Cinemapranthan
null

പി. ബാലചന്ദ്രൻ വിടപറഞ്ഞിട്ട് മൂന്ന് വർഷം

null

തിരക്കഥാകൃത്തും നടനും സംവിധായകനുമായ പി ബാലചന്ദ്രൻ വിടപറഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു. പവിത്രവും ഉള്ളടക്കവും കമ്മട്ടിപ്പാടവും അടക്കം മികച്ച സിനിമകൾ മലയാളികൾക്ക് തന്ന അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടവും തന്നെ ആണ്.

പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി 1952 ഫെബ്രുവരി 2 ആം തിയതി കൊല്ലത്തുള്ള ശാസ്താംകോട്ടയിലാണ് പി ബാലചന്ദ്രൻ ജനിച്ചത്. ചെറുപ്പം മുതൽ കലാരംഗത്ത് താല്പര്യം കാണിച്ച ബാലചന്ദ്രൻ 1972 ലെ പഠനകാലത്ത് മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തിൽ ‘താമസി’ എന്ന നാടകത്തിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരള സർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് സംവിധാനകലയിൽ ബിരുദവുമെടുത്തു.

എംജി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേർസിൽ ലക്ചറർ ആയി തുടക്കം കുറിച്ച ഇദ്ദേഹം കുറച്ചു കാലം സ്കൂൾ ഓഫ് ഡ്രാമയിൽ അദ്ധ്യാപകൻ ആയിരുന്നു. ആ സമയം അവിടെയുള്ള റെപെർടറി തിയേറ്റർ ആയ ‘കൾട്’ൽ പ്രവർത്തിച്ചു.
കുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാൻ, മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം ഏകാകി, ലഗോ, തീയറ്റർ തെറാപ്പി, ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

നാടകത്തിൽ നിന്നും പതിയെ സിനിമയിലേക്ക് എത്തിയ അദ്ദേഹം ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം ,തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം,പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി. അവസാനമായി തിരക്കഥയെഴുതിയ ചിത്രം 2019 ൽ ഇറങ്ങിയ എടക്കാട് ബറ്റാലിയനായിരുന്നു. അതിനൊപ്പം തന്നെ അഭിനയത്തിലും പ്രാവീണ്യം തെളിയിച്ച അദ്ദേഹത്തെ തേടി നിരവധി വേഷങ്ങളും എത്തി.. വക്കാലത്ത് നാരായണൻ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമർമ്മരം, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ കടൽ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം ഇമ്മാനുവൽ, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇദ്ദേഹം അവസാനം അഭിനയിച്ചത് മമ്മുട്ടി നായകനായി അടുത്തിടെ ഇറങ്ങിയ ‘വൺ’ എന്ന സിനിമയിലായിരുന്നു.

ഇദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിന് 2012 ൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ്, കേരള സംഗീതനാടക അക്കാദമി അവാർഡ് എന്നിങ്ങിനെയുള്ള മറ്റു പ്രധാന പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടി എത്തിയീട്ടുണ്ട്.

cp-webdesk

null
null