനെ അപഹസിച്ചും കമന്‍റ് ചെയ്തു. അവയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.

ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേയെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വി. ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്.

രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥയാണുള്ളത്. രണ്ടും മികച്ച സിനിമാസൃഷ്ടിയാവും എന്ന ശുഭപ്രതീക്ഷയോടെ.
എന്‍റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നുവിശ്വസിച്ചുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു. ദയവായി അത്തരം ഊഹാപോഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക”, സുരേഷ് ഗോപി കമന്‍റുകള്‍ക്ക് മറുപടിയായി കുറിച്ചു.

ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്നും പകര്‍പ്പവകാശം ലംഘിച്ച തിരക്കഥയാണെന്നും ചൂണ്ടിക്കാട്ടിയ ഒരു സിനിമാസ്വാദകനോട് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ.. “ഈ സിനിമ ഒരു തിരക്കഥയുടെയും പകര്‍പ്പല്ല. അതൊരു ഒറിജിനല്‍ വര്‍ക്ക് ആണ്. മറ്റൊരു തിരക്കഥയുമായും യാതൊരു സാമ്യവുമില്ല”

cp-webdesk

null
null