Cinemapranthan
null

‘സാക്ഷാൽ നെഹ്റു വരെ വണങ്ങിയ പ്രതിഭ’; സംഗീത രാജ്ഞി ‘എം എസ് സുബ്ബലക്ഷ്മി’യുടെ ഓർമ്മദിനം

null

വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന്‌ സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ്‌ സുബ്ബുലക്ഷ്മിയുടേത്‌. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക്‌ സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമായിരുന്നു.. നിരന്തരമായ സാധനകൊണ്ട്‌ കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്‌. ‘ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ’ എന്നാണ്‌ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്‌. ‘വൃന്ദാവനത്തിലെ തുളസി’ എന്നായിരുന്നു മഹാത്മജിയുടെ സംബോധന.

തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിലെ പരമ്പരാഗത സംഗീതകുടുംബത്തിൽ 1916 സെപ്റ്റംബർ 16-നാണ്‌ സുബ്ബലക്ഷ്മി ജനിച്ചത്‌. അമ്മ ഷൺമുഖവടിവുവിൽനിന്നാണ്‌ സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്‌. പിന്നീട്‌ മധുരൈ ശ്രീനിവാസ അയ്യങ്കാർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ എന്നിവരുടെ കീഴിലായി ശിക്ഷണം. പതിമൂന്നാം വയസ്സിൽ ആദ്യ കച്ചേരി അവതരിപ്പിച്ച സുബ്ബലക്ഷ്മി ഗുരുക്കന്മാരെ വിസ്മയിപ്പിച്ച് വളർച്ചയുടെ പടവുകൾ ചവിട്ടി. പണ്ഡിറ്റ്‌ നാരായണ റാവു വ്യാസിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതവും ഇതിനിടയിൽ വശമാക്കിയിരുന്നു. പതിനേഴാം വയസ്സിൽ മദ്രാസ്‌ സംഗീത അക്കാദമിയിലെ കച്ചേരിയോടെ സുബ്ബലക്ഷ്മി പൊതുരംഗത്ത്‌ അറിയപ്പെടാൻ തുടങ്ങി. ഇവിടന്നങ്ങോട്ട്‌ ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്‌, മലയാളം, തെലുങ്ക്, സംസ്കൃതം, കന്നഡ തുടങ്ങിയ എല്ലാ ഭാഷകളിലും അവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

സംഗീതജ്ഞനും സ്വാതന്ത്ര്യ സമരസേനാനിയും രാജാജിയുടെ അനുയായിയുമായിരുന്ന സദാശിവത്തെ കണ്ടുമുട്ടിയത്‌ സുബ്ബലക്ഷ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായി. 1936-ലായിരുന്നു ഇത്‌. എം എസിൽ മറഞ്ഞുകിടന്ന മാധുര്യമേറിയ സ്വരരാഗങ്ങളെ പുറത്തെടുക്കാൻ ഈ ബന്ധം നിമിത്തമായി. 1940-ൽ ഇവർ വിവാഹിതരായി. ഭർത്താവു മാത്രമല്ല ഗുരുവും വഴികാട്ടിയുമൊക്കെയായിരുന്നു സദാശിവം.

സദാശിവവുമായുള്ള ബന്ധം ഗാന്ധിജി, നെഹ്‌റു തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ഹരി തും ഹരോ ജാൻ കി ഭീർ എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മാവിന്റെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. ‘സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം’ എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌. 1952 നവംബർ 29ന് ഡൽഹിയിലെ രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. “ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി”.

1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ ആണ് സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിക്കുന്നത്. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനവും ന്യുമോണിയയും മൂലം 2004 ഡിസംബർ 11-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.

cp-webdesk

null
null