Cinemapranthan
null

അധ്വാനവും ചിലവും കൂടുതൽ; ‘മൈന്‍ഡ് ഹണ്ടര്‍’ മൂന്നാം സീസണ്‍ ഉണ്ടാവില്ല

null

ലോകമെങ്ങും ആരാധകരുള്ള എഫ്ബിഐ- സീരിയല്‍ കില്ലര്‍ സീരീസ് ‘മൈന്‍ഡ് ഹണ്ടര്‍’ അടുത്ത സീസൺ ഉണ്ടാവില്ലെന്ന് സംവിധായകനും സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ഡേവിഡ് ഫിഞ്ചര്‍. 2019 ഓഗസ്റ്റില്‍ ആണ് രണ്ടാം സീസൺ എത്തിയിരുന്നത്. തുടർന്ന് മൂന്നാം സീസണിന് വേണ്ടി കാത്തിരുന്ന ആരാധകരെ നിരാശരാക്കിയായിരുന്നു ഡേവിഡ് ഫിഞ്ചറുടെ പ്രഖ്യാപനം.

ഈ വര്‍ഷം ജനുവരിയോടെ സീരീസ് തുടരില്ലെന്ന സൂചന പ്രധാന താരങ്ങളെല്ലാം നൽകിയിരുന്നെങ്കിലും മൂന്നാം സീസണിന്റെ പ്രഖ്യാപനം ഈ വര്‍ഷമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സിലെ ഏറ്റവും ചിലവേറിയ സീരീസുകളിലൊന്നായ മൈന്‍ഡ്ഹണ്ടര്‍ ഇനി തുടരില്ലെന്ന സ്ഥിരീകരണം ഡേവിഡ് ഫിഞ്ചര്‍ തന്നെ പുറത്തു വിട്ടതോടെ സ്ഥിരീകരണം വരുകയായിരുന്നു. ഫിഞ്ചറിന്റെ പുതിയ നെറ്റ്ഫ്‌ളിക്‌‌സ് ചിത്രം ‘മാന്‍കു’മായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് ഇക്കാര്യം പുറത്ത് വിടുന്നത്.

“മൈന്‍ഡ്ഹണ്ടര്‍’ എന്നെ തളര്‍ത്തുകയാണ്. രണ്ടാം സീസണ്‍ തന്നെ പലവട്ടം എഴുതിയും തിരുത്തിയും ഉപേക്ഷിക്കുകയും ചെയ്തതിന് ശേഷമാണ് പൂര്‍ത്തിയായത്. അസിസ്റ്റന്റ് ഡയറക്ടര്‍ കോര്‍ട്ടനി മൈല്‍സിന് പകുതി ഉത്തരവാദിത്വം കൈമാറിയിട്ട് പോലും ആഴ്ചയില്‍ 90 മണിക്കൂറോളം നീളുന്ന അധ്വാനമായിരുന്നു മൈന്‍ഡ്ഹണ്ടര്‍. അത് ഒടുവില്‍ ജീവിതത്തിലെ മറ്റെല്ലാത്തിനേയും വിഴുങ്ങുന്ന അവസ്ഥയിലേക്കെത്തി. രണ്ടാം സീസണ്‍ അവസാനത്തോടെ തന്നെ അടുത്ത സീസണിന്റെ സാധ്യത സംശയത്തിലായിരുന്നു. ഒടുവില്‍ നെറ്റ്ഫ്‌ളിക്‌സും അതിനെ അനുകൂലിച്ചതോടെ ‘മാന്‍കി’ലേക്ക് കൂടുതല്‍ നല്‍കാനുള്ള തീരുമാനത്തിലേക്ക് എത്തി.” ഡേവിഡ് ഫിഞ്ചര്‍ അഭിമുഖത്തില്‍ പറഞ്ഞു. മാന്‍ക് പൂര്‍ത്തിയായ ശേഷം സീരീസിന്റെ ഇനിയുള്ള സീരിസുകളെക്കുറിച്ച് ആലോചിക്കാമെന്നാണ് നെറ്റ്ഫ്‌ളിക്‌സുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായത്.

“മൈന്‍ഡ്ഹണ്ടര്‍ ലോകമെമ്പാടും ആരാധകരുള്ള ചിലവേറിയ ഒരു ഷോയാണ്, അതിനാല്‍ തന്നെ രണ്ടാം സീസണില്‍ നിന്ന് കുറവായി ഒന്നും അടുത്ത സീസണിലേക്ക് ചിന്തിക്കാനാവില്ല. ഡേവിഡ് ഫിഞ്ചര്‍ പറഞ്ഞു. അതേ സമയം സീസണിന്റെ അവസാനം താത്കാലികമാണെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നാം സീസണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നുമാണ്” നെറ്റ്ഫ്‌ളിക്‌സിന്റെ പ്രതികരണം.

മുന്‍ എഫ്ബിഐ ഏജന്റ് ജോണ്‍ ഇ ഡഗ്‌ളസും എഴുത്തുകാരന്‍ മാര്‍ക്ക് ഓള്‍ഷേക്കറും ചേര്‍ന്ന് തയ്യാറാക്കിയ ‘മൈന്‍ഡ്ഹണ്ടര്‍’ എന്ന പുസ്തകത്തിലെ യഥാര്‍ഥസംഭവങ്ങളാണ് സീരീസില്‍ അവതരിപ്പിക്കുന്നത്. അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐക്കുള്ളില്‍ സീരീയല്‍ കില്ലേര്‍സിന്റെ രീതികളെക്കുറിച്ച് നിരീക്ഷിക്കുന്ന പ്രത്യേക വിഭാഗത്തെയാണ് മൈന്‍ഡ്ഹണ്ടര്‍ ചിത്രീകരിക്കുന്നത്. കുറ്റവാളികളുടെ മാനസിക നിലയെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന എഫ്ബിഐ ഏജന്റുമാരായ ഹോള്‍ഡന്‍ ഫോര്‍ഡ്‌ (ജൊനാഥന്‍ ഗ്രോഫ്), ബില്‍ ടെന്‍ഞ്ച് (ഹോള്‍ട്ട് മെക്കല്ലനി), സൈക്കോളജി പ്രൊഫസര്‍ വെന്‍ഡി കാര്‍ ( അന്ന ടോര്‍വ്) എന്നിവരാണ് സീരീസിലെ കേന്ദ്രകഥാപാത്രങ്ങള്‍. 70 കളിലൂടെ സഞ്ചരിക്കുന്ന ഒന്നാം സീസണ്‍ 2017ലും 80കളിലെ കഥ പറയുന്ന രണ്ടാം സീസണ്‍ 2019ലുമാണ് പുറത്തുവന്നത്.

cp-webdesk

null
null