പൂജ കഴിഞ്ഞപ്പോഴേക്കും മുടങ്ങിപ്പോയ ഒരു സിനിമ. സിനിമയുടെ കഥയ്ക്ക് ബാലചന്ദ്ര മേനോന്റെ ‘ഒരു പൈങ്കിളി കഥ’ എന്ന പഴയ സിനിമയുമായി എവിടെയൊക്കെയോ സാമ്യമുള്ളതിനാൽ മറ്റൊരു കഥ വച്ചു അതേ കാസ്റ്റിൽ സിനിമ ചെയ്യാമെന്ന് സിബിയും ലോഹിയും പ്രൊഡ്യൂസർ മോഹൻലാലും തീരുമാനിക്കുന്നു.

ലോഹിയുടെ മനസ്സ് ശൂന്യമായിരുന്നു. സിനിമ തുടങ്ങാൻ കുറച്ചു നാളുകൾ മാത്രം ബാക്കി. താരങ്ങളുടെ എല്ലാം ഡേറ്റുമുണ്ട്. അങ്ങനെയിരിക്കെ സിബി അദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന ഒരു ദുരന്തത്തിനെ പറ്റി ലോഹിയോട് പറയുന്നു.
ആ കഥ ലോഹിയ്ക്കും അറിയാം.
ഒരു മരണം. ഒരു കല്യാണത്തിനിടയ്ക്ക് കുടുംബത്തിലെ വേണ്ടപ്പെട്ട ഒരാൾ മരിക്കുന്നു. വീട്ടിലെ പുരുഷന്മാർ കല്യാണം മുടങ്ങാതെ ഇരിക്കാൻ സ്ത്രീകളോട് പറയാതെ ആ മരണത്തിന്റെ ചടങ്ങുകൾ നടത്തുന്നു. പിന്നീട് വിവാഹത്തിന് ശേഷം വീട്ടിലെ സ്ത്രീകളെ അറിയിക്കുന്നു. സിബിയുടെ സുഹൃത്ത് എന്ന നിലയിൽ ലോഹിയും ആ മരണത്തിൽ പങ്കെടുത്തിരുന്നു.

ഈ കഥ എഴുതാം എന്നു ലോഹി പറയുന്നു. ആദ്യം സിബി സമ്മതിക്കുന്നില്ലെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വരുന്നു. അങ്ങനെ സിനിമ ഷൂട്ടിങ് തുടങ്ങുന്നു. തലേ ദിവസം ലോഹി അടുത്ത ദിവസം ഷൂട്ട് ചെയ്യാനുള്ളത് എഴുതുന്നു. അടുത്ത ദിവസം ഷൂട്ട് നടക്കുന്നു. അടുത്ത ദിവസം പോയിട്ട് അടുത്ത സീൻ എന്താണ് തങ്ങൾ ചെയ്യേണ്ടത് എന്നുപോലും അറിയാതെ താരങ്ങൾ അഭിനയിക്കുന്നു. ചില ദിവസം ലോഹിക്ക് എഴുതാൻ സാധിക്കാത്തത് കൊണ്ട് ഷൂട്ട് നടക്കുന്നില്ല. ഒരു മുറിയിൽ കൈതപ്രം ഗാനരചന നടത്തുന്നു. അടുത്ത മുറിയിൽ രവീന്ദ്രൻ മാഷ് സംഗീതം നിർവഹിക്കുന്നു. പാട്ട് റെഡിയായ ഉടനെ റെക്കോഡിങ്ങിനു പോകുന്നു….

അങ്ങനെ സിനിമ റിലീസ് ആകുന്നു. വൻ വിജയമാവുകയും നാഷണൽ അവാർഡ് ഉൾപ്പടെയുള്ള അവാർഡുകളും മറ്റു ബഹുമതികളും വാരിക്കൂട്ടുകയും ചെയ്യുന്നു. കഥാപരമായും കലാപരമായും താരങ്ങളുടെ പ്രകടനം കൊണ്ടും മികച്ച ചിത്രമായി മാറുന്നു.






