Cinemapranthan

ഇതുവരെ കണ്ടെത്താനാകാതെ മോഷണം പോയ വിമാനം

വ്യോമഗതാഗതമേഖലയിൽ വളരെ വിചിത്ര സംഭവങ്ങൾ അനേകം ഉണ്ടായിട്ടുണ്ട്. മലേഷ്യൻ വിമാനത്തിന്റെ കാണാതാകലൊക്കെ ഇത്തരത്തിൽപ്പെട്ട ഒന്നാണ്. കാണാതായ വിമാനങ്ങൾ കുറേയുണ്ട്. അക്കൂട്ടത്തിലൊന്നാണ് 2003ൽ കാണാതായ ബോയിങ് വിമാനം. ഈ സംഭവത്തിനു കാൽനൂറ്റാണ്ട് തികയാൻ ഇനി കേവലം 3 വർഷങ്ങൾ കൂടിമാത്രം. അപ്പോഴും വിമാനത്തെപ്പറ്റി വിവരങ്ങളൊന്നുമില്ല. 2003 മേയ് 25ന് ആഫ്രിക്കൻ രാജ്യം അംഗോളയിലെ ലുവാൻഡയിലുള്ള വിമാനത്താവളത്തിൽ നിന്നാണ് ആ വിമാനം പറന്നുപൊങ്ങിയത്.1965 മോഡൽ വിമാനമായിരുന്നു ഇത്. അംഗോളയിൽ നിന്നുള്ള ഒരു പുതിയ ഉടമസ്ഥൻ ഇതു വാങ്ങിയതാണ്. നേരത്തെ അമേരിക്കൻ എയർലൈൻസ് കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ വിമാനം അംഗോളയിൽ നിന്നുള്ള ഒരു പുതിയ ഉടമസ്ഥൻ വാങ്ങിയതായിരുന്നു .

അന്ന് അംഗോള എയർപോർട്ടിൽ നടന്ന സംഭവം ഇങ്ങനെ : ടെർമിനൽ കെട്ടിടത്തിൽ നിൽക്കുകയായിരുന്ന വിമാനത്താവള ജീവനക്കാരൻ ലൂയി ലോപ്പസാണ് ആദ്യം അതു കണ്ടത്. ടാക്‌സിവേയുടെ ഒരറ്റത്ത് ഒരു കൊല്ലമായി വെറുതേ കിടക്കുന്ന ബോയിങ് 727 വിമാനം പതിയെ ചലിക്കുന്നു. അംഗോള എയർപോർട്ട് അതോറിറ്റിക്ക് കൊടുക്കാനുള്ള ഫീസിൽ പതിനെട്ടരക്കോടിരൂപ കുടിശിക വരുത്തിയതിനാൽ പിടിച്ചിട്ടിരുന്ന വിമാനം വിട്ടുകൊടുക്കാനുള്ള ഉത്തരവൊന്നും ആയിട്ടില്ല എന്ന് ലൂയിക്ക് അറിയാമായിരുന്നു. മാത്രമല്ല, ആ സമയത്ത് ഏതെങ്കിലും വിമാനം ടേക്ക്-ഓഫ് ചെയ്യുന്നു എന്ന അറിയിപ്പുമില്ല. റൺവേ ‘ക്ലിയർ’ ചെയ്‌തിട്ടില്ല. തോന്നിയതായിരിക്കും എന്ന് വിചാരിച്ച് പിൻതിരിയുമ്പോൾ പെട്ടെന്ന് ഹുങ്കാര ശബ്‌ദത്തോടെ വിമാനം റൺവേയിലേക്ക് പാഞ്ഞുകയറുന്നതാണ് ലൂയി കണ്ടത്. ലൂയിയും മറ്റ് വിമാനത്താവള ജിവനക്കാരും അന്തം വിട്ടു നിൽക്കുമ്പോൾ ബോയിങ് 727-200 റൺവേയിലൂടെ ഇരമ്പിക്കുതിച്ച് പറന്നുയർന്നു. തട്ടിക്കൊണ്ടുപോയതാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്ക് വിമാനം ആകാശത്തിൽ ഒരു പൊട്ടുപോലെയായിക്കഴിഞ്ഞിരുന്നു.
പറന്നുയർന്ന വിമാനം ലൈറ്റുകൾ ഒന്നും ഇടാതെ അറ്റ്ലാൻഡിക് മഹാസമുദ്രത്തിനു മുകളിലൂടെ പറന്നു. പതിവായ ക്ലിയറൻസ് ലഭിച്ചിരുന്നില്ല. എയർ ട്രാഫിക് കൺട്രോളുമായി യാതൊരു സമ്പർക്കവും ഉണ്ടായതുമില്ല. ട്രാൻസ്പോൻഡറും പ്രവർത്തനരഹിതമായിരുന്നു. ചുരുക്കത്തിൽ ദുരൂഹതകൾ നിറഞ്ഞൊരു സഞ്ചാരം. വിമാനം പറന്നുയരുന്നതിന് മുൻപ് രണ്ടു പേർ അകത്ത് പ്രവേശിച്ചിരുന്നു. ഫ്ളൈറ്റ് എൻജിനീയർ ബെഞ്ചമിൻ ചാൾസ് പാഡില്ലയും അദ്ദേഹത്തിന്‍റെ സഹായി ജോണ്‍ മിക്കായേൽ മിട്ടാന്‍റുവും. ചെറുവിമാനങ്ങൾ പറത്താനുള്ള ലൈസൻസ് മാത്രമാണ് പാഡില്ലക്ക് ഉണ്ടായിരുന്നത്. ബോയിങ് 727 പോലെയുള്ള ഒരു വിമാനം പറത്തണമെങ്കിൽ ചുരുങ്ങിയത് മൂന്ന് പരിശീലനം സിദ്ധിച്ച പൈലറ്റുമാരെങ്കിലും വേണം. രണ്ടു പേർക്ക് ഒരിക്കലും ആ വിമാനം മുന്നോട്ടു കൊണ്ടുപോകാനാകില്ല. മൂന്നാമതൊരാള്‍ നേരത്തെ വിമാനത്തിൽ പ്രവേശിച്ച് മറ്റു രണ്ടുപേർക്കായി കാത്തിരുന്നിരിക്കണം എന്നാണ് അനുമാനം. ഏതായാലും വിമാനത്തിൽ പ്രവേശിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ടുപേരെയും കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.

ഏതാനും ദിവസങ്ങൾക്കു ശേഷം അറ്റ്‌ലാന്റിക് സമുദ്ര തീരത്തുള്ള പശ്‌ചിമാഫ്രിക്കൻ രാജ്യമായ ഗിനി റിപ്പബ്ലിക്കിന്റെ തലസ്‌ഥാനമായ കൊണാക്രിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ബോബ് സ്‌ട്രോതർ എന്ന ഒരു കാനഡക്കാരൻ പൈലറ്റ് ഏപ്രണിൽ കിടക്കുയായിരുന്ന ഒരു വിമാനത്തെ ശ്രദ്ധിച്ചത് യാദൃശ്‌ചികമായിട്ടായിരുന്നു. ഏതോ കമ്പനിയിൽ നിന്ന് സെക്കൻഡ് ഹാൻഡായി വാങ്ങിയതാണെന്ന് വ്യക്‌തം. പുതുതായി പെയിന്റടിച്ചിട്ടുണ്ടെങ്കിലും പെയിന്റിനടിയിലൂടെ പഴയ ഡിസൈനും ലോഗോയും ഒക്കെ അവ്യക്‌തമായി കാണാം. വാലറ്റത്ത്‌ മങ്ങിക്കാണാമായിരുന്ന പഴയ റജിസ്‌ട്രേഷൻ നമ്പർ ബോബ് വായിച്ചു: N844AA. തട്ടിക്കൊണ്ടുപോയ ബോയിങ് 727-200 വിമാനമാണ് ഇതെന്ന് ഉറപ്പുവരുത്താൻ ബോബ് പാഞ്ഞുനടക്കുന്നതിനിടയിൽ വിമാനം ടേക്ക് – ഓഫ് ചെയ്‌തു. അധികൃതരെ അറിയിക്കാൻ അവസരം കിട്ടും മുൻപെ വിമാനം വീണ്ടും ആകാശത്തിന്റെ അനന്തതയിൽ എവിടേക്കോ മറഞ്ഞുകഴിഞ്ഞിരുന്നു. ബോബ് വിളിച്ചുപറഞ്ഞതനുസരിച്ച് ബ്രിട്ടനിൽ നിന്നിറങ്ങുന്ന ഗാർഡിയൻ പത്രം ഇക്കാര്യം പ്രസിദ്ധീകരിച്ചു. എഫ്ബിഐയെ കൂടുതൽ പരിഭ്രാന്തരാക്കുന്ന ഒരു പരാമർശവും വാർത്തയിലുണ്ടായിരുന്നു. ബോബ് കാണുമ്പോൾ വിമാനത്തെ ഇന്ധന ടാങ്കർ വിമാനമായി പുനർരൂപകൽപന ചെയ്‌തിട്ടുണ്ടായിരുന്നു. കാരണം വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർത്തും പെന്റഗണിന് നാശനഷ്‌ടങ്ങൾ വരുത്തിയും ഇടിച്ചിറങ്ങിയ വിമാനങ്ങൾ അമേരിക്ക എങ്ങിനെ മറക്കാനാണ് എവിടെയുണ്ട് എന്നറിയാത്ത, ആരുടെ കൈവശമാണെന്ന് ഒരു ഊഹവുമില്ലാത്ത, 62 ടൺഭാരവും 30,623 ലിറ്റർ ഇന്ധനവാഹകശേഷിയും 4818 കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുമുള്ള ഒരു വിമാനം ഏതു ദുഷ്‌ടലാക്കോടെയാണ് ഒളിവിൽ കഴിയുന്നതെന്ന് എങ്ങനെയറിയാം? 189 യാത്രക്കാർക്ക് കയറാൻ കഴിയുന്ന വിമാനത്തിലെ കുറേ സീറ്റുകൾ ഇളക്കി മാറ്റിയോ അല്ലെങ്കിൽ ചരക്കു കയറ്റുന്ന അറയുടെ വലിപ്പം കുറച്ചോ രണ്ട് 9387 ലിറ്റർ വീതം ശേഷിയുള്ള രണ്ട് ഇന്ധന ‘ടാങ്കുകൾ’ കൂടി ഘടിപ്പിച്ചാൽ ഈ വിമാനത്തിന് എങ്ങും നിർത്താതെ 7273 കിലോമീറ്റർ പറക്കാൻ കഴിയുമെന്നതും നാളെ അതൊരു പറക്കും ബോംബായി തിരിച്ചുവരുമോ? ഇതൊക്കെയും അമേരിക്കയുടെ പരിഭ്രാന്തിക്ക് കാരണമായിരുന്നു .

അമേരിക്കയെ നടുക്കിയ 9/11 തീവ്രവാദ ആക്രമണം നടന്ന് 21 മാസങ്ങൾക്കു ശേഷമായിരുന്നു ദുരൂഹമായ ഈ തിരോധാനം എന്നതിനാൽ വിമാനം കണ്ടെത്താനായി ലോക വ്യാപകമായി സജീവമായ അന്വേഷണമാണ് നടന്നത്. എയര്‍ ട്രാഫിക് കൺട്രോളിന്‍റെ മൂക്കിനു താഴെ നിന്നാണ് വിമാനം മോഷ്ടിക്കപ്പെട്ടതെന്നത് ഏവരെയും ഞെട്ടിച്ചു. വിമാനത്തിന്‍റെ തിരോധാനത്തെ കുറിച്ച് മൂന്ന് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത് – ഇൻഷുറൻസ് തട്ടിയെടുക്കാനായി വിമാന ഉടമകൾ തന്നെ ആസൂത്രണം ചെയ്ത ഒരു നാടകം, പുറത്തുപറയാൻ പറ്റാത്ത ആവശ്യങ്ങൾക്ക് വിമാനം ഉപയോഗിക്കാനുള്ള നീക്കം, തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിമാനം ഉപയോഗിക്കാനുള്ള നീക്കത്തിന്‍റെ ഭാഗം. മൂന്നു സാധ്യതകളും ഒരുപോലെ പ്രസക്തമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പിന്നീടെപ്പോഴോ വിമാനം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത് തള്ളികളഞ്ഞു. . ഈ വിമാനത്തിന് എന്തുപറ്റിയെന്നുള്ളത് ഇന്നും അജ്ഞാതം. അബദ്ധത്തിൽ ടേക്കോഫ് ചെയ്തതാണെന്ന് ഒരു വാദമുണ്ട്. സംഭവം ഒരു വിമാന മോഷണമായിരുന്നന്നൊണു മറ്റൊരു സിദ്ധാന്തം. യന്ത്രത്തകരാർ മൂലം വിമാനം അറ്റ്‌ലാന്‌റിക് സമുദ്രത്തിലോ അംഗോളയിലെ നിബിഡവനങ്ങളിലെവിടെയോ തകർന്നു വീണിരിക്കാമെന്നാണു മറ്റൊരു സിദ്ധാന്തം. എന്നാൽ ഇതുവരെ തകർച്ചയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.യുദ്ധശേഷം പ്രക്ഷുബ്ദമായിരുന്നു അംഗോള അക്കാലയളവിൽ. റഡാർ സംവിധാനങ്ങളും അപര്യാപ്തം. അതിനാൽ തിരച്ചിൽ അത്ര ഫലപ്രദമായിരുന്നില്ല. അംഗോളയുടെ സൈന്യം കരയിലും വിമാനങ്ങളുപയോഗിച്ചും തിരച്ചിൽ ശക്തമായി നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. അമേരിക്കൻ സർക്കാരും എഫ്ബിഐയും നടത്തിയ തിരച്ചിലും വിഫലമായിരുന്നു. എന്തുപറ്റി ആ ബോയിങ് വിമാനത്തിന്?. ഇന്നും അതൊരു ദുരൂഹതയായി തുടരുന്നു

cp-webdesk

null