Cinemapranthan

“തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്” ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ച കറുത്തമുത്ത് ഐ എം വിജയന്റെ ജീവിതം വായിക്കാം

null

ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്. അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ഒരു ദിവസം ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്. അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല.. അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത്. അതുകൊണ്ടാണ് താമസിച്ചത്. പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ. അമ്മ ആക്രി പെറുക്കാൻ പോയി കുടുംബം നോക്കിയവൾ.ചെറുപ്പത്തിൽ അച്ഛൻ റേഷൻ കടയിൽ പോയി വരുമ്പോൾ സൈക്കിളിൽ ബസ്സ് ഇടിച്ചു മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവൻ അമ്മയുടെ തലയിൽ. വിജയനും കൂലിപ്പണിക്ക് പോയി തുടങ്ങി.വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂർ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു.

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കിൽ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം.


പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.
കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മളിൽ ഓരോരുത്തരിലും ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. അത് എല്ലാവരിലും ഉണ്ട്. നാം അത് കണ്ടെത്തിക്കഴിയുമ്പോൾ നമ്മുടെ അവസ്ഥ മാറും .വിദ്യാഭ്യാസം പ്രധാനമാണെങ്കിലും അത് മാത്രമല്ല വിജയത്തിന് അനിവാര്യം. നമ്മുടെ കഴിവിനെ മനസ്സിലാക്കി അതിനെ നാം വളർത്തി എടുക്കുമ്പോഴാണ് നാം വളരുന്നത്. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്. നമ്മളുടെ കുഞ്ഞുങ്ങൾ ഒക്കെ വിവിധ കലകൾ ഉള്ളവരാണ്. പടം വരയ്ക്കുവാൻ, ക്രിക്കറ്റ് കളിക്കുവാൻ, ക്രാഫ്റ്റ് ചെയ്യുവാൻ, പാട്ടുപാടാൻ, നൃത്തം ആടാൻ , നീന്താൻ, സൈക്കിൾ ചവിട്ടുവാൻ അങ്ങനെ എന്തെല്ലാം. അവരിലുള്ള കഴിവുകളെ നാം വളർത്തി എടുക്കണം. നാല് ഭിത്തിക്കുള്ളിൽ പിള്ളാരെ അടച്ചിട്ടാൽ അവൻ വളർന്നു വരുമ്പോൾ അവന്റെ കഴിവുകളെ എല്ലാം നശിപ്പിച്ചു അവസാനം അവന് തന്നെ ഇഷ്ടമില്ലാത്ത ജോലി ചെയ്യേണ്ടിയ അവസ്ഥ വരും. നമ്മളുടെ കുട്ടികൾ ഒന്ന് തോറ്റതുകൊണ്ടോ പഠിക്കാൻ മണ്ടൻ ആയതുകൊണ്ടോ ഒന്നും അവന്റെ ഭാവി നശിക്കില്ല. ഈ ജയിച്ചവരെല്ലാം തോറ്റവൻമാരായിരുന്നു. അതുകൊണ്ട് നമ്മടെ കുഞ്ഞുങ്ങളുടെ സർഗാത്മ കഴിവുകളെ കണ്ടെത്തി അവരെ പുറത്ത് കൊണ്ടുവരുക. മിഡിൽ ക്ലാസ് ഭവനങ്ങളിൽ കുട്ടികൾക്ക് പലപ്പോഴും സ്വാതന്ത്ര്യം കൊടുക്കാറില്ല. വീടിനകത്ത് ഇരിക്കുന്നതാണ് സ്റ്റാറ്റസ് എന്ന് വിചാരിക്കുന്നവർ പോലും
ഉണ്ട് ഈ കാലത്ത്. അതെല്ലാം അവരുടെ ജീവിതത്തെ ഒരുപാട് ബാധിക്കും. നമ്മടെ കുട്ടികൾ ഗ്രൗണ്ടിൽ ഇറങ്ങട്ടെ . ചള്ള കുഴക്കട്ടെ, മരത്തിൽ കയറട്ടെ , അവരെ തളർത്തരുത്. ഭയപ്പെടുത്തരുത്. പിള്ളേരെ ഭയപ്പെടുത്തിയാൽ അവൻ ഭാവിയിൽ ഡിപ്രെഷൻ എന്ന രോഗങ്ങൾക്ക് അടിമയാകും. അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. നമ്മൾ ധൈര്യപ്പെടുത്തണം കുട്ടികളെ. നാട്ടുകാരുമായി നമ്മളുടെ കുട്ടികളെ താരതമ്യം ചെയ്യരുതേ. ഓരോത്തർക്കും ഓരോ കഴിവാണ്. തക്ക സമയത്ത് അവർ വളർന്നിരിക്കും.


നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും, അവർ ലോക പ്രസിദ്ധരായി തീരും. ദേശത്തും, കുടുംബത്തും , സംസ്ഥാനത്തും , രാജ്യത്തും അവർ ഒരു അനുഗ്രഹമായി തീരും. അവരുടെ സമാധാനം വലുതായിരിക്കും. അവർ ഉയർച്ച തന്നെ പ്രാപിക്കും.നിങ്ങളുടെ മക്കളെ നോക്കി പറയണം അവൻ ഉയർച്ച തന്നെ പ്രാപിക്കും, അവരെ പ്രാകരുത് . നീ ഗുണം പിടിക്കത്തില്ല എന്ന് പറയരുതേ. നമ്മുടെ നാവ് കൊണ്ട് മക്കൾ അവർ എത്ര മണ്ടന്മാർ ആണെങ്കിലും നമ്മൾ പറയണം അവൻ/ അവൾ ഉയർച്ച തന്നെ പ്രാപിക്കും.ഒരു കാര്യം പറയട്ടെ , അതൊരു സത്യമാണ്. ഏറ്റവും മണ്ടന്മാർ എന്ന് നാം ധരികുന്നവർ മിടുക്കന്മാരേക്കാളിലും വിജയികളായിത്തീരും.

പോസ്റ്റ് ക്രെഡിറ്റ് : ജെറി പൂവക്കാല

cp-webdesk

null

Latest Updates