Cinemapranthan

അച്ഛന്റെ ജന്മവാർഷികത്തിൽ ഓർമകളുമായി മകൻ മുരളി ഗോപി

ഭരത് ഗോപിയുടെ 83-ാം ജന്മവാർഷികമാണ് ഇന്ന്

മലയാള സിനിമയുടെ ശ്രേഷ്ഠ നടന്മാരിലൊരാളാണ് ഭരത് ഗോപി. അതുല്യ കഥാപാത്രങ്ങൾ മലയാള സിനിമക്ക് സംഭാവന ചെയ്ത ആ പ്രതിഭാധനന്റെ 83-ാം ജന്മവാർഷികമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

മുരളി ഗോപി പങ്ക് വെച്ച കുറിപ്പ്

“നിങ്ങളുടെ ജന്മവാർഷികത്തിൽ, തിരിഞ്ഞുനോക്കുമ്പോൾ കുടുംബമെന്ന രീതിയിൽ നമ്മൾ ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഞാൻ ഓർക്കുന്നു. ഞങ്ങളുടെ സാധാരണ ജീവിതം നഷ്ടമാവാതിരിക്കാൻ ലൈംലൈറ്റിൽ നിന്നും താങ്കൾ ഞങ്ങളെ എത്രമാത്രം തടഞ്ഞുനിർത്തിയിരുന്നെന്ന് ഞാനോർക്കുന്നു. ഒരു സിനിമാതാരത്തിന്റെ ജീവിതത്തെ ഞങ്ങൾക്ക് മനസ്സിലാക്കാനായി എത്രത്തോളം വ്യക്തമാക്കി തന്നിരുന്നുവെന്നും നിങ്ങളെത്രത്തോളം കഷ്ടപ്പെട്ടുവെന്നും പോരാട്ടങ്ങളിലൂടെ എങ്ങനെ അതിജീവിച്ചുവെന്നതും ഞാനോർക്കുന്നു. നിങ്ങൾ ഉയരങ്ങളിൽ നിന്ന് വീണത്, പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്…. താങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി.”

അടൂര്‍ ചിത്രം ‘സ്വയംവരത്തിലൂടെയാണ് ഭരത് ഗോപി സിനിമാ പ്രവേശനം നടത്തുന്നത്. കൊടിയേറ്റം, യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, പാളങ്ങള്‍, ചിദംബരം, അക്കരെ തുടങ്ങി നിരവധി ചിത്രങ്ങൾ ഭരത് ഗോപിയുടെ വളർച്ച കാണിക്കുകയായിരുന്നു. കൊടിയേറ്റത്തിലെ അഭിനയത്തിന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ നടനുള്ള ‘ഭരത്‌‘ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. 1978, 1982, 1983, 1985 എന്നീ വർഷങ്ങളിൽ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 1991ല്‍ രാജ്യം ഭരത് ഗോപിയെ പത്മശ്രീ നല്‍കി ആദരിച്ചു.

cp-webdesk