Cinemapranthan
null

‘കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായ മനുഷ്യൻ’; മോഹൻലാലിനെ കുറിച്ച് എം പി അബ്‍ദുസമദ് സമദാനി: വൈറലായി കുറിപ്പ്

ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്

null

നടന വിസ്മയം മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു മെയ് 21 ന്. സമൂഹ മാധ്യങ്ങളും ആരാധകരും ഒരു പോലെ ആഘോഷിച്ച പിറന്നാളിന് നിരവധി പേരാണ് ആശംസകൾ നേർന്നത്. ഇപ്പോഴിതാ മോഹൻലാലിന് പിറന്നാളാശംസകളുമായി ലോക്സഭാ എംപി ഡോ. എം പി അബ്‍ദുസമദ് സമദാനി എഴുതിയ കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

കുറിപ്പ് വായിക്കാം

“നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ, തന്റെ പ്രതിഭാവിലാസത്തിന്റെ പ്രഭാവത്താൽ ജനസഞ്ചയങ്ങളെ അതിശയിപ്പിച്ച നമ്മുടെ പ്രിയങ്കരനായ മോഹൻലാലിന്റെ ഒരു ജന്മദിനം കൂടി ഇന്നലെ കടന്നുപോയി. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിന്റെ മഹാപ്രതിഭക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ. അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്‍മാനുമായിരിക്കട്ടെ.
എനിക്ക് മോഹൻലാൽ തന്റെ വിശ്വസ്‍തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ. ആന്തരികതയുടെ ആഴമാണ്, അതിനെ കൂടുതൽ അഗാധമാക്കുന്ന സ്നേഹമാണ് ഞാൻ കണ്ട ലാൽ എപ്പോഴും. ഈ ജന്മദിനസന്ദേശം ലാലിന്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്‍പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും,’അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നതെന്ന്ട അദ്ദേഹത്തിന്റെ ധന്യമാതാവിന്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്. ആയിരം ആദിത്യന്മാർ ഒന്നിച്ചുയരുംപടി സമ്മോഹനമായിരിക്കട്ടെ ഇനിയും പ്രിയപ്പെട്ട ലാലിന്റെ ജീവിതാരോഹണങ്ങൾ.”

അതെ സമയം പ്രേക്ഷകർ വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘ മലൈകോട്ടൈ വാലിബൻ’. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ രണ്ടാംഘട്ട ചിത്രീകരണത്തിലാണ്. മോഹൻലാലിന്റെ 63-ാം പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ചിത്രത്തിന്റെ നിർമ്മാതാവായ ഷിബു ബേബി ജോൺ പങ്ക് വെച്ച ചിത്രത്തിന്റെ ‘ഗ്ലിമ്പ്സ്’ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിന്നു. കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ച് നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

cp-webdesk

null
null