Cinemapranthan
null

‘നൻപകൽ നേരത്ത് മയക്കം’, ഉച്ചമയക്കത്തിലെ ഒരു സ്വപ്നം പോലൊരു സിനിമ’; പ്രശംസിച്ച് സത്യൻ അന്തിക്കാട്

സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്നു

null

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടരുന്നത്. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് എങ്ങു നിന്നും ലഭിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയെ പ്രശംസിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

‘ഉച്ചമയക്കത്തിലെ ഒരു സ്വപ്നം പോലെയാണ് ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സത്യൻ അന്തിക്കാട് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ് നിറഞ്ഞ സ്നേഹം എന്ന് കുറിച്ച സത്യൻ അന്തിക്കാട് സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്നെന്ന് കുറിക്കുന്നു.

കുറിപ്പ് വായിക്കാം

“നൻപകൽ നേരത്ത് മയക്കം” കണ്ടു.
ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.
എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.
പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു.
ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ!
ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം”

ജനുവരി 19നാണ് ‘നൻപകൽ നേരത്ത് മയക്കം’ തിയറ്ററുകളിൽ എത്തുന്നത്. ഇക്കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രീമിയർ ചെയ്തിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം.

cp-webdesk

null
null