Cinemapranthan

മൂന്നാം വയസിൽ നേരിട്ട ലൈംഗികാതിക്രമവും, കാസ്റ്റിങ് കൗച്ച് അനുഭവവും വെളിപ്പെടുത്തി ‘ദംഗൽ’ താരം ഫാത്തിമ സന

ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന

null

മൂന്നാം വയസിൽ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് വെളിപ്പടുത്തി ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ക്ക്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചെറുപ്പത്തിൽ താൻ നേരിട്ട ദുരനുഭവത്തെപ്പറ്റി ഫാത്തിമ സന വെളിപ്പെടുത്തുന്നത്. സിനിമാരംഗത്തെ ലിംഗപരമായ വേർതിരിവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ ശ്രദ്ധ നേടിയ താരമാണ് ഫാത്തിമ സന. കരിയറിന്റെ ആദ്യ കാലത്ത് നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും ഫാത്തിമ സന വെളിപ്പെടുത്തി.

“വെറും മൂന്ന് വയസുള്ളപ്പോഴാണ് ആദ്യമായി ഞാൻ ലൈംഗികാതിക്രമത്തിന് ഇരയാകുന്നത്..ലൈംഗിക അതിക്രമത്തെ ഒരു കളങ്കമായാണ് പലരും കരുതുന്നത്. അതിനാൽ തന്നെ പല സ്ത്രീകളും ഇക്കാര്യങ്ങൾ തുറന്നു പറയാൻ മടിക്കും. ഇന്ന് ലോകം മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ബോധവത്‌കരണം ഇതിനെക്കുറിച്ച് നൽകുന്നു. ലിം​ഗപരമായ വേർതിരിവ് ഭീകരമാണ്. ഓരോ ദിവസവും ഞങ്ങൾ നടത്തുന്നത് പോരാട്ടമാണ്. ഓരോ സ്ത്രീയും ഓരോ ന്യൂനപക്ഷവും നിത്യവും നടത്തുന്ന പോരാട്ടമാണ്. എന്നാൽ ഭാവിയിൽ എനിക്ക് പ്രതീക്ഷയുണ്ട്”, ഫാത്തിമ പറയുന്നു.

കരിയറിന്റെ തുടക്കത്തിൽ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവവും ഫാത്തിമ സന പറഞ്ഞു.

“എനിക്ക് കാസ്റ്റിങ് കൗച്ചിനെ നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ‘ചിലരുടെ’ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. നല്ല പ്രൊജക്ടുകൾ ലഭിക്കാൻ ഇതു മാത്രമാണൊരു വഴി എന്ന രീതിയിലാണ് എന്നെ സമീപിച്ചിരുന്നത്. അതിനു വഴങ്ങാത്തതിനാൽ നിരവധി പ്രൊജക്ടുകൾ എനിക്ക് നഷ്ടപ്പെട്ടു,” ഫാത്തിമ സന പറഞ്ഞു.

ആമിർ ഖാൻ ചിത്രം ദംഗലിലൂടെ നായികയായി ബോളിവുഡിലേക്ക് എത്തിയ ഫാത്തിമ കമലഹാസൻ ചിത്രം ചാച്ചി 420 എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ആദ്യമായി സിനിമയിലെത്തുന്നത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിലും ഫാത്തിമ സന സുപ്രധാന വേഷത്തിലെത്തിയിരുന്നു. അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

cp-webdesk

null

Latest Updates