Cinemapranthan
null

ഈ വാരം തിരക്കേറി ഒടിടി റിലീസുകൾ; തിയറ്റർ നിറക്കാൻ പദ്മിനിയും, മാവീരനും

ഒ ടി ടി റിലീസായി 5 സീരീസുകളും തിയറ്റർ റിലീസുകളായി 3 സിനിമകളുമാണ് എത്തുന്നത്

null

ഈ ആഴ്ച ഒ ടി ടി റിലീസായി 5 സീരീസുകളും തിയറ്റർ റിലീസുകളായി 3 സിനിമകളുമാണ് എത്തുന്നത്. പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങളും സീരീസുകളും ഉൾപ്പടെ എത്തുമ്പോൾ ഒ ടി ടി പ്ലാറ്റ്‌ഫോമുകളാണ് ഈ വാരം തിളങ്ങുന്നത്. സീരീസുകളുടെ റിലീസുകളിൽ തിരക്കേറുന്ന ഒ ടി ടിയിൽ ഇന്ത്യൻ സാന്നിധ്യമായി ഒരേയൊരു സീരീസ് മാത്രമാണ് എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. തിയറ്റർ ഇളക്കി മറിക്കാൻ ഉതകുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇല്ലെന്നുള്ളതാണ് ജൂലൈ രണ്ടാം വാരത്തിന്റെ തിളക്കമില്ലായ്മ.

സോണിക് പ്രൈം സീസൺ 2 (Sonic prime season 2)

ഡോ. എഗ്മാനുമായുള്ള അതിഭീകരമായ ഒരു യുദ്ധം പ്രപഞ്ചത്തെ തകർക്കുമ്പോൾ, സോണിക് തന്റെ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാനും ലോകത്തെ രക്ഷിക്കാനും സമാന്തരമായ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് ‘സോണിക് പ്രൈം സീസൺ 2’. ഡെവേൻ മാക്ക്, ആഷ്‌ലെയ് ബാൾ, ബ്രയാൻ ഡ്രമ്മോൻഡ് എന്നിവരാണ് ഈ അനിമേഷൻ സീരീസിന് ശബ്ദം നൽകിയവർ. പ്രശസ്ത വീഡിയോ ഗെയിം ആയ ‘സോണിക് ദി Hedgehog’ അടിസ്ഥാനമാക്കിയാണ് ഈ അഡ്വെഞ്ചുർ സീരീസ് ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് അനിമേഷൻ കൂടി നിർമ്മാണ പങ്കാളിയായ സോണിക് പ്രൈം സീസൺ 2, ജൂലൈ 13 മുതൽ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

സർവൈവൽ ഓഫ് ദി തിക്ക്സ്റ്റ് (Survival of the Thickest)

മിഷേൽ ബുറ്റീ, ടോൺ ബെൽ, ടാഷ സ്മിത്ത് എന്നിവർ പ്രധാന താരങ്ങളായെത്തുന്ന പുതിയ സീരീസാണ് ‘സർവൈവൽ ഓഫ് ദി തിക്ക്സ്റ്റ്’. ഒരു മോശം വേർപിരിയലിനു ശേഷം, സ്റ്റൈലിസ്റ്റ് ആയ മാവിസ് ബ്യൂമോണ്ട് സ്വന്തം ജീവിതത്തിൽ തന്റെതായ രീതിയിൽ സന്തോഷം കണ്ടെത്തുന്നതാണ് സീരീസ് പറയുന്നത്. മിഷേൽ ബുറ്റീയുടെ ‘സർവൈവൽ ഓഫ് ദി തിക്ക്സ്റ്റ്’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി
ലിൻഡ മെൻഡോസയാണ് ഈ കോമഡി – ഡ്രാമ സീരീസ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 13 നു നെറ്റ്ഫ്ലിക്സിലൂടെയാണ് സീരീസ് റിലീസിനെത്തിയത്.

ഫൌണ്ടേഷൻ സീസൺ 2 (Foundation season 2)

Apple TV+, ജൂലൈ 14-ന് ഫൗണ്ടേഷൻ സീരീസിന്റെ രണ്ടാം സീസണുമായി എത്തുന്നു. 2021 ന് പുറത്തിറങ്ങിയ 10 എപ്പിസോഡുകൾ ഉള്ള സീസൺ 1 നു മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ആദ്യ ഭാഗത്തേക്കാളും വളരെ മികച്ച നിലവാരത്തിലാണ് സീസൺ 2 എത്തുന്നത്. ജാരെഡ് ഹാരിസ്, ലൂ ലോബെൽ, ഷോറണ്ണർ ഡേവിഡ് എസ്. ഗോയർ എന്നിവർ ആണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തിൽ പുതിയ കഥാപാത്രങ്ങളും എത്തുന്നത് പ്രേക്ഷകരെ ആവേശത്തിലാക്കും. ഡ്രാമ – സയൻസ് ഫിക്ഷൻ സീരീസ് ആയ ഫൌണ്ടേഷൻ സീസൺ 2 നിർമ്മിച്ചിരിക്കുന്നത് ആപ്പിൾ സ്കൈഡാൻസ് ടെലിവിഷൻ ആണ്.

ദി ട്രയൽ (The trial)

ബോളിവുഡ് താരം കജോൾ പ്രധാന വേഷത്തിലെത്തുന്ന ഇന്ത്യൻ ടെലിവിഷൻ സീരീസ് ആണ് ദി ട്രയൽ. ഇന്ത്യൻ നിയമവും രാഷ്ട്രീയവും പറയുന്ന പൊളിറ്റിക്കൽ ഡ്രാമ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സുപർൺ വർമ്മയാണ്. റോബർട്ട് കിംഗിന്റെയും മിഷേൽ കിംഗിന്റെയും ദി ഗുഡ് വൈഫ് എന്ന ചിത്രത്തിന്റെ ഒരു അഡാപ്റ്റേഷനാണ് ‘ദി ട്രയൽ’. ഭർത്താവ് തടവിലായി 13 വർഷത്തിന് ശേഷം കുടുംബത്തെ പോറ്റാനായി ഒരു നിയമ സ്ഥാപനത്തിൽ ജോലിക്ക് തിരിച്ചെത്തിയ വീട്ടമ്മയെ കേന്ദ്രീകരിച്ചാണ് സീരീസ് മുന്നോട്ടു പോകുന്നത്. ജിസ്‌ഷു സെൻഗുപ്ത, കുബ്ബറ സൈട്, ഷീബ ചദ്ധ, ആലി ഖാൻ, ഗൗരവ് പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ബനിജയ് ഏഷ്യ, അജയ് ദേവ്ഗൺ ഫിലിംസ്‌ എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന സീരീസ് ജൂലൈ 14 ന് ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസിനെത്തുന്നത്.

ദി സമ്മർ I ടേൺഡ് പ്രെറ്റി സീസൺ 2 (The summer I turned pretty season 2)

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആമസോൺ പ്രൈം വീഡിയോയുടെ ഹിറ്റ് സീരീസായ ‘ദി സമ്മർ I ടേൺഡ് പ്രെറ്റി’യുടെ രണ്ടാം സീസൺ. ദി സമ്മർ ഐ ടേൺഡ് പ്രെറ്റി സീസൺ 1 ഒരുക്കിയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ജെന്നി ഹാൻ എഴുതിയ ആദ്യ ട്രയോളജി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ‘ദി സമ്മർ I ടേൺഡ് പ്രെറ്റി’യുടെ ആദ്യ ഭാഗം. ജെന്നി ഹാന്റെ ട്രയോളജിയിലെ രണ്ടാമത്തെ ബുക്ക് ആയ ‘It’s Not Summer Without You’ അടിസ്ഥാനമാക്കിയാണ് ‘ദി സമ്മർ I ടേൺഡ് പ്രെറ്റി സീസൺ 2’ ഒരുക്കിയിരിക്കുന്നത്. ഒരമ്മയുടെ രണ്ട് ആണ്മക്കളുമായി പ്രണയത്തിലാകുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ‘ദി സമ്മർ I ടേൺഡ് പ്രെറ്റി സീരീസ്’ പറയുന്നത്. ആമസോൺ പ്രൈം വിഡിയോയിൽ ജൂലൈ 14 ന് റൊമാന്റിക് ഡ്രാമ സീരീസായ ‘ദി സമ്മർ I ടേൺഡ് പ്രെറ്റി’ സീരീസ് റിലീസിനെത്തും.

ഹദ്ദി (Haddi)

അക്ഷത് അജയ് ശർമ്മ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ഹദ്ദി. ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖി, അനുരാഗ് കശ്യപ്, ഇള അരുൺ, രേഷ് ലാംബ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയാകാൻ ആഗ്രഹിക്കുന്ന ഒരു ചെറിയ പട്ടണത്തിൽ താമസിക്കുന്ന ഹരി എന്ന യുവാവിന്റെ കഥയാണ് ‘ഹദ്ദി’. ഇന്ത്യൻ ട്രാൻസ്‌ജെൻഡേഴ്സിന്റെ ചരിത്രം കാണിക്കുന്ന ചിത്രം കൂടിയായ ഹദ്ദിയിൽ ശ്രീധർ ദുബെ, സഹർഷ് കുമാർ ശുക്ല, രാഹാവോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നവാസുദ്ധീൻ സിദ്ധിഖി സ്ത്രീ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഹദ്ദി’. അക്ഷത് അജയ് ശർമ്മ, അദമ്യ ഭല്ല എന്നിവർ ചേർന്ന് രചന ഒരുക്കിയ ചിത്രം ജൂലൈ 15 നു തിയറ്റർ റിലീസായാണ് എത്തുന്നത്.

മാവീരൻ

‘മണ്ടേല’ എന്ന ഹിറ്റ് പൊളിറ്റിക്കൽ സറ്റയർ സിനിമക്ക് ശേഷം മഡോണെ അശ്വിൻ്റെ സംവിധാനത്തിൽ ഈ ആഴ്ച്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ‘മാവീരൻ’. ചിത്രത്തിൽ ലീഡ് റോളിൽ എത്തുന്നത് ശിവകാർത്തികേയനും, അദിതി ശങ്കറും ആണ്. 2022 ൽ പുറത്തിറങ്ങിയ ‘പ്രിൻസ്’ എന്ന ചിത്രത്തിനു ശേഷം ശിവകാർത്തികേയന്റേതായി റിലീസ് ചെയ്യുന്ന ചിത്രം എന്ന നിലയിലും ഏറെ പ്രേക്ഷക പ്രീതിയാണ് ‘മാവീരാന്’ ലഭിച്ചിട്ടുള്ളത്. കൂടാതെ സംവിധായകനും റൈറ്ററും കൂടിയായ മഡോണെ അശ്വിൻ, പൊളിറ്റിക്കൽ സബ്ജക്ടുകൾ കൈകാര്യം ചെയ്യുന്ന രീതിയും ഏറെ രസത്തോടെ കണ്ടിരിക്കാൻ പറ്റുന്ന ഒന്നാണ്. ഇത്തവണയും സിനിമയുടെ കഥയ്ക്കായി അശ്വിൻ തിരഞ്ഞെടുത്തിരിക്കുന്നതും ഒരു പൊളിറ്റിക്കൽ സബ്ജക്ട് തന്നെയാണ് എന്നുള്ളത് ആകാംഷ കൂട്ടുന്നു. ചിത്രത്തിന് മ്യൂസിക് ചെയ്തിരിക്കുന്നത് ഭരത് ശങ്കർ ആണ്. കൈതി, മാസ്റ്റർ, ജയ് ഭിം, വിക്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത്. ജൂലൈ 14 ന് ആണ് ‘മാവീരൻ’ തിയറ്ററുകളിൽ എത്തുന്നത്.

പദ്മിനി

‘1744 വൈറ്റ് ആൾട്ടോ’ എന്ന സിനിമയ്ക്ക് ശേഷം സെന്ന ഹെഗ്‌ഡെയുടെ രചന, സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് പദ്മിനി. സിനിമയുടെ ആഖ്യാനരീതിയിൽ ഏറെ വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിക്കുന്ന ഹെഗ്‌ഡെ ചിത്രങ്ങൾക്ക് അതിൻ്റേതായ ഒരു പ്രേക്ഷക വൃന്ദത്തെ സൃഷ്ടിക്കാൻ ഇതിനോടകം തന്നെ മലയാള സിനിമയിൽ സാധിച്ചിട്ടുണ്ട്. മികച്ച താരനിര ഒന്നിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സെന്ന ഹെഗ്‌ഡെ – കുഞ്ചാക്കോ ബോബൻ, കോംബോ വർക്ക് ആകും എന്ന പ്രതീക്ഷ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇടയിൽ നിലവിലുണ്ട്. പ്രതീക്ഷകൾ തെറ്റാതിരുന്നാൽ മലയാളത്തിൽ ഒരു ഹിറ്റ് ചിത്രമായി മാറാൻ പദ്മിനിക്ക് സാധിക്കും. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനും എഡിറ്റിംഗ് മനു ആൻ്റണിയും ആണ് നിർവഹിച്ചിട്ടുള്ളത്.

cp-webdesk

null
null