Cinemapranthan
null

ദൃശ്യം 2 കണ്ട് ത്രില്ലടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം അശ്വിനും; നന്ദി പറഞ്ഞ് മോഹൻലാൽ

ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ ഉറക്കെ ചിരിച്ചു പോയെന്ന് അശ്വിൻ

null

ദൃശ്യം രണ്ടാം ഭാഗത്തിന്റെ വിജയം തുടർന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരും ആരാധകരും ദൃശ്യം 2 ന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഏറ്റവുമൊടുവിലിതാ ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ ആണ് ദൃശ്യം 2 കണ്ട് മോഹൻലാലിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇനിയും ചിത്രം കാണാത്തവർ ദൃശ്യം ആദ്യ ഭാഗം മുതൽ ചിത്രം കാണണമെന്നും അശ്വിൻ ട്വിറ്ററിൽ കുറിച്ചു.

“ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദൃശ്യം 1 മുതല്‍ കാണുക. ഗംഭീരം!! ശരിക്കും ഗംഭീരം.” എന്നായിരുന്നു ദൃശ്യം 2 കണ്ട അശ്വിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ തിരക്കിനിടയിലും അശ്വിൻ ചിത്രം കണ്ടതിൽ നന്ദി അറിയിച്ച് നടൻ മോഹൻലാലും ട്വീറ്റ് ചെയ്തു.

“താങ്കളുടെ തിരക്കുപിടിച്ച ഷെഡ്യൂളിനിടയിലും ദൃശ്യം 2 കാണാനും അതിനെക്കുറിച്ച് സംസാരിക്കാനും സമയം കണ്ടെത്തിയതിന് നന്ദി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വലിയ കാര്യമാണിത്. താങ്കളുടെ കരിയറിന് എല്ലാവിധ ഭാവുകങ്ങളും, അശ്വിൻ”. മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.

ഡിസംബർ 19–ന് ആമസോണ്‍ പ്രൈമില്‍ ആണ് ദൃശ്യം 2 റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രം സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞ പ്രതികരണമാണ് ഇപ്പോഴും നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് എന്നിവർക്കൊപ്പം മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവരും ഉണ്ട്.

cp-webdesk

null
null