Cinemapranthan
null

ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കണമെന്ന് ആരാധകർ; രജനീകാന്തിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകൾ

പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും പോസ്റ്ററിൽ പറയുന്നു.

null

രജനീകാന്തിനോട് ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഫാൻസ് അസോസിയേഷനായ രജനീ മക്കൾ മൺട്രം. ആവശ്യമുന്നയിച്ചുകൊണ്ട് വിവിധ ജില്ലകളിൽ ആരാധകർ പോസ്റ്ററുകൾ പതിച്ചു. ലക്ഷകണക്കിന് ജനങ്ങൾക്ക് മുൻപിൽ ഇരുകൈയ്യും വിടർത്തി നിൽക്കുന്ന രജനീകാന്താണ് പോസ്റ്ററുകളിൽ.

രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും പോസ്റ്ററിൽ പറയുന്നു. ചെന്നൈയിൽ ഡി.എം.കെ ആസ്ഥാനത്തിന് മുന്നിലും രജനീകാന്തിന്റെ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

രജനീകാന്ത് അഭിനയ ജീവിതത്തിന്റൈ 45ാം വർഷം പൂർത്തിയാക്കിയ ആഗസ്റ്റിൽ രജനിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അന്ന് താരത്തിനെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് മധുരയിലും കാഞ്ചീപുരത്തും ആരാധകർ പോസ്റ്ററും കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് ദശകങ്ങളായി രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചിപ്പിക്കാറുള്ളതാണ്. 2017ൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടൻ വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്തിനോട് ആരാധകർ വീണ്ടും ആവശ്യമുയർത്തിയിരിക്കുന്നത്.

കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ സജീവമാകാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കാനുള്ള ചുമതല പാർട്ടി കമലഹാസനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

cp-webdesk

null
null