Cinemapranthan

പച്ചയായ മാനുഷിക വികാരങ്ങൾ തുറന്നു കാട്ടിയ കിം കി ഡുക്

2005–ലെ ചലച്ചിത്രമേളയിലാണ് മലയാളികൾക്ക് കിം കി ഡുക്ക് പരിചിതമായി തുടങ്ങുന്നത്.

കിം കി ഡുക്ക്.. മലയാളികൾ നെഞ്ചോട് ചേർത്ത് നിർത്തിയ പേരാണ്. ചലച്ചിത്രമെന്ന വിസ്മയത്തിനു മുന്നിൽ കിം കി ഡുക് എന്ന പേര് വളരെയേറെ പ്രാധാന്യമുള്ളതാകുന്നു. 2005–ലെ ചലച്ചിത്രമേളയിലാണ് മലയാളികൾക്ക് കിം കി ഡുക്ക് പരിചിതമായി തുടങ്ങുന്നത്. ഒരു വിദേശ സംവിധായകന് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ഒരു പക്ഷേ കിം കി ഡുക്കിനാവും. മലയാളികളുടെ ആരാധനക്കും ആവേശത്തിനും മുൻപിൽ കിം കി ഡുക് അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.

പച്ചയായ ജീവിത യാഥാർഥ്യങ്ങൾ തുറന്ന് കാട്ടുകയും പ്രകൃതിക്കും മനുഷ്യബന്ധങ്ങൾക്കും പ്രാധാന്യം നൽകി സിനിമകൾ ചെയ്യുകയും ചെയ്ത കിം കി ഡുക് തന്റെ ചിത്രങ്ങളിൽ വയലൻസിന്റെയും, ലൈംഗികതയുടെയും അതിപ്രസരത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. എങ്കിലും കിം കി ഡുക്കിന്റെ ചിത്രങ്ങൾക്ക് എവിടെയും ആരാധകരായിരുന്നു. തിങ്ങി നിറഞ്ഞ സദസിൽ ആണ് കിംമിന്റെ ചിത്രങ്ങൾ എപ്പോഴും പ്രദർശിപ്പിക്കപ്പെടുക. ശാന്ത സ്വാഭാവിയായ കിം അങ്ങേയറ്റം ക്രൂരമായ വയലൻസും വന്യമായ ലൈംഗികതയും എങ്ങനെ കാണിക്കുന്നു എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ട്. രണ്ടു വിധത്തിലുള്ള മനുഷ്യരിൽ നമ്മൾ എപ്പോഴും കാണുന്നത് സമാധാനവും സന്തോഷവും മാത്രം നിറഞ്ഞ ശാന്തരായ മനുഷ്യരെയാണ്. എന്നാൽ അശാന്തരായ മനുഷ്യരുടെ ജീവിതങ്ങളിലൂടെയും മനസുകളിലൂടെയുമാണ് കിം കി ഡുക്കിന്റെ ചിത്രങ്ങൾ കൂടുതലും സഞ്ചരിക്കുന്നത്. ഭയവും വെറുപ്പും ഉളവാക്കുന്ന ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ സിനിമകളിൽ പലപ്പോഴും സംഭാക്ഷണം പോലുമില്ലായിരുന്നു. പശ്ചാത്തല ശബ്ദങ്ങളിൽ ദൃശ്യങ്ങൾ കഥ പറയുന്നു.. വാക്കുകൾ പോലുമില്ലാതെ പ്രേക്ഷകരുമായി സംവദിക്കാൻ കിം കി ഡുക്കിന്റെ ചിത്രങ്ങൾക്കാകുന്നു.

കിം കി ഡുക്കിന്റെ എല്ലാ സിനിമകളിലും വയലൻസ് ഇല്ല. എന്നാൽ ബുദ്ധ ദർശനങ്ങളിൽ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ആത്മീയതയുടെ ഒരു അംശം ചേർക്കാറുണ്ട്. അതിക്രൂരമായ ഹിംസ നിറഞ്ഞ ചിത്രങ്ങളിൽ ആത്മീയത കൂടി കലർത്തുന്നത് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്നു. എന്നാൽ മനോഹരമായ ഫ്രെയ്മ്കളിൽ ആവിഷ്കരിച്ച, ഹിംസ പാത്രമാകാത്ത ചിത്രങ്ങളും ഉണ്ടായിരുന്നു. 2003 ൽ ഇറങ്ങിയ സ്പ്രിങ്, സമ്മർ,ഫാൾ,വിന്റർ ആൻഡ് സ്പ്രിങ് ആണു ഡുക്കിന്റെ ഏറ്റവും പ്രസിദ്ധമായ സിനിമ. ബൗദ്ധിക അന്തരീക്ഷത്തിൽ ആവിഷ്കരിക്കപ്പെടുന്ന ചിത്രം കിം കി ഡുക്കിന്റെ അതുല്യ സൃഷ്ടികളിൽ ഏറ്റവും മുന്നിലാണ്. 2006 ൽ ഇറങ്ങിയ ടൈമിൽ മുഖം മാറ്റിവയ്ക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ആവിഷ്കരിക്കുന്നത്. പഴയ മുഖം മാറ്റി പുതിയത് വെച്ചാലും എവിടെയോ ആ പഴയ മുഖം ബാക്കി നിൽപ്പില്ലേ? എന്ന കൗതുകം ഉണർത്തുന്ന ചിത്രമാണ് ടൈം. ഇരു കൊറിയകൾ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ”ദ നെറ്റ്” ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. തന്റെ നാടായ സൗത്ത് കൊറിയയെ കുറിച്ച് കിം ചെയ്ത ചിത്രമാണ് ‘വൺ ഓൺ വൺ’.
അധോലോകത്തിന്റെ കാണാപ്പുറങ്ങൾ കാണിച്ച ചിത്രമായിരുന്നു ‘ബാഡ് ഗയ്‌’. 2013ലെ ‘മോബിയാസ്’ ചലച്ചിത്ര വേദിയിൽ ഉണ്ടാക്കിയ സ്വാധീനം ചെറുതൊന്നുമല്ല. ‘മോബിയാസ്’ കണ്ട് അലറി വിളിച്ചും ബോധം കെട്ടും സദസ് വിട്ടു പോവുകയും ചെയ്ത പ്രേക്ഷകർക്ക് ആ ചിത്രം നൽകിയത് അവശ്വസീനയമായ ഒരു അനുഭവം ആയിരുന്നു.

കാൻ, വെനിസ്, ബെർലിൻ എന്നീ മൂന്നു ചലച്ചിത്രമേളകളിലും പുരസ്കാരം നേടിയ ഒരേയൊരു ദക്ഷിണ കൊറിയൻ സംവിധായകനാണു കിം കി ഡുക്. കിം കി ഡുക്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ കിം കി ഡുക്കിന്റെ സിനിമകൾ ആരവത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. 1990 മുതൽ ’93 വരെ അദ്ദേഹം പാരീസിൽ ഫൈൻ ആർട്സ് പഠനം നടത്തി. അതിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ അദ്ദേഹം തിരക്കഥാരചയിതാവായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചു.

1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി. തൊട്ടടുത്ത വർഷം ക്രോക്കോഡിൽ എന്ന കന്നിച്ചിത്രം കുറഞ്ഞ ചെലവിൽ അദ്ദേഹം പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ലഭിച്ചു.

പൗരസ്ത്യ സംസ്‌ക്കാരത്തിന്റെ അടിസ്ഥാനമായി, പാശ്ചാത്യരാല്‍ ആരോപിക്കപ്പെട്ടിട്ടുള്ള ആത്മീയതയുടെ ഭാരക്കെട്ടിനെ അഴിച്ചുവെക്കുന്നതിനു വേണ്ടി കിം കി ഡുക്ക്, കുറ്റം, അസാന്മാര്‍ഗികത, പശ്ചാത്താപവും ശിക്ഷയും എന്നീ അടിസ്ഥാന ആശയങ്ങളെ കുഴച്ചുമറിക്കുകയാണ് ചെയ്യുന്നത്. നിങ്ങളുടെ നിയമസംഹിതകള്‍, നിങ്ങളുടെ സാംസ്‌ക്കാരിക രക്ഷാകര്‍തൃത്വങ്ങള്‍, നിങ്ങളുടെ മനുഷ്യാഖ്യാനങ്ങള്‍, നിങ്ങളുടെ ലാവണ്യബോധങ്ങള്‍ എല്ലാം ഞങ്ങള്‍ നിരാകരിക്കുന്നു എന്ന കിഴക്കിന്റെ പ്രതിഷേധമാണ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ കവിഞ്ഞൊഴുകുന്നത്.

cp-webdesk