തിരുവനന്തപുരത്തിന്റെ രാജവീഥികളിലൂടെ ഉറക്കെ പാട്ടും പാടി തന്റെ സ്കൂട്ടറിൽ ചീറിപ്പാഞ്ഞു നടന്നിരുന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു , ചെറുപ്പം ചെറുപ്പകാലത്തു തന്നെ കളിച്ചു തീർത്ത അടിമുടി ആഘോഷമായിരുന്ന ഒരാൾ.
പേര് സൈമൺ മാത്യു..

അനുഗ്രഹീതനായ ഒരു ഗായകൻ, മികച്ച കായിക താരം.. മനോഹരമായ ശബ്ദത്തിന് ഉടമ. അസാധ്യ ഫുട്ബാൾ പ്ലയെർ. സംഗീതം കൊണ്ടും സ്പോർട്സ് കൊണ്ടും പെരുമാറ്റം കൊണ്ടും എല്ലാവരെയും അതിശയിപ്പിച്ചിരുന്ന ഒരാൾ. അറുപതുകളുടെ അവസാനത്തിലും 70കളുടെ തുടക്കത്തിലും തിരുവനന്തപുരത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കുന്ന കാലയളവിൽ കേരള സര്‍വകലാശാലയെയും കേരള സംസ്ഥാന ടീമിനെയും പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്. 1969ൽ മികച്ച ഫുട്ബോളർക്കുള്ള ഗോൾഡ് മെഡലും നേടി. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബിലെ അറിയപ്പെടുന്ന ടെന്നീസ് താരം കൂടിയായിരുന്നു അദ്ദേഹം. കൂട്ടുകാർക്കിടയിൽ എന്തിനും മുന്നിലുണ്ടാവുന്ന തന്റേടിയും പരോപകരിയുമായ ഒരു ചെറുപ്പക്കാരൻ.
എന്നാൽ 1971 നവംബര്‍ 28ന് 24ാം വയസ്സില്‍ കവഡിയാര്‍ വെള്ളയമ്പലം റോഡിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ അദ്ദേഹം മരിക്കുകയായിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സിലെ അദ്ദേഹത്തിന്‍റെ നാലാം ദിവസം, അന്ന് വൈകീട്ട് നടന്ന ഫുട്‌ബോള്‍ മാച്ചില്‍ ടൈറ്റാനിയത്തെ പ്രതിനിധീകരിച്ച് കളിച്ച് ശേഷമുള്ള മടക്കത്തിനിടെയായിരുന്നു അപകടം.
സൈമൺ മാത്യുവിനു നമുക്കറിയും.. എങ്ങനെ എന്നല്ലേ
വേണു നാഗവള്ളി ആദ്യമായി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘സുഖമോ ദേവി’. സിനിമയിൽ മോഹന്‍ലാൽ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തും ഓര്‍മ്മിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണ്. സണ്ണി എന്ന കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനായി വേണു നാഗവള്ളി കടമെടുത്തത് തന്റെ ഉറ്റ സുഹൃത്തായ സൈമൺ മാത്യുവിന്‍റെ ജീവിതമായിരുന്നു.
സിനിമയില്‍ സണ്ണിയുടെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു, ജീവിതത്തിൽ സൈമണ്‍ മാത്യുവിന്റെ നഷ്ടം അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ സംബന്ധിച്ചും അങ്ങനെ തന്നെയായിരുന്നു
സൈമണിനെ ദൈവം സൃഷ്ടിച്ച അതേ നിറക്കൂട്ടുകൾ കൊണ്ടാണ് സുഖമോ ദേവിയിൽ വേണു നാഗവള്ളിയും സണ്ണിയെയും സൃഷ്ടിച്ചത്. ലാലിനല്ലാതെ ആ കഥാപാത്രത്തെ ഒരു നടനും ഉൾക്കൊള്ളുവാനാകുമായിരുന്നില്ല. സൈമണിന്റെ എല്ലാ ഹീറോയിസവും ലാലിന്റെ സണ്ണിയിലുണ്ട്. ചാർമിനാർ വലിച്ച് കൂട്ടുകാരിയെ പിന്നിലിരുത്തി കോളജിന്റെ പോർട്ടിക്കോയിൽ ബൈക്കിൽ വന്നിറങ്ങുന്ന, പാലസ് റോഡിലൂടെ ഉച്ചത്തിൽ പാട്ടുപാടി വണ്ടിയോടിച്ചു പോകുന്ന സൈമണിന്റെ നേർപ്പകർപ്പാണു സണ്ണി.. പാടുന്നതും ഫുട്ബോൾ കളിക്കുന്നതും സിഗരറ്റിന്റെ ആഷ് തട്ടിക്കളയുന്നതുമെല്ലാം ലാൽ അതേപടി ഉൾക്കൊണ്ടു.






