Cinemapranthan
null

തിയറ്ററുകളിൽ കൈയ്യടി നിറക്കാൻ എത്തുന്ന പ്രമുഖർ; ഈ ആഴ്ച്ച സിനിമാപ്രേമികൾക്ക് തിരക്കേറും

തിയറ്ററുകളിൽ കൈയ്യടി നിറക്കാൻ ക്രിസ്റ്റഫർ നോളൻ ചിത്രമുൾപ്പടെ

null

ലോകപ്രേക്ഷകർ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ ആഴ്ച റിലീസിനെത്തുന്നത്. തിയറ്റർ റിലീസുകളാണ് ഈ വാരം ഏറെ. പ്രധാന ഒടിടി റിലീസായി ഹിറ്റ് സീരീസ് ആയ സ്വീറ്റ് മഗ്നോളിയസ് എത്തുമ്പോൾ തിയറ്ററുകളിൽ കൈയ്യടി നിറക്കാൻ ക്രിസ്റ്റഫർ നോളൻ ചിത്രമുൾപ്പടെ ഈ ആഴ്ച്ച സിനിമാപ്രേമികൾക്ക് തിരക്കേറും.. ഈ വാരമെത്തുന്ന സിനിമകളും സീരീസുകളും ഏതൊക്കെയെന്ന് നോക്കാം.

സ്വീറ്റ് മഗ്നോളിയസ് (Sweet Magnolias)

സൗത്ത് കരോലിനയിലെ സെറിനിറ്റി എന്ന മനോഹരമായ നിർമ്മിത നഗരത്തിലെ മൂന്ന് സ്ത്രീകളെ പറ്റി പറയുന്ന സീരീസാണ് സ്വീറ്റ് മഗ്നോളിയസ്. പ്രണയം, കരിയർ, കുടുംബം എന്നിവയുടെ സങ്കീർണ്ണതകളിലൂടെ പരസ്പരം കടന്നു പോകുന്ന ഇവർ കുട്ടിക്കാലം മുതലുള്ള മികച്ച സുഹൃത്തുക്കളാണ്. ഹിറ്റ് റൊമാന്റിക് ഡ്രാമ സീരീസായ സ്വീറ്റ് മഗ്നോളിയസിന്റെ മൂന്നാമത്തെ സീസൺ ആണ് റിലീസ് ആയിരിക്കുന്നത്. ഷെറിൽ വുഡ്സിന്റെ ‘സ്വീറ്റ് മഗ്നോളിയസ്’ എന്ന ബുക്കിനെ ആസ്പദമാക്കി ഒരുക്കിയ സീരീസിൽ ജോവന്ന ഗാർഷ്യ, സ്വിഷെർ, ബ്രുക് എലിയട്ട്, ഹേതേർ ഹെഡ്ലി, ജാമി ലൈൻ സ്പെയർസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മികച്ച പ്രതികരണം ലഭിച്ച സീരീസിന്റെ ആദ്യ രണ്ട് സീസണുകൾക്ക് ശേഷം മൂന്നാമത്തെ ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. ജൂലൈ 20 മുതൽ Netflix-ൽ സീരീസ് കാണാം.

ഓപ്പൺഹെയ്‌മെർ (Oppenheimer)

ലോകം മുഴുവനുമുള്ള ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ഓപ്പൺഹെയ്‌മെർ’. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ചിത്രം ആയത് കൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയിലാണ് സിനിമയെ കാത്തിരിക്കുന്നത്. മാൻഹട്ടൻ പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിലും അതുവഴി ആറ്റോമിക് യുഗത്തിന് തുടക്കമിട്ടതിലും നിർണായകനായ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ കഥയാണ്, ക്രിസ്റ്റഫർ നോളൻ രചന – സംവിധാനം ചെയ്യുന്ന ‘ഓപ്പൺഹെയ്‌മെർ’. ടൈറ്റിൽ കഥാപാത്രമായ ഓപ്പൺഹെയ്മറെ അവതരിപ്പിക്കുന്ന ഹോളിവുഡ് താരം കിലിയൻ മർഫിയാണ്. ഓപ്പൺഹൈമറിന്റെ ഭാര്യയായി എത്തുന്നത് എമിലി ബ്ലണ്ട് ആണ്. മാറ്റ് ഡമോൺ, റോബർട്ട് ഡോണേയ്‌ ജൂനിയർ, ഫ്ലോറെൻസ് പഹ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 100 മില്യൺ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം മികച്ച വിഷ്വൽ ട്രീറ്റ് ആയിരിക്കും പ്രേക്ഷകന് നൽകുക. ജൂലൈ 21 ന് ആണ് ‘ഓപ്പൺഹെയ്‌മെർ’ തിയറ്ററുകളിൽ റിലീസിന് എത്തുന്നത്.

ബാർബി (Barbie)

‘ഓപ്പൺഹെയ്‌മെറിന്’ ഒപ്പം തന്നെ ലോക പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന അമേരിക്കൻ ഫാന്റസി കോമഡി ചിത്രമാണ് ബാർബി. ഗ്രേറ്റ ഗെർവിഗ് സംവിധാനം ചെയ്യുന്ന ചിത്രവും ജൂലൈ 21 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. മാറ്റെലിന്റെ ബാർബി ഫാഷൻ പാവകളെ അടിസ്ഥാനമാക്കി, നിരവധി കമ്പ്യൂട്ടർ-ആനിമേറ്റഡ് ഡയറക്‌ട് ടെലിവിഷൻ സിനിമകൾ വന്നിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഒരു ലൈവ് ആക്ഷൻ ബാർബി ചിത്രം ഒരുങ്ങുന്നത്. ആരാധകരുടെ ഇഷ്ട താരമായ ബാർബിയായി എത്തുന്നത് മാർഗോട്ട് റോബിയാണ്. നായകനായ കെൻ ആയി റയാൻ ഗോസ്ലിംഗും അഭിനയിക്കുന്നു. അമേരിക്ക ഫെറര, സിമു ലിയു, കേറ്റ് മക്കിന്നൊണ്, ഇസ്സ റേ, റിയ പേൾമാൻ, വിൽ ഫെറൽ എന്നിവർ ഉൾപ്പെടുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. വാർണർ ബ്രോസ്. പിക്‌ചേഴ്‌സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഇത് വരെ കണ്ടു പരിചയിച്ച ബാർബി പാവകളിൽ നിന്നും വിഭിന്നമായി ജീവനോടെ മുന്നിൽ വന്നു നിൽക്കുന്ന ബാർബിയെ കാണാനുള്ള ത്രില്ലിലാണ് ആരാധകർ.

വാലാട്ടി

മതപരമായ വ്യത്യാസങ്ങൾ കാരണം ഉടമകൾ അംഗീകരിക്കാത്ത രണ്ട് നായ്ക്കളായ ടോമിയുടെയും അമലുവിന്റെയും ഹൃദയസ്പർശിയായ പ്രണയകഥയാണ് വാലാട്ടി. നിരവധി വെല്ലുവിളികൾ നിറഞ്ഞ ഇരുവരുടെയും സാഹസിക പ്രണയത്തിനിടെ നായ്ക്കൾ ഓടിപ്പോകാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് വാലാട്ടി എന്ന ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്നു എന്നതിലുപരി, മലയാള സിനിമയിൽ ആദ്യമായിട്ടാണ് മൃഗങ്ങൾക്ക് പ്രാധാന്യം നൽകി അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, അവർക്ക് വേണ്ടി ഡബ്ബ് ചെയ്ത് ഒരു സിനിമ എത്തുന്നത്. മലയാളത്തിലെ മുൻനിര ബാനറുകളിൽ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന – സംവിധാനം ഒരുക്കിയിരിക്കുന്നത് നവാഗതനായ ദേവനാണ്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ റോഷൻ മാത്യു, രവീണ രവി, അജു വർഗീസ്, സൗബിൻ ഷാഹിർ, സൈജു കുറുപ്പ് എന്നിവരുടെ ശബ്ദ സാനിധ്യം കൊണ്ടും ‘വാലാട്ടി’ ശ്രദ്ധേയമാണ്. മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി ചിത്രം റിലീസ് ചെയ്യുക.

കിർക്കൻ

അപ്പാനി ശരത്ത്, കനി കുസൃതി, അനാർക്കലി മരിക്കാർ, മഖ്‌ബൂൽ സൽമാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കിർക്കൻ ആണ് ജൂലൈ 21 ന് തിയറ്ററുകളിലെത്തുന്ന മറ്റൊരു മലയാള സിനിമ. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ​ഗണത്തിലുള്ള ചിത്രം മലയാളത്തിൽ ഒരിടവേളയ്ക്കു ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടി ആണ്. ഒരു കൊലപാതകവും തുടർന്നുള്ള കേസ് അന്വേഷണവുമാണ് ചിത്രം പറയുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ സലിംകുമാർ, ജോണി ആന്റണി,വിജയരാഘവൻ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാമ്പ്ര സിനിമാസിന്റെ ബാനറിൽ മാത്യു മാമ്പ്ര നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.

ഭഗവാൻ ദാസന്റെ രാമരാജ്യം

ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ, നന്ദന രാജൻ, ഇർഷാദ് അലി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ഭഗവാൻ ദാസന്റെ രാമരാജ്യം’ ജൂലൈ 21 ന് തിയറ്ററുകളിൽ എത്തും. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി, വശിഷ്ട് വസു (മിന്നൽ മുരളി ഫെയിം), റോഷ്‌ന ആൻ റോയ്, നിയാസ് ബക്കർ, വിനോദ് തോമസ്, വരുൺ ധാര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ജാതി മത വേർതിരിവുകളുടെ രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഫെബിൻ സിദ്ധാർഥ് ആണ്.

അഭ്യൂഹം

അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി‌ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രമാണ് ‘അഭ്യൂഹം’. കുറ്റവാളിയായി ജയിലിൽ കഴിയുന്ന പിതാവിന്റെ നിരപരാധിത്വം തെളിയിക്കാനായി ശ്രമിക്കുന്ന മകനും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. കോട്ടയം നസീർ, ആത്മീയ രാജൻ എന്നിവരും വേഷമിടുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ആനന്ദ് രാധാകൃഷ്ണനും നൗഫൽ അബ്ദുള്ളയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

cp-webdesk

null
null