Cinemapranthan

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; ആരാകും മികച്ച നടൻ?: സാധ്യതകൾ ഇങ്ങനെ

സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ, മമ്മൂട്ടി, മോഹൻലാൽ, ഇന്ദ്രൻസ്, നിവിൻ പോളി, ഷെയിൻ നിഗം, ആസിഫ് അലി

null

ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12:30 നാണ് പ്രഖ്യാപനം. കൊവിഡ് പ്രൊട്ടക്കോൾ അനുസരിച്ച് ആയിരുന്നു അവാർഡ് നിർണയം നടന്നത്. സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ മുതൽ മികച്ച ചെറിയ ചിത്രങ്ങൾ വരെ 119 സിനിമകളാണ് മത്സരിക്കുന്നത്. തിരുവനന്തപുരം കിൻഫ്രപാർക്കിലെ ചലച്ചിത്ര അക്കാദമിയിൽ ആണ് ഇത്തവണ സ്ക്രീനിങ് നടക്കുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സാധാരണ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കൊവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറി മാസങ്ങൾ മുന്നോട്ട് നീങ്ങിയത്. ആദ്യം തിരഞ്ഞെടുത്ത ജൂറിയിലെ അംഗങ്ങളായ സംഗീത സംവിധായകൻ പി.ജെ.ബേർണി, നടി അർച്ചന, എഴുത്തുകാരൻ ടി. ഡി.രാമകൃഷ്ണൻ എന്നിവർ പിന്മാറുകയും ചെയ്തു. പകരം പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരെ ഉൾപ്പെടുത്തി പുതിയ ജൂറിയെ തീരുമാനിച്ചു.

റിലീസ് ചെയ്യാത്ത നിരവധി ചിത്രങ്ങൾ ഇത്തവണ മത്സരിക്കുന്നുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പൃഥ്വിരാജ്) എന്നിവയാണ് ഇത്തവണ മത്സരത്തിനുള്ള മോഹൻലാലിന്റെ രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങൾ. എം പത്മകുമാർ സംവിധാനം ചെയ്ത മാമാങ്കമാണ് മത്സര രംഗത്തുള്ള ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം.

അവാർഡ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മികച്ച നടൻ ആരാകും എന്നറിയാനാണ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത്. ഒട്ടേറെ മികച്ച സിനിമകളിലൂടെ ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയ വർഷമായിരുന്നു 2019.

മികച്ച നടൻ ആരാകുമെന്ന ചർച്ചകൾ പുരോഗമിക്കുമ്പോൾ, നിലവിൽ എട്ട് പേരുകളാണ് ഏറ്റവും കൂടുതൽ സാധ്യത പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സൂരാജ് വെഞ്ഞാറമ്മൂട്, സൗബിൻ സാഹിർ, മമ്മൂട്ടി, മോഹൻലാൽ, ഇന്ദ്രൻസ്, നിവിൻ പോളി, ഷെയിൻ നിഗം, ആസിഫ് അലി.

രതീഷ് പൊതുവാൾ ഒരുക്കിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ, എം.സി ജോസഫ്‌ന്റെ വികൃതി എന്ന ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന് സാധ്യത നൽകുന്നത്. സോഷ്യൽ മീഡിയയിൽ ആരധകർ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന ഒരു പേരും സുരാജിന്റേതാണ്.

മികച്ച നടനുള്ള സാധ്യത പട്ടികയിലുള്ള മറ്റൊരു നടൻ സൗബിൻ സാഹിറാണ്. മധു സി നാരായണന്റെ സംവിധാനത്തിൽ എത്തിയ കുമ്പളങ്ങി നൈറ്റ്സ്, ജോൺ പോൾ ജോർജ്ന്റെ അമ്പിളി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ സിനിമകളിലെ പ്രകടനമാണ് സൗബിന് സാധ്യതകൾ നൽകുന്ന ചിത്രങ്ങൾ.

സമീപ കാലത്ത് മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രമാണ് ഉണ്ട എന്ന ചിത്രത്തിലെ എസ്.ഐ മണി. ഖാലിദ് റഹ്മാൻന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. അതോടൊപ്പം എം. പദമകുമാർ ഒരുക്കിയ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മാമാങ്കം, ശങ്കർ രാമകൃഷ്ണന്റെ സംവിധാനത്തിൽ എത്തിയ പതിനെട്ടാം പടി എന്നിവയാണ് മത്സരത്തിനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‍ഡോ. ബിജു ചിത്രമാണ് വെയിൽ മരങ്ങൾ. ഇന്ദ്രൻസിന്റെ മികച്ച പ്രകടനം ഏറെ പ്രശംസകൾ നേടിയിരുന്നു. ഈ ചിത്രത്തിലെ മിന്നുന്ന പ്രകടനം തന്നെയാണ് അദ്ദേഹത്തിന് സാധ്യതകൾ നൽകുന്നത്.

ഗീതു മോഹൻദാസിന്റെ സംവിധനത്തിലെ ഒട്ടറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മൂത്തോൻ ആണ് നിവിൻ പോളിയുടെ അവാർഡിന് പരിഗണിക്കുന്ന ചിത്രം. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ്.

പോയ വർഷം ഒട്ടേറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റിസ്. ഫഹദ് ഫാസിൽ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ഷെയിൻ നിഗം എന്നിങ്ങനെ മുൻനിര യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിലെ പ്രകടനം തന്നെയാണ് ഷൈൻ നിഗത്തിനും സാധ്യതകൾ നൽകുന്നത്. അതോടൊപ്പം അനുരാജ് മനോഹർ ഒരുക്കിയ ഇഷ്‌ക് എന്ന ചിത്രവും പരിഗണയിൽ ഉണ്ട്.

നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കെട്ട്യോളാണെന്റെ മാലാഖ. മികച്ച പ്രേക്ഷക പ്രതികരണങ്ങളും ബോക്സ് ഓഫീസ് വിജയവും നേടിയ സിനിമയിലെ ആസിഫ് അലിയുടെ മികച്ച പ്രകടനം ഏറെ കയ്യടി നേടിയിരുന്നു.

പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ, പ്രിയദർശന്റെ സംവിധാനത്തിൽ തിയേറ്റർ റിലീസിന് തയ്യാറെടുക്കുന്ന മരക്കാർ അറബി കടലിന്റെ സിംഹം, ഇട്ടിമാണി എന്നിവയാണ് മോഹൻലാലിൻറെ പോയ വർഷം പുറത്തിറങ്ങിയ ചിത്രം

119 സിനിമകൾ മത്സരരംഗത്തുള്ള ഇത്തവണ പ്രധാന പുരസ്കാരങ്ങൾക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജല്ലിക്കട്ട്,വൈറസ് ,വെയിൽമരങ്ങൾ,കോളാമ്പി , പ്രതി പൂവൻകോഴി, ഉയരെ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അമ്പിളി, ഡ്രൈവിങ് ലൈസൻസ്, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയിൽ, ഫൈനൽസ്, അതിരൻ, പൊറിഞ്ചു മറിയം ജോസ് , വികൃതി, ഹാസ്യം, മൂത്തോൻ, സ്റ്റാൻഡ് അപ്പ്, താക്കോൽ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കെഞ്ചീര , അഭിമാനിനി, കള്ളനോട്ടം, ബിരിയാണി, തുടങ്ങിയവയാണ് മത്സര രംഗത്തുള്ള ശ്രദ്ധേയ ചിത്രങ്ങൾ.

cp-webdesk

null

Latest Updates